ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഗൗതം മേനോന്‍ – വിക്രം ചിത്രം ‘ധ്രുവ നച്ചത്തിരം’ തിയേറ്ററുകളിലേക്ക്
1 min read

ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഗൗതം മേനോന്‍ – വിക്രം ചിത്രം ‘ധ്രുവ നച്ചത്തിരം’ തിയേറ്ററുകളിലേക്ക്

വിക്രത്തിന്റെ ഏറ്റവും പുതിയ ചിത്രം ധ്രുവ നച്ചത്തിരം. എന്നൈ നോക്കി പായും തോട്ടക്ക് ശേഷം ഗൗതം മേനോന്‍ തിരക്കഥ ഒരുക്കി സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രമാണ് ധ്രുവ നച്ചത്തിരം. ജോണ്‍ എന്ന റോ ഏജന്റിന്റെ വേഷമാണ് ധ്രുവ നച്ചത്തിരത്തില്‍ വിക്രത്തിന്. ചിത്രത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് വിക്രം എത്തുന്നത്. 2016ല്‍ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നുചിത്രത്തിന്റെ. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. ഇപ്പോള്‍ എന്തായാലും ഏഴ് രാജ്യങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ഒരു സ്‌പൈ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രമാണ് ഇത്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം റിലീസിനൊരുങ്ങുകയാണ്. ‘ധ്രുവനച്ചത്തിര’ത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്ന ജോലികള്‍ ഹാരിസ് ജയരാജ് തുടങ്ങിയിട്ടുണ്ട്. ഹാരിസ് ജയരാജ് തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. 2023ല്‍ സമ്മര്‍ റിലീസായി വിക്രം ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഋതു വര്‍മ്മ, ഐശ്വര്യ രാജേഷ്, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ജോണ്‍ എന്നാണ്’ വിക്രമിന്റെ കഥാപാത്രത്തിന്റെ പേര്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം. ചിത്രത്തിന്റെ ടീസറിനെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

പാ രഞ്ജിത്തിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രമായ ‘തങ്കലാനും’ ദ്രുതഗതിയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ചിയാന്‍ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം ‘തങ്കലാന്റെ’ കലാ സംവിധാനം നിര്‍വഹിക്കുന്നത് എസ് എസ് മൂര്‍ത്തിയാണ്. മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളാകുന്നു. ജി വി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്. കെ ഇ ജ്ഞാനവേല്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് ആണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാന്‍’ എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.