ഭീഷ്മ പർവ്വമൊക്കെ എന്തിനാണ് മമ്മൂട്ടി അഭിനയിക്കുന്നത്, അതിൽ എന്ത് സന്ദേശം? സമദ് മങ്കട ചോദിക്കുന്നു
1 min read

ഭീഷ്മ പർവ്വമൊക്കെ എന്തിനാണ് മമ്മൂട്ടി അഭിനയിക്കുന്നത്, അതിൽ എന്ത് സന്ദേശം? സമദ് മങ്കട ചോദിക്കുന്നു

പ്രായത്തെ വെല്ലുന്ന സൗന്ദര്യവും ഊർജ്ജവും ഉള്ള മലയാള സിനിമയുടെ വല്യേട്ടനാണ് മമ്മൂട്ടി. ഓരോ ദിവസവും സ്വയം അപ്ഡേറ്റ് ചെയ്യുന്ന നടൻ എന്ന നിലയിൽ മമ്മൂട്ടി പുതിയ തലമുറയ്ക്ക് ഏറെ പ്രചോദനമാണ്. ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളാണ് ഈ വർഷം തന്നെ മമ്മൂട്ടി ചെയ്തത്. ഈ വർഷത്തെ തീയറ്ററുകൾ ഇളക്കിമറിച്ച മമ്മൂട്ടിയുടെ ഏറ്റവും വലിയ റിലീസ് ആയിരുന്നു ‘ഭീഷ്മ പർവ്വം’. അമൽ നീരദാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അബൂ സലീം, ഷൈൻ ടോം ചാക്കോ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. പ്രേക്ഷക, നിരൂപക പ്രശംസ നേടിയ ചിത്രം ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ആയിരുന്നു. മമ്മൂട്ടിയുടെ ആരാധകർ ഇരുകയും നീട്ടിയാണ് ഭീഷ്മ പർവ്വത്തെ സ്വീകരിച്ചത്.

മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രങ്ങളായ റോഷാക്, നൻ പകൽ നേരത്ത് മയക്കം, ക്രിസ്റ്റഫർ തുടങ്ങിയ സിനിമകൾ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.ഈ സിനിമകളുടെതായി ഇതിനോടകം പുറത്തുവന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ ആരാധകർ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ നിർമ്മാതാവും സംവിധായകനും ആയ സമദ് മങ്കട മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സമദ് മങ്കട അദ്ദേഹത്തിന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി ഭീഷ്മ പർവ്വം പോലെയുള്ള സിനിമകളിൽ അല്ല അഭിനയിക്കേണ്ടത് എന്നും ഒട്ടനവധി കൊമേഴ്സ്യൽ സിനിമകൾ ചെയ്തിട്ടുള്ള മമ്മൂട്ടിയെയും മോഹൻലാലിനെയും പോലുള്ള നടന്മാർ ഇനി സാമൂഹിക പ്രസക്തിയുള്ള സിനിമകളാണ് ചെയ്യേണ്ടത് എന്നും സമദ് മങ്കട വ്യക്തമാക്കുന്നു. ‘അച്ഛനും ബാപ്പയും’ എന്ന പഴയ സിനിമ പുനർനിർമ്മിക്കാൻ ആഗ്രഹമുണ്ടെന്ന് പറയുന്നതിനിടയിലാണ് സമദ് മങ്കട ഇക്കാര്യം വ്യക്തമാക്കിയത്.

“അച്ഛനും ബാപ്പയും എന്നൊരു പഴയ സിനിമയുണ്ട്. മമ്മൂക്കയെ കിട്ടിയാൽ അത് ചെയ്യണം എന്ന് ആഗ്രഹമുണ്ട്.ഇപ്പോഴും വളരെയധികം സാമൂഹിക പ്രസക്തിയുള്ള സിനിമയാണത്. അതിൽ കൊട്ടാരക്കര ശ്രീധരൻ നായർ ചെയ്ത ഒരു കഥാപാത്രമുണ്ട്. അത് ഇക്കാലത്ത് മമ്മൂക്കയ്ക്ക് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ. മമ്മൂട്ടിയും മോഹൻലാലും ഒക്കെ ഇനി സാമൂഹിക പ്രസക്തിയുള്ള സിനിമകൾ വേണം ചെയ്യാൻ. അവരൊക്കെ കൊമേഴ്സ്യൽ സിനിമകൾ ചെയ്ത വളരെ എസ്റ്റാബ്ലിഷഡ് ആയ നടന്മാരാണ്. അവർ ഇനി സമൂഹത്തിന് വേണ്ടിയിട്ട് സിനിമകൾ ചെയ്യണം. ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള സിനിമകൾ ചെയ്യണം. ഭീഷ്മ പോലുള്ള സിനിമകൾ കൊമേർഷ്യൽ സിനിമകളാണ്. മമ്മൂക്ക ചെയ്തത് കൊണ്ട് അത് അങ്ങനെയായി”, സമദ് മങ്കട പറയുന്നു.