കോവിഡിൽ ആയിരങ്ങൾ ഇല്ലാതാകുന്നു: ‘പ്രധാനമന്ത്രി 13,450 കോടിയുടെ വസതി പണിയുന്ന തിരക്കിലാണ്’ വിമർശനവുമായി കോൺഗ്രസ്
1 min read

കോവിഡിൽ ആയിരങ്ങൾ ഇല്ലാതാകുന്നു: ‘പ്രധാനമന്ത്രി 13,450 കോടിയുടെ വസതി പണിയുന്ന തിരക്കിലാണ്’ വിമർശനവുമായി കോൺഗ്രസ്

രാജ്യത്ത് തുടരുന്ന അതിരൂക്ഷ കോവിഡ് വ്യാപനത്തിൽ നിരവധി ആളുകളുടെ ജീവൻ തന്നെ നഷ്ടപ്പെടുമ്പോൾ കോടാനുകോടികൾ മുടക്കി കൊണ്ട് പ്രധാനമന്ത്രിയുടെ വസതി ഉൾപ്പെടെയുള്ള മന്ദിരങ്ങൾ നിർമ്മിക്കുന്നതിന് എതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശനം. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ലോകവ്യാപകമായി ഇന്ത്യയുടെ ദുരന്ത അവസ്ഥ ചർച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് ഇത്തരത്തിൽ കോടികൾ ചെലവഴിച്ചു കൊണ്ടുള്ള നിർമ്മാണ പദ്ധതികൾക്കെതിരെ രൂക്ഷവിമർശനം ഉയരുന്നത്. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെടുന്ന പുതിയ വസതിയുടെ പണി 2022 ഡിസംബനുള്ളിൽ പൂർത്തിയാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ഏകദേശം 13,450 കോടി രൂപയുടെ നിർമ്മാണ പദ്ധതിയാണ് ഇതോടെ തലസ്ഥാനമായ രാജ്പഥ് കേന്ദ്രീകരിച്ച് നടക്കുന്നത്. സാമ്പത്തികമായും സാങ്കേതികമായും വളരെ വലിയ ബുദ്ധിമുട്ട് രാജ്യം അവ അനുഭവിക്കുന്ന ഈ അവസരത്തിൽ ജനങ്ങളുടെ ജീവന് പോലും വിലകൽപ്പിക്കാതെ പ്രധാനമന്ത്രി തന്റെ ഈഗോയാണ് നോക്കുന്നതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. പല കോൺഗ്രസ് നേതാക്കളും പ്രധാനമന്ത്രിയുടെ ഈ നിർമ്മാണ പദ്ധതികൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുകയുണ്ടായി.

വാക്സിൻ നൽകുന്നതിലും ഓക്സിജൻ നൽകുന്നതിലും സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനുമൊന്നും അല്ല പ്രധാനമന്ത്രി ഇപ്പോൾ പണം ചെലവഴിക്കുന്നത് എന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കിടക്കകൾ, ഓക്സിജൻ,വാക്സിൻ,മരുന്നുകൾ ഇവയൊന്നും ഇല്ലാതെ ജനങ്ങൾ കഷ്ടപ്പെടുമ്പോൾ നിലവിലുള്ള വിഭവങ്ങൾ ഉപയോഗിച്ച് ആവശ്യമായ കാര്യങ്ങൾ ഉറപ്പുവരുത്തേണ്ട സർക്കാർ 13,000 കോടി ചെലവാക്കി ഇത്തരത്തിലുള്ള മന്ദിരങ്ങൾ പണിയല്ല വേണ്ടതെന്ന് പ്രിയങ്ക ഗാന്ധിയും ട്വിറ്റ് ചെയ്തു.

Leave a Reply