ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോയായി ദിലീപ് ; ‘പറക്കും പപ്പന്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്
1 min read

ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോയായി ദിലീപ് ; ‘പറക്കും പപ്പന്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

നപ്രിയ നായകന്‍ ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമാണ് പറക്കും പാപ്പന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഇന്നലെ ദിലീപിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടു. ദിലീപിന്റെ ഒഫിഷ്യല്‍ ഫെ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ‘ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ’ എന്നാണ് വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍. 2018 ക്രിസ്തുമസ് ദിനത്തിലാണ് പറക്കും പപ്പന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പലകാരണങ്ങളാലും ചിത്രീകരണം നീണ്ടുപോകുക ആയിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇരുവരും ചേര്‍ന്നുള്ള ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് പറക്കും പപ്പന്‍. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാപ്രേമികളും.

അതേസമയം രാമലീലയുടെ മികച്ച വിജയത്തിനുശേഷം ദിലീപും അരുണ്‍ ഗോപിയും ഒരുമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ബാന്ദ്ര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ദിലീപിന്റെ പിറന്നാള്‍ ദിനത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന നായകകഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരുന്നു. ഇടംകൈയില്‍ എരിയുന്ന സിഗരറ്റും വലംകൈയില്‍ തോക്കുമേന്തി സിംഹാസന സമാനമായ ഒരു സോഫയില്‍ ഇരിക്കുന്ന രീതിയിലാണ് ദിലീപിന്റെ കഥാപാത്രത്തെ പോസ്റ്ററില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. മുംബെയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ത്രില്ലര്‍ മൂഡില്‍ അണിയിച്ചൊരുക്കുന്ന ബാന്ദ്ര സമീപകാലത്തെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമകളിലൊന്നാണ്. ജേര്‍ണി കം ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തില്‍ ബോളിവുഡിലെ അഞ്ചു പ്രമുഖ വില്ലന്മാര്‍ അണിനിരക്കുന്നു. ഡിനോമോറിയോ ആണ് ഇവരില്‍ ഒരാള്‍. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ലെന, ഈശ്വരി റാവു, വിടിവി ഗണേഷ്, ആര്യന്‍ സന്തോഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റാഫി സംവിധാനം ചെയ്യുന്ന വോയ്സ് ഓഫ് സത്യനാഥന്‍ ആണ് ദിലീപിന്റേതായി പുറത്തെത്താനിരിക്കുന്ന മറ്റൊരു ചിത്രം. ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് ബാന്ദ്ര. ഉദയകൃഷ്ണയാണ് ബാന്ദ്ര എന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഷാജി കുമാര്‍ ആണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് ആക്ഷന്‍ ഡയറക്ടര്‍മാര്‍ ഉണ്ട്. അന്‍പറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവര്‍. 2023 ല്‍ ചിത്രം തിയറ്ററുകളില്‍ എത്തും.