”മോഹന്‍ലാല്‍ ചിത്രം ‘മോണ്‍സ്റ്റര്‍’ സോംബി ചിത്രമല്ല, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാത്തതിന് കാരണമുണ്ട് ”; വൈശാഖ് വെളിപ്പെടുത്തുന്നു
1 min read

”മോഹന്‍ലാല്‍ ചിത്രം ‘മോണ്‍സ്റ്റര്‍’ സോംബി ചിത്രമല്ല, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാത്തതിന് കാരണമുണ്ട് ”; വൈശാഖ് വെളിപ്പെടുത്തുന്നു

പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍. പ്രഖ്യാപനസമയം മുതലേ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെതായി കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ അതിനുള്ള കാരണവും ചിത്രം റിലീസ് ചെയ്യുന്നതിനുള്ള കാരണവും വിശദീകരിച്ചിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്. കോഴിക്കോട് നടന്ന ഒറു പരിപാടിയില്‍ സംസാരിക്കവെയാണ് വൈശാഖ് മോണ്‍സ്റ്റര്‍ എന്ന ചിത്രത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ വിശദീകരിച്ചത്.

മറ്റ് സിനിമകളെ അപേക്ഷിച്ച് മോണ്‍സ്റ്ററിന് വിപുലമായ പോസ്റ്റ് പ്രൊഡക്ഷന്‍ ആവശ്യമായിരുന്നുവെന്നും അതിന് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നുവെന്നും വൈശാഖ് പറയുന്നു. അത് റിലീസ് വൈകുന്നതിന് ഒരു കാരണമാണെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ വര്‍ഷം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും മറ്റുമായി ഒമ്പത് മാസം കഴിഞ്ഞു. സെപ്റ്റംബര്‍ 30ന് ചിത്രം റിലീസിന് ഒരുങ്ങുകയാണെന്നും മോണ്‍സ്റ്റര്‍ മലയാളത്തില്‍ നിന്നുള്ള സോംബി സിനിമയായിരിക്കും എന്ന അഭ്യൂഹങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ഒരു ത്രില്ലര്‍ ആയിരിക്കും സിനിമയെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയുകയെന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു.

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന മോണ്‍സ്റ്റര്‍. അവരുടെ പ്രതീക്ഷകള്‍ സിനിമയുടെ മേക്കിംഗിനെയോ അതിന്റെ കഥയെയോ ബാധിക്കരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാത്തതിന്റെ കാരണങ്ങളിലൊന്നും അതാണെന്നും വൈശാഖ് വ്യക്തമാക്കി. ഉദയ്കൃഷ്ണയാണ് മോണ്‍സ്റ്ററിന് തിരക്കഥയൊരുക്കുന്നത്. പുലിമുരുകന്റെയും തിരക്കഥ ഉദയ്കൃഷ്ണയുടേതായിരുന്നു. തെലുങ്ക് നടന്‍ മോഹന്‍ബാബുവിന്റെ മകള്‍ ലക്ഷ്മി മഞ്ജുവാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത്.

ലക്കിസിങ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പാണ്. ജീത്തു ജോസഫിന്റെ ചിത്രമായ ‘റാമി’ല്‍ ആണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.