പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാതെ സ്‌ക്രീനിൽ നിറഞ്ഞാടി ‘സേതുരാമയ്യർ’. അയ്യരുടെ അഞ്ചാം വരവും ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. കെ. മധുവിൻ്റെ സംവിധാനത്തില്‍ ‘സിബിഐ 5: ദ ബ്രെയിൻ’ എന്ന മമ്മൂട്ടി സൂപ്പർ ഹിറ്റ് ചിത്രം ഇന്ന് പ്രദര്‍ശനത്തിനെത്തിയപ്പോൾ സിബിഐ സീരിസിലെ ഏറ്റവും മികച്ചതും, വ്യത്യസ്തവും, അതേസമയം കഥയുടെ മൂല്യവും, അംശവും ഒട്ടും തന്നെ ചോർന്നു പോകാത്ത തരത്തിലാണ് അണിയറ പ്രവർത്തകർ സേതുരാമയ്യരെ പ്രേക്ഷർക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിന് അകത്തും, പുറത്തും മമ്മൂട്ടി ആരാധകർ ഒന്നാകെ ചിത്രത്തിന് വലിയ സ്വീകരണമാണ് നൽകിയിരിക്കുന്നത്. ആദ്യ പകുതി കഴിയുമ്പോൾ തന്നെ ചിത്രത്തിന് വളരെ നല്ല അഭിപ്രയമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
പ്രേക്ഷരുടെ അഭിപ്രായങ്ങൾ തങ്ങളുടെ എഴുത്തുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന വലിയൊരു വിഭാഗം ആളുകളെയും കാണാൻ സാധിക്കുന്നു. ചിത്രത്തിൻ്റെ ഫസ്റ്റ് ഹാഫ് മികച്ചതെന്നും, മേക്കിങ്ങ് ഗംഭീര ലെവലെന്നും, സായികുമാറിൻ്റെ അത്യുഗ്രൻ പ്രകടനമെന്നും, ശേഷം അയ്യരുടെ മാസ് എൻട്രിയും ….ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ഇന്റർവ്വൽ പഞ്ചും… അയ്യരുടെ അഞ്ചാം വരവ് വാക്കുകൾക്ക് അതീതമെന്നോണം മികച്ചതാക്കിയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകളും, പ്രേക്ഷക പ്രതികരണവും. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രത്തിൻ്റെ നിർമാതാവ്. മുകേഷ്, സായ്‍കുമാര്‍ തുടങ്ങിയവരും സിബിഐ – 5 ലുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാർ സ്‌ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ‘സിബിഐ’യുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. ‘സിബിഐ’ സിരീസിലെ മറ്റ് സിനിമകള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.
‘സിബിഐ’ സീരിസിലെ ആദ്യ ചിത്രം ‘ഒരു സിബിഐ ഡയറികുറിപ്പ്’ ആയിരുന്നു. പിന്നീട് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നീ ചിത്രങ്ങളും പിന്നാലെയെത്തി. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഒരു സിനിമയുടെ അഞ്ചാം ഭാഗം പുറത്തിറങ്ങുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എസ് എന്‍ സ്വാമി രചിച്ച തിരക്കഥയില്‍ കെ. മധു തന്നെയായിരുന്നു എല്ലാ ‘സിബിഐ’ ചിത്രങ്ങളും സംവിധാനം ചെയ്‍തത്. സിബിഐ സീരിസിൻ്റെ അഞ്ചാം ഭാഗം പുറത്തിറങ്ങാനിരിക്കെ പലതരത്തിലുള്ള അഭിപ്രായങ്ങൾ ചിത്രത്തിന് നേരേ ഉയർന്നിരുന്നു. സിബിഐ അഞ്ചാം ഭാഗത്തിൽ പഴയതിൽ നിന്നും വ്യത്യസ്തമായി ഒന്നുമില്ലെന്നും, അയ്യർക്ക് ഇത്തവണ അടിപതറുമെന്നും ഉൾപ്പടെയുള്ള പലതരത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
