‘സ്നേഹത്തിന്റെയും വിഷമത്തിന്റെയും വികാരങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ട് പോകുന്ന ചിത്രം ‘ ക്രിസ്റ്റി മികച്ച തിയേറ്റർ അനുഭവം
1 min read

‘സ്നേഹത്തിന്റെയും വിഷമത്തിന്റെയും വികാരങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ട് പോകുന്ന ചിത്രം ‘ ക്രിസ്റ്റി മികച്ച തിയേറ്റർ അനുഭവം

സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് ആകാംക്ഷ ബാക്കി നിർത്തിക്കൊണ്ട് തിയേറ്റർ വിട്ടിറങ്ങേണ്ട അവസ്ഥ സമ്മാനിച്ച ചിത്രമാണ് ക്രിസ്റ്റി. കഥ ഇനി എങ്ങോട്ടാണ് പോകുന്നതെന്ന ആകാംക്ഷയാണ് ഓരോ പ്രേക്ഷകന്റെയും മനസ്സിൽ ക്രിസ്റ്റിയുടെ ആദ്യ പകുതി അവസാനിക്കുമ്പോൾ തോന്നിപ്പിക്കുന്നത്. രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ സിനിമയുടെ കഥ തന്നെ മാറുന്ന കാഴ്ചയാണ് കാണുന്നത്.  പ്രേക്ഷകനെ സ്നേഹത്തിന്റെയും വിഷമത്തിന്റെയും വികാരങ്ങളിലൂടെ ചിത്രം കൊണ്ടു പോകുമ്പോൾ ക്ലൈമാക്സ് കണ്ടു കഴിയുന്ന ഓരോ മനസ്സുകളിലും ഒരു വലിയ ഭാരം  ബാക്കിയാവുകയാണ്.

നവാഗത സംവിധായകനായ ആൽവിൻ ഹെൻറിയുടെ സംവിധാനത്തിൽ ജി ആർ ഇന്ദുഗോപൻ – ബെന്യാമിൻ എന്നിവർ ചേർന്ന് തിരക്കഥ എഴുതിയ ചിത്രമായ ‘ക്രിസ്റ്റി’ ഇന്ന് തിയേറ്ററിൽ എത്തി . ഒരു കാലത്ത് പത്മരാജനും-ഭരതനും ചേർന്ന് ഒരുക്കിയ രതിനിർവേദം എന്ന സിനിമയുടെ കഥ ഓർമിപ്പിക്കുന്ന ചിത്രമായിരുന്നു ക്രിസ്റ്റി.  ടീനേജിൽ പല ചെറുപ്പക്കാർക്കും തോന്നുന്ന വികാരമാണ് തന്നെക്കാൾ പ്രായം കൂടിയ ഒരു പെണ്ണിനോട് ഇഷ്ടം തോന്നുന്നത്. അത് കണക്ട് ചെയ്യാൻ കഴിയുന്നവർക്ക് ഈ ചിത്രം കൂടുതൽ ഇഷ്ടമാകും. ക്രിസ്റ്റി എന്ന മാളവിക മോഹനന്റെ  കഥാപാത്രത്തോടും റോയ് എന്ന മാത്യു തോമസിന്റെ കഥാപാത്രത്തോടും അത്രമാത്രം അടുത്ത് സഞ്ചരിക്കാൻ പ്രേക്ഷകർക്ക് കഴിയുന്നുണ്ട്. അതിന് തിരക്കഥാ കൃത്തുക്കളായ ബെന്യാമിനും ഇന്ദുഗോപനും വലിയ കയ്യടി തന്നെ നൽകണം .

അധികം വലിച്ചു നീട്ടലോ ഏച്ചുകെട്ടാലോ ഇല്ലാതെ ആവശ്യമുള്ള സിറ്റുവേഷൻസ് മാത്രം ചേർത്തു കൊണ്ട് ഇരുവരും തമ്മിലുള്ള ബന്ധം പൂർണമായി പ്രേക്ഷകർക്ക് മനസ്സിലാക്കിയെടുക്കാൻ കഴിയുന്നുണ്ട്.  ട്യൂഷൻ ടീച്ചറായ ക്രിസ്റ്റിയുടെ അടുത്ത് പഠിക്കാൻ എത്തുന്ന കൗമാരക്കാരനായ റോയുടെ കഥയാണ് ആദ്യ പകുതിയിൽ . ആനന്ദ് സി ചന്ദ്രന്റെ സിനിമാറ്റൊഗ്രാഫിയുടെ ഭംഗിയും മനു ആന്റണിയുടെ ഓരോ കട്ട്സും ഗോവിന്ദ് വസന്തയുടെ മനോഹരമായ മ്യൂസിക് വർക്കും എടുത്ത് പറയേണ്ടത് തന്നെയാണ്. പൂവാറിന്റെ ഭംഗി മുഴുവൻ ഒപ്പിയെടുക്കാൻ സാധിച്ചിട്ടുണ്ട് എന്നതും എടുത്ത് പറയേണ്ടതാണ്. പ്രകടനങ്ങളുടെ മികവും എടുത്ത് സൂചിപ്പിക്കേണ്ടതാണ്. മാത്യു തോമസും മാളവികയും തമ്മിലെ കെമിസ്ട്രി നല്ല പോലെ പ്രേക്ഷകന് ഫീൽ ചെയ്യുന്നുണ്ട് . സിനിമ പ്രേക്ഷകനെ പുതിയ ദൃശ്യാനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.