വിജയിയുടെ ‘തെരി’ റീമേക്ക് ചെയ്യാന്‍ പവന്‍ കല്യാണ്‍; വേണ്ടെന്ന് ആരാധകര്‍
1 min read

വിജയിയുടെ ‘തെരി’ റീമേക്ക് ചെയ്യാന്‍ പവന്‍ കല്യാണ്‍; വേണ്ടെന്ന് ആരാധകര്‍

അറ്റ്ലിയുടെ സംവിധാനത്തില്‍ വിജയ് നായകനായ തമിഴ് ചിത്രമാണ് തെരി. തെരിയുടെ റീമേക്ക് തെലുങ്കില്‍ വരികയാണെന്നും, തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണ്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നതെന്നും അറിഞ്ഞ് ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടന്റെ ആരാധകര്‍. പവന്‍ കല്യാണിന്റെ പുതിയ സിനിമ തെരിയുടെ റീമേക്കാണെന്ന് അഭ്യൂഹങ്ങള്‍ വന്നതോടെയാണ് ആരാധകര്‍ ഇത്തരത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയത്.

റീമേക്ക് ചിത്രങ്ങളല്ല, ഞങ്ങള്‍ക്ക് ഒറിജിനല്‍ സിനിമയാണ് വേണ്ടതെന്നാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ഹരീഷ് ശങ്കര്‍ തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചന ട്വിറ്ററിലൂടെ പങ്കുവെച്ചത്.

നടന്‍ ബ്രഹ്മാനന്ദം അഭിനയിച്ച ഒരു തെലുങ്ക് ചിത്രത്തിന്റെ രംഗം അദ്ദേഹം ട്വീറ്റ് ചെയ്തു. സ്ലോ മോഷനില്‍ നടക്കുന്ന നടന്റെ പിന്നിലായി ഒരു സംഘം ആളുകള്‍ പോലീസ് വേഷത്തിലുള്ള പവന്‍ കല്യാണിന്റെ കൂറ്റന്‍ കട്ടൗട്ടും വഹിച്ചുകൊണ്ട് വരുന്നതാണ് വീഡിയോ. ‘വലിയ ഒരു അതിശയം പിന്നാലെ വരുന്നുണ്ട്’ എന്നും സംവിധായകന്‍ വീഡിയോക്ക് താഴെ കുറിച്ചു. ഇതിന് പിന്നാലെയാണ് പവന്‍ കല്യാണിന്റെ അടുത്ത സിനിമയില്‍ അദ്ദേഹം പോലീസ് വേഷത്തിലാണെന്നും, തെരി സിനിമയുടെ റീമേക്ക് ആണെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്.

ഉടന്‍ തന്നെ ഈ വാര്‍ത്ത ആരാധകര്‍ ഏറ്റെടുക്കുകയും, പ്രതിഷേധവുമായി വരികയും ചെയ്തു. തെരിയുടെ റീമേക്കാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ തങ്ങള്‍ക്ക് ആ സിനിമ വേണ്ടായെന്നാണ് പവന്‍ കല്യാണിനോട് ആരാധകര്‍ പറഞ്ഞത്. കൂടാതെ, അങ്ങനെ റീമേക്ക് ചെയ്യാനാണ് ഉദ്ദേശമെങ്കില്‍ ആത്മഹത്യ ചെയ്തുകളയുമെന്ന് സംവിധായകന് ആരാധകര്‍ കത്തെഴുതുകയും ചെയ്തു. അതേസമയം, ‘വീ ഡോണ്ട് വാണ്ട് തെരി റീമേക്ക്’ എന്ന ഹാഷ്ടാഗിലാണ് ആരാധകര്‍ ട്വിറ്ററില്‍ പ്രതിഷേധിക്കുന്നത്.