ഗോഡ്ഫാദറിനൊപ്പം ലൂസിഫറും റിലീസ് ചെയ്യാൻ തീരുമാനം; വിമർശനങ്ങളുമായി മലയാളി പ്രേക്ഷകർ
1 min read

ഗോഡ്ഫാദറിനൊപ്പം ലൂസിഫറും റിലീസ് ചെയ്യാൻ തീരുമാനം; വിമർശനങ്ങളുമായി മലയാളി പ്രേക്ഷകർ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റർ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് ‘ലൂസിഫർ’. മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം എന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്. ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ചിരഞ്ജീവി നായകനായെത്തുന്ന ‘ഗോഡ് ഫാദർ’. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് തെലുങ്കിൽ ചിരഞ്ജീവി എത്തുന്നത്. ഗോഡ് ഫാദർ ചിരഞ്ജീവിയുടെ 153 മത്തെ ചിത്രമാണ്. ലൂസിഫർ വമ്പൻ ഹിറ്റായി മാറിയതിനു പുറകെയാണ് ചിരഞ്ജീവി ലൂസിഫറിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. ലൂസിഫർ ചിരഞ്ജീവിക്ക് ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞ മാസ്സ് ചിത്രമാക്കുന്നതിനുള്ള മാറ്റങ്ങൾ റീമേക്ക് ചെയ്യുന്ന ചിത്രത്തിൽ വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇതുപ്രകാരം സുജിത്, വി. വി. വിനായക് എന്നിവർ സംവിധാന സ്ഥാനത്ത് വന്നുവെങ്കിലും ഇവർ തിരക്കഥയിൽ വരുത്തിയ മാറ്റങ്ങൾ താരത്തിന് തൃപ്തികരമായില്ല. ഇതേ തുടർന്ന് തമിഴ് സംവിധായകനായ മോഹൻലാൽ രാജാ ഈ പ്രോജക്ടിന്റെ ഭാഗമാവുകയും ലൂസിഫറിന്റെ തെലുങ്ക് റീമേക് സംവിധാനം ചെയ്യുകയും ചെയ്തു. എൻ. വി. പ്രസാദാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴിതാ വിചിത്രമായൊരു തീരുമാനവുമായി ഗോഡ് ഫാദറിന്റെ ടീം രംഗത്തെത്തിരിക്കുകയാണ്. തെലുങ്കിനൊപ്പം ചിത്രത്തിന്റെ മലയാളം വേർഷനും റിലീസ് ചെയ്യണമെന്നാണ് ഗോഡ് ഫാദറിന്റെ അണിയറ പ്രവർത്തകർ പറയുന്നത്. സോഷ്യൽ മീഡിയകളിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയാണ്. മലയാളത്തിൽ നിന്ന് തന്നെ റീമേക്ക് ചെയ്യുന്ന ചിത്രത്തിന്റെ മലയാളം വേർഷൻ എന്തിനാണ് വീണ്ടും റിലീസ് ചെയ്യുന്നത് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ വിമർശനങ്ങളാണ് മലയാളി പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ലൂസിഫർ തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോൾ വരുത്തിയ മാറ്റങ്ങളാണ് ഇത്തരം വിമർശനങ്ങൾക്ക് കാരണമായത്. ലൂസിഫറിൽ പൃഥ്വിരാജ് ചെയ്ത സയീദ് മസൂദ് എന്ന കഥാപാത്രത്തെ ഗോഡ് ഫാദറിൽ ചെയ്യുന്നത് ബോളിവുഡ് താരം സൽമാൻ ഖാനാണ്. അതിനാൽ ചിത്രത്തിന്റെ ഹിന്ദി വേർഷനും ഉണ്ടായേക്കാം. മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസായി തെലുങ്കിൽ എത്തുന്നത് നയൻതാരയാണ്. നീരവ് ഷാ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം എസ്. തമനാണ് ചെയ്യുന്നത്. ലൂസിഫറിന്റെ സംഘട്ടനം സംവിധാനം ചെയ്ത സിൽവ തന്നെയാണ് ഗോഡ് ഫാദറിലെയും സംഘട്ടനം സംവിധാനം ചെയ്യുന്നത്.