Upcoming Releases

റെക്കോര്‍ഡുകള്‍ തിരുത്തി കുറിക്കാന്‍ ദുല്‍ഖറിന്റെ വമ്പന്‍ റിലീസുകള്‍! ; ആകാംഷയോടെ ആരാധകര്‍

മലയാളത്തിലെ യുവ താരമാണ് ദുല്‍ഖുര്‍ സല്‍മാന്‍. അതിലുപരി മലയാള സിനിമയിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ കൂടിയാണ് ദുല്‍ഖര്‍. മമ്മൂട്ടിയോടുള്ള സ്‌നേഹം തന്നെയാണ് മമ്മൂട്ടിയുടെ മകനും ആരാധകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ ഇക്ക എന്നും ദുല്‍ഖറിനെ കുഞ്ഞിക്ക എന്നുമാണ് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്നത്. സെക്കന്റ് ഷോ എന്ന സിനിമയിലൂടെയാണ് ദുല്‍ഖര്‍ ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്. ഉസ്താദ് ഹോട്ടല്‍ ആണ് ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രം. പിന്നീട് രൂപേഷ് പീതാംബരന്‍ സംവിധാനം ചെയത് തീവ്രം എന്ന ചിത്രത്തില്‍ അഭിനയിച്ചു. തുടര്‍ന്നങ്ങോട്ട് നിരവധി സിനിമകളില്‍ അഭിനയിക്കുകയും, മലയാളത്തില്‍ കുറേ നല്ല നല്ല ഹിറ്റ് സിനിമകള്‍ സമ്മാനിക്കുകയും ചെയ്തു.

എബിസിഡി, 5 സുന്ദരികള്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, പട്ടം പോലെ സലാല മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനികരം, ബാംഗ്ലൂര്‍ ഡെയ്സ്, കൂതറ, വിക്രമാദിത്യന്‍, മംഗ്ലീഷ്, ഞാന്‍, ചാര്‍ലി, കമ്മട്ടിപ്പാടം, പറവ, മഹാനടി തുടങ്ങി നിരവധി ചിത്രങ്ങളിലാണ് ദുല്‍ഖര്‍ അഭിനയിച്ചത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സിനും, ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യനും മികച്ച പ്രേക്ഷക പ്രതികരണമാണ് കിട്ടിയിരുന്നത്. ഈ രണ്ടു ചിത്രങ്ങളും തിയേറ്ററുകളില്‍ വന്‍ ഹിറ്റാവുകയും, നല്ല വിജയം കൈവരിക്കുകയും ചെയ്തു. ചാര്‍ലി എന്ന ചിത്രത്തിലെ ദുല്‍ഖറിന്റെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. കൂടാതെ, കമ്മട്ടിപ്പാടം, പറവ, മഹാനടി, എന്നീ ചിത്രങ്ങള്‍ ദുല്‍ഖര്‍ സല്‍മാന്റെ അഭിനയ ജീവിതത്തിലെ മികച്ച സിനിമകളില്‍ ഒന്നാണ്. ‘ഓ കാതല്‍ കണ്മണി ‘ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നു. അങ്ങനെ ദുല്‍ഖറിന്റെ നിരവധി ചിത്രങ്ങളാണ് വമ്പന്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയത്. സിനിമയില്‍ എത്തി കുറഞ്ഞ കാലം കൊണ്ട് തന്നെ വളരെ അതികം ആരാധകരെ ഉണ്ടാക്കി എടുത്ത ഒരു നടനാണ് ദുല്‍ഖര്‍.

ഇപ്പോഴിതാ, കുഞ്ഞിക്കയുടെ പുതിയ സിനിമകളുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ചിത്രങ്ങള്‍ അല്ലാതെ വേറെ ഒരു ചിത്രവും ഉണ്ടായില്ല. അതേസമയം, മലയാളത്തില്‍ നിരവധി സംവിധായകരുടെ ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാവുന്നു എന്ന വാര്‍ത്തകളും ഈ വൈറലാവുകയാണ്. മലയാളത്തില്‍ അന്‍വര്‍ റഷീദ്, അമല്‍ നീരദ്, ബേസില്‍ ജോസഫ്, സമീര്‍ താഹിര്‍, രാജീവ് രവി തുടങ്ങിയവരുടെ ചിത്രവും, തമിഴില്‍ ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രവും, ഒരു ബിഗ് ബജറ്റ് തെലുങ്ക് ചിത്രവും തുടങ്ങിയവയാണ് പ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന ദുല്‍ഖറിന്റെ പുതിയ പ്രൊജക്ടുകള്‍. അതേസമയം, സീതാരാമം, ചുപ് തുടങ്ങിവയാണ് ചിത്രീകരണം പൂര്‍ത്തിയായ ദുല്‍ഖര്‍ ചിത്രങ്ങള്‍.