ആ ബ്ലോക്ക് ബസ്റ്റർ സിനിമ സൃഷ്ടിച്ചത് മമ്മൂട്ടിക്ക് വേണ്ടി മാത്രം; സിദ്ദിഖ് വെളിപ്പെടുത്തുന്നു
1 min read

ആ ബ്ലോക്ക് ബസ്റ്റർ സിനിമ സൃഷ്ടിച്ചത് മമ്മൂട്ടിക്ക് വേണ്ടി മാത്രം; സിദ്ദിഖ് വെളിപ്പെടുത്തുന്നു

1996 – ൽ മമ്മൂട്ടി നായകനായി എത്തിയ സിനിമയാണ് ‘ഹിറ്റ്ലർ’. സിദ്ദിഖ് തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഹിറ്റ്ലർ. മമ്മൂട്ടിയെ തന്നെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത മറ്റൊരു ചിത്രമാണ് ‘ക്രോണിക് ബാച്ചിലർ’. 2003 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രത്തിന്റെയും രചന ഇദ്ദേഹം തന്നെയാണെന്ന് നിർവഹിച്ചത്. സംവിധായകൻ കൂടിയായ ഫാസിലായിരുന്നു ക്രോണിക് ബാച്ചിലർ നിർമ്മിച്ചത്. ഈ രണ്ടു സിനിമകളിലും മമ്മൂട്ടി വ്യത്യസ്തമായ രണ്ട് ഏട്ടൻ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ഹിറ്റ്ലർ എന്ന സിനിമയിൽ മാധവൻകുട്ടി എന്ന കഥാപാത്രം ആയിരുന്നു മമ്മൂട്ടിയുടേത്. കർക്കശക്കാരനായ മാധവൻകുട്ടിയെ പ്രദേശത്തെ ചെറുപ്പക്കാരെല്ലാം ‘ഹിറ്റ്ലർ’ എന്ന ഇരട്ടപ്പേര് ഇട്ടാണ് വിളിച്ചിരുന്നത്. ഈ കഥാപാത്രത്തിന് നേർവിപരീതമാണ് ക്രോണിക് ബാച്ചിലറിലെ ഏട്ടൻ. എസ് പി എന്ന ശാന്തനായ ഏട്ടൻ കഥാപാത്രമായാണ് ഈ സിനിമയിൽ മമ്മൂട്ടി എത്തിയത്.

ഇപ്പോഴിതാ ഈ രണ്ടു സിനിമകളുടെയും സൃഷ്ടാവ് സിദ്ദിഖ് പറഞ്ഞ വാക്കുകളാണ് മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിൽ പഴയകാല സിനിമ ഓർമ്മകൾ പങ്കുവെക്കുകയാണ് ഇദ്ദേഹം. രണ്ട് വ്യത്യസ്തമായ ഏട്ടൻ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയതിനെക്കുറിച്ചും ക്രോണിക് ബാച്ചിലറിലെ എസ് പി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതിനെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം. മമ്മൂട്ടി എന്ന മഹാനടനെ ഫിക്സ് ചെയ്ത ശേഷമാണ് ക്രോണിക് ബാച്ചിലറിന്റെ കഥ സിദ്ദിഖ് ഉണ്ടാക്കുന്നത്. ഒരു കഥ ഉണ്ടാക്കിയശേഷം മമ്മൂട്ടി എന്ന് ആർട്ടിസ്റ്റിനെ കണ്ടെത്തിയതല്ല എന്നും മമ്മൂട്ടി എന്ന നടനു വേണ്ടി കഥയുണ്ടാക്കുകയായിരുന്നു എന്നും സിദ്ദിഖ് വ്യക്തമാക്കുന്നു. ആ കാലഘട്ടങ്ങളിൽ മമ്മൂട്ടി ചെയ്യുന്ന സിനിമകളിലെ കഥകളിൽ നിന്നും വ്യത്യസ്തമായ കഥ വേണം എന്നതിലുപരി മമ്മൂട്ടിയുടെ പ്രേക്ഷകർ അദ്ദേഹത്തിന് നിന്നും കാണാൻ ആഗ്രഹിക്കുന്ന ഒരു കഥാപാത്രം ആയിരിക്കണം എന്നായിരുന്നു സിദ്ദീഖ് ആഗ്രഹിച്ചത്.

മമ്മൂട്ടിയെ ഏട്ടനായി കാണാനാണ് മലയാള പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടം. അതുകൊണ്ടാണ് സിദ്ദിഖ് ഹിറ്റ്ലറിലും ക്രോണിക് ബാച്ചിലറിലും രണ്ട് വ്യത്യസ്തങ്ങളായ ഏട്ടൻ കഥാപാത്രങ്ങളെ കൊണ്ടുവന്നത്. ഹിറ്റ്ലറിൽ ഒരു ചൂടനായ ഏട്ടൻ ആണെങ്കിൽ ക്രോണിക് ബാച്ചിലറിൽ അതിന് വിപരീതമായ ഒരു ഏട്ടനായാണ് മമ്മൂട്ടി എത്തിയത്. “എപ്പോഴും കഥയും കഥാപാത്രങ്ങളും ഉണ്ടാകുമ്പോൾ നമ്മുടേതായ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അതിൽ വരും. നമ്മുടെ ഇഷ്ടങ്ങൾ ആയിരിക്കും നായകനിലേക്ക് കൊണ്ടുവെക്കുക ഇഷ്ടക്കേടുകൾ ആയിരിക്കും വില്ലനിലേക്ക് പ്രതിഷ്ഠിക്കുക. അതുകൊണ്ടായിരിക്കും ചിലപ്പോൾ എന്റെ സിനിമയിലെ ഏട്ടൻ കഥാപാത്രങ്ങൾക്ക് മറ്റു സിനിമകളിലെ ഏട്ടൻ കഥാപാത്രങ്ങളെക്കാൾ വ്യത്യസ്തത വരുന്നത്. പല ഏട്ടന്മാരെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഞാനുണ്ടാക്കിയ ഹിറ്റ്ലറിയും ക്രോണിക് ബാച്ചിലറിയും ഏട്ടന്മാർ വ്യത്യസ്തരാകുന്നത് അതുകൊണ്ടാണ്”, സിദ്ദിഖ് പറയുന്നു.