‘കണ്ടാലും കണ്ടാലും മതിവരാത്ത സീനുകള്‍, അര്‍ജുന്‍ എന്ന നായയെ താരംഗമാക്കിയ സിനിമ’; സിഐഡി മൂസ സിനിമയെക്കുറിച്ച് കുറിപ്പ്
1 min read

‘കണ്ടാലും കണ്ടാലും മതിവരാത്ത സീനുകള്‍, അര്‍ജുന്‍ എന്ന നായയെ താരംഗമാക്കിയ സിനിമ’; സിഐഡി മൂസ സിനിമയെക്കുറിച്ച് കുറിപ്പ്

ലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ജനപ്രിയ നായകന്‍ ദിലീപ് നായകനായെത്തിയ സിഐഡി മൂസ. 2003ല്‍ ജോണി ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്. സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി. ഭാവന നായികയായി എത്തിയ ചിത്രത്തില്‍ ആശിഷ് വിദ്യാര്‍ത്ഥി, മുരളി, അര്‍ജുന്‍ റെക്സ്, ശരത് സക്സേന, ക്യാപ്റ്റന്‍ രാജു, അബു സലീം, വിജയരാഘവന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സുകുമാരി, ഇന്ദ്രന്‍സ് തുടങ്ങി നിരവധി താരങ്ങളായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മൂലംകുഴിയില്‍ സഹദേവന്‍ അഥവാ സിഐഡി മൂസയായി ദിലീപ് എത്തിയ ചിത്രത്തില്‍ അര്‍ജുന്‍ എന്ന നായയും പ്രധാന കഥാപാത്രമായിരുന്നു. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ദിലീപ് ചിത്രത്തിന് ലഭിക്കാറുളളത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ അജയ് പള്ളിക്കര പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒരു പാട്ട് പോലും മോശം പറയാനില്ലാതെ നമുക്ക് തന്നുവെന്നും കണ്ടാലും കണ്ടാലും മതിവരാത്ത സീനുകളും അങ്ങനെ ഒരുപാട് ഒരുപാട് വിശേഷണങ്ങള്‍ ഇന്നും പറയാനുണ്ടാകും ഈ സിനിമയെ പറ്റിയെന്നും കുറിപ്പില്‍ പറയുന്നു.

‘ബാംഗ്ലൂര്‍ വീഥിയിലൂടെ നടന്ന് നീങ്ങിയപ്പോള്‍ ഒരു ബില്‍ഡിങ്ങില്‍ ഒരു പേര് കണ്ടു. ‘CASA DI MODA’ പേര് കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് CID MOOSA എന്ന സിനിമയുടെ പേരും ആ പേര് ഇടുന്ന സന്ദര്‍ഭത്തെ കോമഡികളുമാണ്. 2003 ല്‍ റിലീസ് ചെയ്ത ഒരു സിനിമ. ഇന്നും ആ സിനിമയും സിനിമയിലെ രംഗങ്ങളും പ്രിയപ്പെട്ടത് തന്നെയാണ്. ടിവിയില്‍ എപ്പോള്‍ വന്നാലും മടുപ്പില്ലാതെ കാണാവുന്ന കണ്ട് ചിരിക്കാവുന്ന ഒരു സിനിമ. ജോണി ആന്റണിയുടെ സംവിധാനം,ഉദയകൃഷ്ണന്റെ സ്‌ക്രീന്‍പ്ലേ,കലാസംഘം ഫിലിംസ് നമുക്ക് മുന്നില്‍ എത്തിച്ച ചിരിച്ചു ചിരിച്ചു ഊപ്പാട് വരെ വരാന്‍ സാധ്യതയുള്ള സിനിമ. ആ വര്‍ഷം തന്നെ ബെസ്റ്റ് കോസ്റ്റിയൂം ഡിസൈനര്‍, ആര്‍ട്ട് ഡയറക്ടര്‍, ബെസ്റ്റ് എഡിറ്റര്‍ എന്നീ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സിനിമ.

നിരവധി നടി നടന്‍മാര്‍ ഒരു മടിയും കൂടാതെ പല സീനുകളും നമ്മള്‍ പ്രേക്ഷകര്‍ക്ക് വേണ്ടി മറ്റൊന്നും നോക്കാതെ അഭിനയിച്ചു തകര്‍ക്കുകയും, അവരുടെ കഥാപാത്രങ്ങള്‍ നമ്മളിലേക്ക് എത്താനും, ഓരോ കോമഡികളും, ഓരോ സീനുകളും മനസ്സില്‍ നിന്നും പോകാത്ത വിധം കാഴ്ച്ച വെക്കാനും അതെ പോലെ എടുക്കാനും കഴിഞ്ഞ സിനിമ. വിദ്യാസാഗറിന്റെ മ്യൂസിക്ക് സിനിമക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ഒരു പാട്ട് പോലും മോശം പറയാനില്ലാതെ നമുക്ക് തന്നു, പാടി നടന്ന ഒരുപാട് പാട്ടുകള്‍, കണ്ടാലും കണ്ടാലും മതിവരാത്ത സീനുകള്‍, അര്‍ജുന്‍ എന്ന നായയെ താരംഗമാക്കിയ സിനിമ, അങ്ങനെ ഒരുപാട് ഒരുപാട് വിശേഷണങ്ങള്‍ ഇന്നും പറയാനുണ്ടാകും ഈ സിനിമയെ പറ്റി.’