അവഞ്ചേഴ്സിന്റെ ചരിത്രം തിരുത്തിക്കുറിച്ച് അവതാർ
1 min read

അവഞ്ചേഴ്സിന്റെ ചരിത്രം തിരുത്തിക്കുറിച്ച് അവതാർ

നൂറ്റാണ്ടിലെ ഏറ്റവും മികച്ച സിനിമാനുഭവം സമ്മാനിച്ച ചിത്രമാണ് അവതാർ. ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് കൊണ്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ജെയിംസ് കാമറൂൺ ആണ്. ‘അവതാർ ദി വേ ഓഫ് വാട്ടർ’ എന്ന ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ഇന്ത്യയിലും ലോകമെമ്പാടും വലിയ വിജയം തന്നെയാണ് ലഭിച്ചത്. ഇന്ത്യയിൽ പ്രദർശനത്തിന് എത്തിയ ഹോളിവുഡ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹോളിവുഡ്  ചിത്രമായി അവതാർ 2 മാറിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിനു മുൻപ് ഏറ്റവും കൂടുതൽ കളക്ഷനുകൾ നേടിയത് അവഞ്ചേഴ്സ് എൻഡ് ഗെയിമിനാണ് ഈ ചിത്രത്തിന്റെ വലിയ കളക്ഷൻ റെക്കോർഡ് ആണ് ഇപ്പോൾ അവതാർ 2 മറികടന്നത്.

ഇന്ത്യയിൽ നിന്നും മാത്രമായി അവഞ്ചേഴ്സ് എൻഗെയിമിന് ലഭിച്ചത് 367 കോടിയുടെ കളക്ഷൻ ആണ്. ഈ റെക്കോർഡ് തിരുത്തിക്കുറിച്ചു കൊണ്ട്  ഇന്ത്യൻ ബോക്സോഫീസിൽ നിന്ന്  368.20 കോടിയാണ് അവതാർ 2 സ്വന്തമാക്കിയത് . 2019 ലായിരുന്നു തരംഗമായി അവഞ്ചേഴ്സ് എൻഡ്ഗെയിം റിലീസ് ചെയ്തത്. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ‘അവതാർ ദി വേ ഓഫ് വാട്ടറി’ന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ ഏകദേശം  രണ്ട് ബില്യൺ ഡോളറിലേയ്ക്ക് എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ . ഇന്ത്യയിൽ പുതിയ ചിത്രങ്ങളുടെ റിലീസുകൾ എത്തിയിട്ടും അവതാർ മുന്നോട്ടേക്കുള്ള കുതിപ്പ് തുടരുകയാണ്. 2022 ഡിസംബർ 16-നായിരുന്നു ‘അവതാർ ദി വേ ഓഫ് വാട്ടർ’ റിലീസ് ചെയ്തത് . ലോക സിനിമകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രം അവതാർ ആണ്. ഈ റെക്കോഡ് തകർക്കാൻ ഒരു ചിത്രത്തിനും ഇതുവരെ ആയിട്ടില്ല. എന്നാൽ ഇനി’അവതാർ ദി വേ ഓഫ് വാട്ടർ’ അതിനെ മറികടക്കുമെന്നാണ്  പ്രതീക്ഷ.

നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്ര തലവനാകുന്നതിലൂടെയാണ് അവതാർ 2 ന്റെ കഥ ആരംഭിക്കുന്നത്. പാൻഡോറയിലെ ജലാശയങ്ങൾക്കുള്ളിലൂടെ പ്രധാന കഥാപാത്രങ്ങളായ ജേക്കും നെയിത്രിയും നടത്തുന്ന സാഹസികയാത്രകൾ കൊണ്ട് ‘അവതാർ 2’ ആരാധകർക്ക് മുന്നിൽ  വിസ്മയ ലോകം സൃഷ്ടിക്കുകയാണ്. സാം വെർത്തിങ്ടൺ, സോയി സാൽഡാന, സ്റ്റീഫൻ ലാങ്, സിഗേർണ്ണി വീവർ തുടങ്ങിയവരാണ് പ്രധാനപ്പെട്ട പാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർ കൂടാതെ കേറ്റ് വിൻസ്ലറ്റും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 23 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കേറ്റ് വിൻസ്ലറ്റ് കാമറൂണിനൊപ്പം ഒരു സിനിമ ചെയ്യുന്നത്.