‘മുസ്ലിം ലീഗിന്റെ മണ്ഡലം പ്രസിഡന്റായിരുന്നു ഞാന്‍’ ; ഒമര്‍ ലുലു മറുപടി കൊടുക്കുന്നു
1 min read

‘മുസ്ലിം ലീഗിന്റെ മണ്ഡലം പ്രസിഡന്റായിരുന്നു ഞാന്‍’ ; ഒമര്‍ ലുലു മറുപടി കൊടുക്കുന്നു

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംവിധായകന്‍ ഒമര്‍ ലുലു. എല്ലാത്തരം വിഷയങ്ങളിലും തന്റേതായ അഭിപ്രായങ്ങള്‍ ഒരു മടിയും കൂടാതെ അദ്ദേഹം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെക്കാറുണ്ട്. അങ്ങനെ പങ്കുവെച്ച പല കാര്യങ്ങളും വിവാദത്തിലെത്തിയിട്ടുമുണ്ട്. നോമ്പ് സമയത്ത് ഇഷ്ടപ്പെട്ട ഭക്ഷണം കിട്ടുന്ന കടകള്‍ കോഴിക്കോട് ഇല്ലെന്നു സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടതോടെ വലിയ വിമര്‍ശനത്തിന് തിരികൊളുത്തിയിരുന്നു. സൈബര്‍ ആക്രമണം രൂക്ഷമായതോടെ പോസ്റ്റ് താരം പിന്‍വലിച്ചിരുന്നു. പിന്നീട് സുരേഷ് ഗോപിയുടെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇതിന് നേരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.


ഇപ്പോഴിതാ തന്നെ സംഘികള്‍ എന്ന വിളിച്ചവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒമര്‍ ലുലു. താന്‍ സംഘിയല്ലെന്നും മുസ്ലിം ലീഗിനോടാണ് തനിക്ക് ഇഷ്ടമെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒമര്‍ ലുലു പറഞ്ഞു. പഴയ കാലത്തെ തന്റെ രാഷ്ടീയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഒമര്‍ ലുലു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ രാഷ്ടീയ പ്രവര്‍ത്തനത്തില്‍ ഇല്ലെന്നും അദ്ദേഹം കുറിപ്പലൂടെ വ്യക്തമാക്കുന്നുണ്ട്. ഞാന്‍ സംഘിയാണ് എന്ന് പറയുന്ന സുഡാപ്പി അണ്ണന്‍മാര്‍ അറിയാന്‍, ഞാന്‍ ഒരിക്കലും ഇനി രാഷ്ട്രിയത്തില്‍ വരില്ലാ എന്ന് പറഞ്ഞാണ് കുറിപ്പിന് തുടക്കം കുറിച്ചത്.

ഞാന്‍ കൈപ്പറമ്പ് മുസ്ലിം ലീഗിന്റെ മണ്ഡലം പ്രസിഡന്റായിരുന്നു ഒന്നര വര്‍ഷം. എന്റെ ഉമ്മച്ചിയും പപ്പയും പറയുന്നത് അവരുടെ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാണ്, എനിക്ക് ആണെങ്കില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഇഷ്ടമല്ലാ, കാരണം മൗദൂദി ഫാക്ടര്‍. അതുകൊണ്ട് ഞാന്‍ ഒരു രീഷ്ട്രീയക്കാരനോ, രാഷ്ട്രീയപ്രവര്‍ത്തകനോ അല്ല. പക്ഷേ എന്റെ ഉള്ളിന്റെയുള്ളില്‍ കുറച്ച് ഇഷ്ടമുള്ള പാര്‍ട്ടി മുസ്ലിം ലീഗാണ് അവരാണ് കുറച്ച് കൂടി മതേതരമായ മുസ്ലിം സമുദായത്തില്‍ നിന്നുള്ള പാര്‍ട്ടിയായി ഫീല്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

നോമ്പുകാലത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിനെതിരെ ഫേസ്ബുക്കില്‍ നിരന്തര പ്രതികരണവുമായി ഒമര്‍ ലുലു എത്തിയത് വിവാദമായിരുന്നു. ഇന്നത്തെ എന്റെ ഉച്ച ഭക്ഷണം കോഴിക്കോടന്‍ ഉന്നക്കായ, നോമ്പാണ് കാരണം. എനിക്ക് വേറെ ഇഷ്ടപ്പെടുന്ന ഭക്ഷണം ഒന്നും ഇവിടെ കിട്ടാന്‍ ഇല്ലാ. നോമ്പിന് രാത്രി ഏഴ് മണി വരെ കട അടച്ചിടുന്ന മുസ്ലിം സഹോദരങ്ങളെ നിങ്ങളുടെ കടയ്ക്ക് പുറത്ത് ഒരു ബോര്‍ഡ് വെക്കുക ഇവിടെ ഭക്ഷണം മുസ്ലിം വിശ്വാസികളെ ലക്ഷ്യം വെച്ചാണെന്നായിരുന്നു ഒമര്‍ ലുലു ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്ന കുറിപ്പ്. ഇതിനെതിരെയുണ്ടായ വിമര്‍ശനങ്ങള്‍ക്കെല്ലാം അദ്ദേഹം മറുപടി നല്‍കി രംഗത്തെത്തിയിരുന്നു.

അതേസമയം ഒ.ടി.ടി പ്ലാറ്റ്‌ഫോമിനു വേണ്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ‘നല്ല സമയം’ ആണ് ഒമര്‍ ലുലുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ആന്‍ ഒമര്‍ മാജിക് എന്നാണ് സംവിധായകന്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. വേള്‍ഡ് ഗിന്നസ് റെക്കോര്‍ഡ് നേടിയിട്ടുള്ള ഗ്ലോബേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ഗ്രൂപ്പ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാബു ആന്റണി ചിത്രത്തില്‍ നായകനായെത്തുന്ന പവര്‍ സ്റ്റാറിനു മുന്‍പേ നല്ല സമയം എന്ന ചിത്രം റിലീസ് ചെയ്യുമെന്ന് ഒമര്‍ ലുലു അറിയിച്ചിരുന്നു.