95 ദിവസത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി ദുല്‍ഖര്‍ സല്‍മാന്‍ ; “കിംഗ് ഓഫ് കൊത്ത” ഉടന്‍ തിയേറ്ററുകളിലേക്ക്
1 min read

95 ദിവസത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി ദുല്‍ഖര്‍ സല്‍മാന്‍ ; “കിംഗ് ഓഫ് കൊത്ത” ഉടന്‍ തിയേറ്ററുകളിലേക്ക്

ഭാഷാഭേദമന്യേ വിജയത്തിളക്കത്തില്‍ നില്‍ക്കുകയാണ് ദുല്‍ഖര്‍. തെലുങ്കില്‍ ‘സീതാ രാമ’വും ബോളിവുഡില്‍ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റും’ ദുല്‍ഖറിന് നേടിക്കൊടുത്ത ആരവങ്ങള്‍ മറ്റൊരു മലയാള താരത്തിനും കിട്ടാത്ത ഒന്നാണ്. ഇതിനെല്ലാം ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ എത്തുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. പ്രഖ്യാപനം മുതല്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ദുല്‍ഖര്‍ നായകനാകുന്ന ആക്ഷന്‍ ത്രില്ലറിന്റെ സംവിധാനം. ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഈ വര്‍ഷത്തെ ഓണം റിലീസ് ആയാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ ചിത്രീകരണം ഇന്ന് പൂര്‍ത്തിയായി.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി അണിയറക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു പാക്കപ്പ് വീഡിയോയിലൂടെയാണ് അവര്‍ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. കഥാപാത്രത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു ഡയലോഗും ദുല്‍ഖര്‍ വീഡിയോയില്‍ പറയുന്നുണ്ട്. തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ എന്നാണ് അത്. 95 ദിവസം നീണ്ട ചിത്രീകരണം തമിഴ്‌നാട്ടിലെ കരൈക്കുടിയിലാണ് അവസാനിച്ചിരിക്കുന്നത്. ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി എത്തും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിര്‍മിക്കുന്നത് വെഫേറര്‍ ഫിലിംസം സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ദുല്‍ഖറിനൊപ്പം വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി രാജശേഖറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിമീഷ് രവിയാണ്. സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, മേക്കപ്പ് റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. കിംഗ് ഓഫ് കൊത്തയില്‍ സംഗീതം ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ നിര്‍വഹിക്കുന്നു.