‘ഏഴു വയസ്സുകാരനു പകരം മോഹൻലാൽ  നായകനായത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു, മറ്റേതെങ്കിലും ഭാഷയിൽ ആ ചിത്രം ചെയ്യണം…’ സിബി മലയിൽ പറയുന്നു
1 min read

‘ഏഴു വയസ്സുകാരനു പകരം മോഹൻലാൽ നായകനായത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു, മറ്റേതെങ്കിലും ഭാഷയിൽ ആ ചിത്രം ചെയ്യണം…’ സിബി മലയിൽ പറയുന്നു

മലയാളസിനിമയെ സമ്പന്നമാക്കിയ ചലച്ചിത്രകാരനാണ് സംവിധായകൻ സിബി മലയിൽ. മോഹൻലാലിനെ നായകനാക്കി കൊണ്ട് നിരവധി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, സദയം, കമലദളം, ചെങ്കോൽ തുടങ്ങി നിരവധി കലാമൂല്യവും വാണിജ്യ വിജയവും ഒരേപോലെ നേടിയ ചിത്രങ്ങൾ. സിബി മലയിൽ-മോഹൻലാൽ കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമെന്നു തന്നെ വിശേഷണങ്ങളുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്കുശേഷം തന്റെ പഴയകാല ചിത്രങ്ങളെക്കുറിച്ച് സംവിധായകൻ സിബി മലയിൽ തന്നെ തുറന്നുപറയുകയാണ്. കെൻ ടിവി ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സിബി മലയിൽ തന്റെ പഴയകാല ചിത്രത്തെക്കുറിച്ച് വാചാലനായത്. അദ്ദേഹം പങ്കു വെച്ച ഒരു പ്രധാനപ്പെട്ട ചലച്ചിത്ര അനുഭവം ഇങ്ങനെ:, “ആ സിനിമ ഒരു 17 വർഷമായിട്ട് എന്റെ മനസ്സിലുണ്ടായിരുന്ന ചിത്രമാണ്. 83 ലാണ് ഞാൻ ആ കഥയിൽ വർക്ക് ചെയ്യുന്നത്. ഈ ചിത്രം കാലത്തിനുമുമ്പേ എന്ന് പറയുമ്പോൾ അന്നത് തീയേറ്ററുകളിൽ സ്വീകരിക്കപ്പെടുമൊയെന്ന് ഒരു സംശയം പ്രൊഡ്യൂസേഴ്സിനുണ്ടായി അല്ലെങ്കിൽ അത്രയ്ക്കും അഡ്വാൻസ് ആയിട്ടുള്ള ആ ചിത്രത്തിന് അന്ന് ചിന്തിക്കാൻ കഴിയുമായിരുന്നില്ല അതിന്റെ തീമൊക്കെ. പിന്നെ 83-ൽ എഴുതിവെച്ച സ്ക്രിപ്റ്റ് രണ്ടായിരത്തിൽ വീണ്ടും പൊടിതട്ടി എടുക്കുകയാണ് ചെയ്തത്.

ശരിക്കും കഥയിൽ ഒരു ഏഴുവയസ്സുകാരനായ ഒരു കുട്ടി ആയിരുന്നു നായകൻ, സ്കൂൾ ബോർഡിംഗിലെ കുട്ടിയായിരുന്നു. സ്കൂൾ പിന്നെ കോളേജിലേക്ക് മാറ്റി ഒരു 20-22 വയസ്സുള്ള കോളേജ് യുവാക്കളിലെയ്ക്ക് മാറ്റി. പിന്നീട് മോഹൻലാൽ കഥ കേട്ടു കഴിഞ്ഞപ്പോൾ അദ്ദേഹം അത് ചെയ്യണം എന്ന് പറഞ്ഞു നിർബന്ധം പറഞ്ഞപ്പോൾ അദ്ദേഹത്തിന് വേണ്ടി പിന്നെയും കഥ മാറ്റി. അതെനിക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു. പിന്നെ ലാലിനെ ഒരു സ്റ്റുഡന്റ് ഒക്കെ ആക്കി മാറ്റിയൊക്കെ ചെയ്യേണ്ടി വന്നു. അതിനുവേണ്ടി ഒക്കെ കഥയുടെ ഒറിജിനൽ ആശയത്തിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടി വന്നു. എങ്കിലും ആ സിനിമ മനസ്സിൽ ആദ്യം കൺസീവ് ചെയ്ത സിനിമ അതിപ്പോഴും മനസ്സിലുണ്ട്. അത് വേറെ ഏതെങ്കിലും ഭാഷയിൽ ചെയ്താൽ കൊള്ളാമെന്നുണ്ട്”. ദേവദൂതൻ എന്ന ചിത്രത്തെപ്പറ്റിയാണ് സിബി മലയിൽ തുറന്നിരിക്കുന്നത്. രഘുനാഥ് പാലേരിയുടെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം എന്നാൽ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.

Leave a Reply