“ഞങ്ങളെ വളരെയധികം കംഫർട്ടബിളാക്കി. സംവിധായകന്റെയും ക്രൂവിന്റേയും പൾസറിയുന്ന നടനാണ് മമ്മൂക്ക”… നിസാം ബഷീർ മനസ്സുതുറക്കുന്നു
1 min read

“ഞങ്ങളെ വളരെയധികം കംഫർട്ടബിളാക്കി. സംവിധായകന്റെയും ക്രൂവിന്റേയും പൾസറിയുന്ന നടനാണ് മമ്മൂക്ക”… നിസാം ബഷീർ മനസ്സുതുറക്കുന്നു

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘റോഷാക്ക്’. നിസാം ബഷീർ – മമ്മൂട്ടി കൂട്ടുകെട്ട് ആദ്യമായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. കഴിഞ്ഞ ഒക്ടോബർ 7 – നായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. ഇരുകൈയും നീട്ടിയാണ് മമ്മൂട്ടിയുടെ റോഷാക്കിനെ ആരാധകർ സ്വീകരിച്ചത്. ഇതൊരു വ്യത്യസ്തമായ റിവഞ്ച് ത്രില്ലർ ചിത്രമാണ്. മമ്മൂട്ടി ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്നും വേറിട്ടൊരു കഥാപാത്രത്തെയാണ് റോഷാക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലൂക്ക് ആന്റണി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോഷാക്കിന്റെ തിരക്കഥ ഒരുക്കിയത് ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത്തായ സമീർ അബ്ദുള്ളാണ്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് റോഷാക്ക്.

 

ഇപ്പോഴിതാ സംവിധായകൻ നിസാം ബഷീർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സെറ്റിൽ മമ്മൂട്ടി സ്റ്റാർ എന്ന നിലയ്ക്കോ പ്രൊഡ്യൂസർ എന്ന നിലയ്ക്കോ അല്ല പെരുമാറിയത് എന്നും സംവിധായകന്റെയും ക്രൂവിന്റെയും പൾസ് അറിയുന്ന നടനാണ് മമ്മൂട്ടി എന്നും നിസാം ബഷീർ ദ ഹിന്ദുവിനോട് പറഞ്ഞു. “ഷൂട്ട് തുടങ്ങുന്നതിന് എട്ടുമാസം മുമ്പാണ് മമ്മൂക്കയോട് കഥ പറയുന്നത്. സിനിമയുടെ ഭാഗമാകാം എന്ന് തീരുമാനിക്കുന്നതിനൊപ്പം തന്നെ അദ്ദേഹം ചിത്രം നിർമ്മിക്കാനും മുന്നോട്ടു വന്നു. ഒരു സ്റ്റാർ എന്ന നിലയ്ക്കോ പ്രൊഡ്യൂസർ എന്ന നിലയ്ക്കോ അല്ല മമ്മൂക്ക സെറ്റിൽ പെരുമാറിയത്. അദ്ദേഹം ഒരു ആർട്ടിസ്റ്റാണ്. ഞങ്ങളെ വളരെയധികം കംഫർട്ടബിളാക്കി. സംവിധായകന്റെയും ക്രൂവിന്റേയും പൾസറിയുന്ന നടനാണ് മമ്മൂക്ക. എന്തെങ്കിലും കാര്യത്തിൽ ആശങ്കപ്പെടുന്ന സിറ്റുവേഷൻ ഉണ്ടായാൽ അദ്ദേഹം ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ നോക്കും”. നിസാം ബഷീർ പറയുന്നു.

“വളരെ സൂക്ഷ്മതയോടെ കാണേണ്ട സിനിമയാണ് റോഷാക്ക്. ഒരു സീൻ മിസ്സായാൽ പോലും കഥയിലെ നിർണായക പോയിന്റുകൾ മനസ്സിലാവാതെ വരും. ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു മൈൻഡ് ഗെയിം ആണ് റോഷാക്ക്. ആളുകളുടെ വ്യക്തിത്വവും സ്വഭാവവും മനസ്സിലാക്കാൻ ഉപയോഗിക്കുന്ന മനശാസ്ത്രപരമായ ടെസ്റ്റാണ് റോഷാക്ക്. പല സ്വഭാവ സവിശേഷതകളാണ് ചിത്രത്തിലെ കഥാപാത്രങ്ങൾക്കുള്ളത്. പ്രേക്ഷകരുടെ സ്വഭാവം കൂടി ആശ്രയിച്ചിരിക്കും അവർ ഓരോ കഥാപാത്രത്തിന്റെയും പ്രവർത്തികൾ ജഡ്ജ് ചെയ്യുന്നത്. ഉദാഹരണത്തിന് മമ്മൂക്കയുടെ കഥാപാത്രത്തെ എടുക്കുക. പ്രേക്ഷകന്റെ മനോഭാവം വെച്ച് ലൂക്കിനെ പോസിറ്റീവായോ നെഗറ്റീവായോ കാണാനാകും. മമ്മൂക്ക അഭിനയിക്കുന്ന ഏത് സിനിമക്കും എക്സ്പെക്ടേഷൻ കൂടുതലായിരിക്കും എന്നതിനെപ്പറ്റി ഞങ്ങൾക്ക് ബോധം ഉണ്ടായിരുന്നു. പ്രേക്ഷകർക്ക് നല്ല ഒരു സിനിമ നൽകാനാവും എന്നാണ് ഞങ്ങളും വിശ്വസിക്കുന്നത്”. നിസാം കൂട്ടിച്ചേർക്കുന്നു.