‘അന്ന് കുമ്പളങ്ങി നൈറ്റ്‌സില്‍ അസിസ്റ്റന്റ്, ഇന്ന് അമല്‍നീരദിന്റെ ഭീഷ്മരുടെ സൃഷ്ടാവ്’; ദേവദത്ത് ഷാജിയെ കുറിച്ചറിയാം
1 min read

‘അന്ന് കുമ്പളങ്ങി നൈറ്റ്‌സില്‍ അസിസ്റ്റന്റ്, ഇന്ന് അമല്‍നീരദിന്റെ ഭീഷ്മരുടെ സൃഷ്ടാവ്’; ദേവദത്ത് ഷാജിയെ കുറിച്ചറിയാം

കുറച്ചു ദിവസങ്ങളായി തീയേറ്ററിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ സംസാര വിഷയമാണ് ഭീഷ്മ പര്‍വത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി. അമലിന്റെ മേക്കിംഗും സുഷിന്‍ ശ്യാമിന്റെ സംഗീതവും ചര്‍ച്ചയായെങ്കിലും ദേവദത്ത് ഷാജിയെ പറ്റി അധികമാരും ശ്രദ്ധിച്ചിരുന്നില്ല. അമല്‍ നീരദിനൊപ്പം ഭീഷ്മ പര്‍വ്വതത്തിന്റെ തിരക്കഥയൊരുക്കിയത് ദേവദത്ത് ഷാജിയാണ്.

കൊച്ചിന്‍ സരിഗ എന്ന മിമിക്സ് ട്രൂപ്പിലൂടെ പലര്‍ക്കും സുപരിചിതനായ കലാകാരന്‍ ഷാജി സരിഗയാണ് ദേവദത്തിന്റെ അച്ഛന്‍. പ്ലസ് ടു പഠനകാലം മുതല്‍ തന്നെ ദേവദത്ത് കഥകള്‍ എഴുതി തുടങ്ങിയിരുന്നു. ‘കാലം എന്നോട് പറഞ്ഞത്’ എന്നായിരുന്നു ആദ്യ പുസ്തകത്തിന്റെ പേര്. എഞ്ചിനീയറിംഗ് പഠനകാലത്ത് ‘ഗുരുവായൂര്‍ പാസഞ്ചര്‍’ എന്ന് പുസ്തകം രചിച്ചു. കോളേജ് പഠനകാലത്താണ് ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. കോളേജ് പഠനകാലത്തിനിടയില്‍ എട്ട് ഷോര്‍ട്ട്ഫിലിമുകളാണ് ദേവദത്ത് ചെയ്തത്. ഫേസ്ബുക്കിലെ ഷോര്‍ട്ട് ഫിലിം ലിങ്കുകള്‍ കണ്ടാണ് ദിലീഷ് പോത്തന്‍ നിര്‍മിച്ച ചിത്രമായ കുമ്പളങ്ങി നൈറ്റ്സിലേക്ക് വിളിക്കുന്നത്. തുടര്‍ന്ന് ബിലാലില്‍ വര്‍ക്ക് ചെയ്യനായി അമല്‍ നീരദിനോടൊപ്പം ചേര്‍ന്നെങ്കിലും കോവിഡ് പ്രതിസന്ധികള്‍ കൊണ്ട് ബിലാല്‍ ഷൂട്ടിംഗ് നീട്ടിവയ്ക്കപ്പെട്ടു.

പിന്നീടാണ് അമല്‍നീരദിന്റെ തന്നെ ഭീഷ്മപര്‍വ്വം എന്ന സിനിമ എഴുതി തുടങ്ങുന്നതും. ഭീഷ്മ പര്‍വത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ കൂടെയാണ് ദേവദത്ത്. മഹാഭാരതം ഇതിഹാസത്തിലെ ഭീഷ്മരെ മമ്മൂട്ടിയിലൂടെ അവതരിപ്പിക്കണമെന്നത് അമല്‍ നീരദിന്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധികള്‍ കാരണം നേരിട്ട ബുദ്ധിമുട്ടുകള്‍ കൊണ്ട് രണ്ട് വര്‍ഷം കൊണ്ടാണ് ചിത്രത്തിന്റെ വര്‍ക്കുകളെല്ലാം ചെയ്തുതീര്‍ന്നത്.

അച്ഛനുമമ്മയും നാട്ടില്‍ ഹോംടെക് ബില്‍ഡേഴ്‌സ് എന്ന പേരില്‍ വീടു നിര്‍മിച്ചു നല്‍കുന്ന സ്ഥാപനം നടത്തുന്നുണ്ട്. സിവില്‍ എന്‍ജിനീയറിങ്ങാണ് പഠിച്ചതെങ്കിലും ഞാന്‍ ആ ഫീല്‍ഡില്‍ ജോലി ചെയ്തിട്ടേയില്ല. അച്ഛന്‍ ഷാജി സരിഗയ്ക്ക് നാടകബുക്കിങ്ങും മറ്റുമായി ഒരു ഏജന്‍സിയുണ്ട്. അമ്മ സുബി ഷാജി. അനിയന്‍ ഇന്ദ്രജിത്തിന് പാട്ടും ഗിറ്റാറുമൊക്കെയാണ് ഇഷ്ടം.

എണ്‍പതുകളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഗാങ്ങ്സ്റ്റര്‍ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടിക്ക് പുറമെ സൗബിന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ദിലേഷ് പോത്തന്‍, ഫര്‍ഹാന്‍ ഫാസിഷസ നാദിയ മൊയ്ദു, ലെനാ തുടങ്ങിയ വന്‍ താരനിരയാണ് അണിനിരക്കുന്നത്. കേരളത്തിലെ മുന്നൂറ്റി അന്‍പതോളം തിയറ്ററുകളിലാണ് അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വ്വം എത്തിയിരിക്കുന്നത്. സമീപകാലത്ത് ഒരു മലയാള നേടുന്ന ഏറ്റവും വലിയ വിജയത്തിലേക്കാണ് ബോക്സ് ഓഫീസില്‍ ഭീഷ്മ പര്‍വ്വം മുന്നേറുന്നത്. ഈ മാസം മൂന്നിന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനകം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രം കൂടിയാണിത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ഈ ഹൈപ്പിന് കാരണം.