എന്നാൽ ഇത്തരം ആരോപണങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് സിബിഐ 5 ആദ്യ ദിനം പ്രദർശനം കഴിയുമ്പോൾ പ്രേക്ഷകരെക്കൊണ്ട് അടിപൊളിയെന്നും, മികച്ചതെന്നും മാറ്റി പറയിപ്പിച്ചത്. ഒരു തരത്തിലും കുറ്റം പറയാൻ സാധിക്കാത്ത തരത്തിലാണ് ചിത്രത്തിൻ്റെ മേക്കിങ്ങ്. വർഷങ്ങൾ പിന്നിടുമ്പോൾ സേതുരാമയ്യർ എന്ന കഥാപാത്രം പ്രേക്ഷർക്ക് മുൻപിൽ എത്തുമ്പോൾ രൂപത്തിലും, ഭാവത്തിലും , അഭിനയമികവൊന്നും ചോർന്നു പോകാത്ത തരത്തിലാണ് അയ്യർ പ്രത്യക്ഷപ്പെട്ടത്. കാലപഴക്കം കൂടിയപ്പോൾ അയ്യരുടെ മുഖസൗന്ദര്യവും, ശരീരഘടനയും ഒരു തരത്തിലുള്ള കോട്ടം സംഭവിക്കാതെയാണ് അയ്യർ കാത്ത് സൂക്ഷിച്ചത് എന്നാണ് ഏറ്റവും വലിയ പ്രത്യേകത. ആദ്യ ദിനം തന്നെ ഫസ്റ്റ് ഷോയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രദർശനം കഴിയുന്നതോടു കൂടെ മമ്മൂട്ടി എന്ന നടൻ്റെ അല്ല … സേതുരാമയ്യർ എന്ന പകരം വെക്കാനില്ലാത്ത കഥാപാത്രത്തിൻ്റെ അഭിനയ ജീവിതത്തിലെ ഒരു പൊൻതൂവലായിരിക്കും സിബിഐ5 എന്ന കാര്യത്തിൽ ഒരു മറുവാക്ക് ഇല്ലെന്ന് സാരം.
ചിത്രം മികച്ചതെന്ന് ഒരു വിഭാഗം അവകാശ വാദം ഉന്നയിക്കുമ്പോൾ ഒരു ആവറേജ് ചിത്രമെന്ന നിലയ്ക്ക് മാത്രം കണ്ടാൽ മതിയെന്നും, പറയത്തക്ക വ്യത്യാസങ്ങളോ, മാറ്റങ്ങളോ ചിത്രത്തിൽ കാണാൻ സാധിക്കില്ലെന്നുമാണ് മറുവാദം. അയ്യർ ഇപ്പോഴും പഴയ അയ്യർ എന്ന നിലയ്ക്കും, കഥയിൽ വലിയ രീതിയിലുള്ള മാറ്റങ്ങളൊന്നുമില്ലാതെ നീട്ടി വലിച്ച് കൊണ്ടുപോകുന്നു എന്നീ തരത്തിലും പ്രതികരണം ഉയർത്തുന്നവരുണ്ട്. ഒരു കഥ തന്നെ മാറ്റി മറച്ച് കാണിക്കുമ്പോൾ അത് പ്രേക്ഷകരിൽ മടുപ്പ് രൂപപ്പടുത്തുമെന്നും, പുതിയ കാലത്തിൻ്റെ രീതികൾക്ക് അനുസൃതമായി ചിത്രത്തിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും വേണ്ട രീതിയിൽ അത് ഫലം കണ്ടിട്ടില്ലെന്നും വാദം ഉയരുന്നുണ്ട്.
വലിയൊരു ഇടവേളയ്ക്ക് ശേഷം സിബിഐ 5 – ലൂടെ പ്രേക്ഷർക്ക് മുൻപിൽ എത്തുന്ന മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം… ഹാസ്യ രാജാവ് ജഗതി ശ്രീകുമാറിനെ സ്‌ക്രീനിൽ വീണ്ടും കാണാൻ സാധിച്ചതിൻ്റെയും, അദ്ദേഹം നടത്തിയ തിരിച്ചു വരവും ചിത്രത്തിൽ ഏറെ കൈയടി നേടി എന്നു മാത്രമല്ല, സിബിഐ 5 – ലൂടെ ജഗതിയുടെ കിടിലൻ പെർഫോമെൻസും കാഴ്ചവെച്ചു എന്നതാണ് ഏറെ ശ്രദ്ധ നേടുന്ന മറ്റൊരു കാര്യം. ചിത്രം മികച്ചതെന്ന് അവകാശവാദം ഉന്നയിക്കുമ്പോൾ അത്രപോരയെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. മൊത്തത്തിൽ കൊള്ളാം എന്ന നിലയ്‌ക്കാണ് പ്രേക്ഷക പ്രതികരണങ്ങൾ ഉയരുന്നത്.