ചുവന്ന സ്പ്ലന്‍ഡറില്‍ എത്തിയ ചുള്ളന്‍ ചെക്കന്‍… ചാക്കോച്ചന്റെ അഭിനയ ജീവിതത്തിന് 25 വയസ്സ്
1 min read

ചുവന്ന സ്പ്ലന്‍ഡറില്‍ എത്തിയ ചുള്ളന്‍ ചെക്കന്‍… ചാക്കോച്ചന്റെ അഭിനയ ജീവിതത്തിന് 25 വയസ്സ്

ലയാളത്തിന്റെ നിത്യയൗവനം എന്ന് വിശേഷിപ്പിക്കാവുന്ന കുഞ്ചാക്കോ ബോബന്റെ ചലച്ചിത്ര ജീവിതത്തിന് ഇന്ന് 25 വര്‍ഷം തികയുകയാണ്. 1981ല്‍ ബാലതാരമായി അദ്ദേഹം സില്‍വര്‍ സ്‌ക്രീനില്‍ എത്തിയിട്ടുണ്ടെങ്കിലും ഫാസില്‍ സംവിധാനം ചെയ്ത് ശാലിനി നായികയായി എത്തിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലാണ് ചാക്കോച്ചന്‍ ആദ്യമായി നായക വേഷം അവതരിപ്പിച്ചുകൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുന്നത്. സുധി എന്ന കഥാപാത്രം ഇന്നും യുവാക്കളുടെ ഹരമാണ്. ധന്യ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ ബാലതാരമായി ആദ്യം ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. അനിയത്തിപ്രാവിന് ശേഷം നിരവധി മികച്ച ചിത്രങ്ങളില്‍ കുഞ്ചാക്കോ ബോബന്‍ നായകനായി. നിറം, നക്ഷത്ര താരാട്ട്, നക്ഷത്രത്താരാട്ട്, കസ്തൂരിമാന്‍ തുടങ്ങിയവയിലെല്ലാം മികച്ച കഥാപാത്രങ്ങള്‍ ചാക്കോച്ചനെ തേടിയെത്തി.

കരിയറില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുള്ള ആളാണ് കുഞ്ചാക്കോ ബോബന്‍. പലപ്പോഴും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ തുടങ്ങിയ നടന്‍. എന്നാല്‍ രണ്ട് വര്‍ഷത്തെ ഇടവേള എടുത്ത് അദ്ദേഹം മടങ്ങി വന്നു. സിനിമ തന്നെ വേണ്ട എന്ന് വിചാരിച്ചിരുന്ന സമയമുണ്ടായിരുന്നു എന്ന് ചാക്കോച്ചന്‍ തന്നെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. തിരികെ സിനിമയിലേയ്ക്ക് വരാന്‍ കാരണം തന്റെ ഭാര്യയാണെന്നും അദ്ദേഹം അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ഭാര്യ പ്രിയയോടൊപ്പമാണ് ചാക്കോച്ചന്‍ തന്റെ 25 വര്‍ഷത്തെ അഭിനയജീവിതം ആഘോഷിച്ചത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ ചാക്കോച്ചന്‍ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്തു. എല്‍സമ്മ എന്ന ആണ്‍കുട്ടി, ട്രാഫിക്ക്, സീനീയേഴ്‌സ്, റോമന്‍സ്, മല്ലുസിങ്, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും തുടങ്ങിയ സിനിമകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി. ഒരു പടികൂടി കടന്ന്, കുറച്ചുകൂടി അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളാണ് പിന്നീട് കുഞ്ചാക്കോ ബോബന്‍ എന്ന നടന്‍ തെരഞ്ഞെടുത്തത്. ടേക്ക് ഓഫ്, നായാട്ട്, അഞ്ചാം പാതിര, ഭീമന്റെ വഴി, വൈറസ് തുടങ്ങി പട എന്ന ഹിറ്റ് ചിത്രത്തില്‍ എത്തി നില്‍ക്കുകയാണ് ചാക്കോച്ചന്റെ അഭിനയ ജീവിതം. മറ്റ് സിനിമകളുടെ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

‘ന്നാ താന്‍ കേസ് കൊട്’ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ സെറ്റിലാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബനുള്ളത്. ഇവിടെ ഭാര്യയ്‌ക്കൊപ്പം കേക്ക് മുറിച്ച് അദ്ദേഹം തന്റെ സിനിമാ ജീവിതത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിച്ചു. വിവാഹം കഴിഞ്ഞ് 14 വര്‍ഷം കുഞ്ഞുങ്ങളുണ്ടാകാതിരുന്ന ചാക്കോച്ചന്‍ ആ ഘട്ടം എങ്ങനെ കടന്നു എന്നതിനെക്കുറിച്ച് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഈ പ്രതിസന്ധിയാണ് ചാക്കോച്ചന്റെ വ്യക്തി ജീവിതത്തില്‍ ഉണ്ടായിട്ടുള്ള വലിയ മോശം കാലഘട്ടം. എന്നാല്‍ ഇസഹാക്ക് എന്ന് കുഞ്ഞ് ജനിച്ചതോടെ കൂടുതല്‍ ഊര്‍ജ്ജത്തോടെ ചാക്കോച്ചന്‍ അഭിനയ രംഗത്ത് സജീവമാവുകയായിരുന്നു.