‘തന്നെ കുറിച്ചുള്ള സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് പ്രാധാന്യം കൊടുക്കാറില്ല’ ; മോഹൻലാൽ പറയുന്നു
1 min read

‘തന്നെ കുറിച്ചുള്ള സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് പ്രാധാന്യം കൊടുക്കാറില്ല’ ; മോഹൻലാൽ പറയുന്നു

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന വിശേഷങ്ങളും, താരത്തെ സംബന്ധിക്കുന്ന വാർത്തകളും, ഇന്റെർവ്യൂകളെല്ലാം നിമിഷ നേരം കൊണ്ട് പ്രേക്ഷക ശ്രദ്ധയാകർഷിക്കാറുമുണ്ട്. അൽപ്പം വായനയും, എഴുത്തും, യാത്രകളുമെല്ലാം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ് മോഹൻലാൽ. അദ്ദേഹത്തിൻ്റെ ബ്ലോഗുകളെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്. ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ വെച്ച് അദ്ദേഹത്തോട് ബ്ലോഗുകൾ മുന്നേ പ്ലാൻ ചെയ്താണോ താങ്കൾ എഴുതാറുള്ളത് എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ഒരിക്കലുമല്ല. അങ്ങനെ പ്ലാൻഡ് ആയി എഴുതാറില്ല. മിക്ക ദിവസങ്ങളും ഇരുപത്തയൊന്നാം തിയതിയാണ് താൻ ബ്ലോഗുകൾ എഴുതാറുള്ളതെന്നും, അത് തൻ്റെ ജന്മതിയതി ആയതുകൊണ്ടാണെന്നും, വിഷയങ്ങൾ പ്ലാൻഡ് അല്ല എന്നുമായിരുന്നു അദ്ദേഹം നൽകിയ മറുപടി.

സിനിമകളെക്കുറിച്ചും എന്തെങ്കിലും സംഭവങ്ങളെക്കുറിച്ചുമാണ് താൻ ബ്ലോഗുകൾ എഴുതാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൻ്റെ ജീവിതത്തിലെ വ്യായാമ ക്രമങ്ങളെക്കുറിച്ചും ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിനെക്കുറിച്ചുമുള്ള അവതാരകയുടെ പിന്നീടുള്ള ചോദ്യത്തിനോട് മോഹൻലാലിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഒരു കാലത്ത് നമ്മുക്ക് അതിനൊന്നുമുള്ള സംവിധാനങ്ങൾ ഇല്ലായിരുന്നെന്നും, ഇന്ന് അവ സാധിക്കുന്നതുകൊണ്ട് അത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താറുണ്ടെന്നുമായിരുന്നു. അതൊരു ശീലമായി മാറിയെന്നായിരുന്നു താരത്തിൻ്റെ പ്രതികരണം.

സമൂഹമാധ്യമങ്ങളെക്കുറിച്ചും, അതിൽ വരുന്ന കമെന്റുകളെയുമെല്ലാം ഏങ്ങനെ നോക്കി കാണുന്നു എന്ന ചോദ്യത്തിന് താരം പറഞ്ഞത് ഇങ്ങനെ : അത്തരം കാര്യങ്ങളെയൊന്നും താൻ വലിയ ഗൗരവത്തോടെ നോക്കി കാണാറില്ലെന്നും, അവയൊന്നും താൻ മനസിലേയ്ക്ക് എടുക്കാറില്ലെന്നും, ഓരോരുത്തരും പറയുന്നത് അവരുടെ അഭിപ്രായങ്ങളാണ്. വിമർശിക്കുന്നവർ വിമർശിക്കട്ടെയെന്നും തെറ്റ് ചെയ്യുന്നവരും പറയുന്നവരും അത് സ്വയം വിലയിരുത്തേട്ടേയെന്നും നല്ല കാര്യങ്ങൾക്ക് വേണ്ടിയുള്ള പ്ലാറ്റ്ഫോം ആയിട്ടാണ് താൻ സോഷ്യൽ മീഡിയയെ നോക്കി കാണുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഇത്തരം പ്ലാറ്റ്ഫോമുകൾ മോശമായി ഉപയോഗിക്കുന്നവരോട് ഒരു സിംമ്പതി മാത്രമേയുള്ളുയെന്നായിരുന്നു പ്രതികരണം.

തെലുങ്ക് പോലുള്ള അന്യഭാഷ ചിത്രങ്ങളിലേയ്ക്കുള്ള താരത്തിൻ്റെ പ്രവേശനം എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് മുൻപും അഭിനയിച്ച കുറേ യോദ്ധ പോലുള്ള സിനിമകൾ തെലുങ്കിലേയ്ക്ക് ഡബ്ബ് ചെയ്തിട്ടുണ്ടെന്നും, സിനിമകൾ കണ്ട് ഇഷ്ടപ്പെട്ട് അഭിനയിക്കുന്നതിനായി അവർ തന്നെ സമീപിക്കുകയായിരുന്നു എന്നായിരുന്നു താരം മറുപടി നൽകിയത്. അവയെല്ലാം വളരെ മികച്ച അനുഭവങ്ങൾ ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.