ദിലീഷ് പോത്തന്റെ സംവിധാനത്തിൽ പൃഥ്വിയും ഫഹദും ആദ്യമായി ഒന്നിക്കുന്നു!? ; തിരക്കഥ ശ്യാം പുഷ്ക്കരന്റെ വക
1 min read

ദിലീഷ് പോത്തന്റെ സംവിധാനത്തിൽ പൃഥ്വിയും ഫഹദും ആദ്യമായി ഒന്നിക്കുന്നു!? ; തിരക്കഥ ശ്യാം പുഷ്ക്കരന്റെ വക

സംവിധായകൻ, നടൻ, നിർമാതാവ്, എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന സിനിമ വ്യക്തിത്വമാണ് ദിലീഷ് പോത്തൻ. ഇങ്ങനെയൊക്കെയാണെങ്കിലും ഇദ്ദേഹത്തിന് ഏറെ ഇഷ്ടം സംവിധാനം ചെയ്യാനാണ്. മൂന്നു സിനിമകളാണ് ദിലീഷ് പോത്തൻ ഇതിനോടകം സംവിധാനം ചെയ്തിട്ടുള്ളത്. 2016 – ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരമാണ് ആദ്യ ചിത്രം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഈ മൂന്നു ചിത്രങ്ങളിലും നായകനായി എത്തിയത് യുവ നടൻ ഫഹദ് ഫാസിലായിരുന്നു. ഈ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ഒരു റിയലിസ്റ്റിക് തരംഗംതന്നെ സൃഷ്ട്ടിച്ച സംവിധായകനാണ് ദിലീഷ് പോത്തൻ എന്നതിൽ ഒരു സംശയവും ഇല്ല.

മലയാള മനസുകളിൽ ഇടം നേടിയ കൂട്ടുകെട്ടായിരുന്നു ഫഹദ് – ദിലീഷ് എന്നിവരുടേത്. ഈ കൂട്ടുകെട്ട് വീണ്ടും തിരിച്ചു വരുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ദ് ക്യുവിന് കൊടുത്ത അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ചിത്രങ്ങൾപോലെ ഒരു റിയലിസ്റ്റിക് മൂവി ആയിരിക്കില്ല ഇത് എന്നും ഫഹദ് കൂട്ടിച്ചേർത്തു. ഈ കൂട്ടുകെട്ട് ഒരു മാസ്സ് ചിത്രത്തിനായിരിക്കും സാക്ഷ്യം വഹിക്കുന്നത്. ഈ ചിത്രവുമായി ബന്ധപ്പെട്ട്  ചില അഭ്യുഹങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

ഇതിനു കാരണമായത് മുൻപൊരു അഭിമുഖത്തിൽ യുവ നടൻ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ്. വലിയൊരു മാസ്സ് ചിത്രത്തിന്റെ സബ്ജെക്ടുമായി ദിലീഷ് പോത്താനും തിരക്കഥകൃത്ത് ശ്യാം പുഷ്ക്കരനും അദ്ദേഹത്തെ സമീപിച്ചിരുന്നു എന്നാണ് അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. അതിനാൽ ഇതൊരു മൾട്ടിസ്റ്റാർ ചിത്രമാണോ എന്നും ഫഹദ് – പൃഥ്വിരാജ് കൂട്ടുകെട്ട് ഈ ചിത്രത്തിൽ കാണാൻ സാധിക്കുമോ എന്നും പ്രേക്ഷകരിൽ സംശയം ഉണർത്തുന്നു. കൂടാതെ ദിലീഷ് പൊത്തന്റെ രണ്ടു വ്യത്യസ്ത മാസ്സ് ചിത്രങ്ങളിൽ ഫഹദിനേയും പൃഥ്വിരാജിനേയും നായകന്മാരാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നുമാണ് ചില അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നിരുന്നാലും ഇതെല്ലാം തികച്ചും അഭ്യുഹങ്ങൾ മാത്രമാണ്.  ദിലീഷ് പൊത്തന്റെ ഈ മാസ്സ് ചിത്രത്തെപ്പറ്റി ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവരുന്നതുവരെ നമ്മൾ പ്രതീക്ഷയോടെത്തന്നെ കാത്തിരിക്കേണ്ടിവരും. കഴിഞ്ഞ മൂന്നു സൂപ്പർഹിറ്റ്‌ ചിത്രങ്ങളെപോലെത്തന്നെ ദിലീഷ് പോത്തന്റെ വരാനിരിക്കുന്ന ഈ ചിത്രവും ഏറെ ആകാംഷയോടെയാണ് മലയാള പ്രേക്ഷകർ കാത്തിരിക്കുന്നത്. പോത്തേട്ടൻസ് ബ്രില്ല്യൻസ് ഈ സിനിമയിലും ഉണ്ടാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.