CBI 5 ‘ദ ബ്രെയിൻ’: റെക്കോർഡ് സാറ്റലൈറ്റ് തുകയ്ക്ക് സ്വന്തമാക്കി ഡിസ്‌നി + ഹോട്സ്റ്റാറും ചാനൽ പാർട്ണർ ആയി ഏഷ്യാനെറ്റും
1 min read

CBI 5 ‘ദ ബ്രെയിൻ’: റെക്കോർഡ് സാറ്റലൈറ്റ് തുകയ്ക്ക് സ്വന്തമാക്കി ഡിസ്‌നി + ഹോട്സ്റ്റാറും ചാനൽ പാർട്ണർ ആയി ഏഷ്യാനെറ്റും

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സിബിഐ 5-ാം പതിപ്പ് വന്‍തുകയ്ക്ക് സ്വന്തമാക്കി ഏഷ്യാനെറ്റും ഡിസ്‌നിപ്ലസ് ഹോട്ട് സ്റ്റാറും. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശമാണ് ഏഷ്യാനെറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ പാര്‍ട്ട്‌നറാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍. മലയാള സിനിമയിലെയും മമ്മൂട്ടിയുടെ കരിയറിലെയും ഐക്കോണിക് കഥാപാത്രമാണ് സേതുരാമയ്യര്‍ സിബിഐ. സിബിഐ 5 ദ ബ്രയ്ന്‍ എനനാണ് ഏറ്റവും പുതിയ ചിത്രത്തിന്റെ പേര്. വലിയ പ്രേക്ഷക പ്രതീക്ഷയാണ് സിനിമയ്ക്കുള്ളത്. സിനിമയുടെ എല്ലാ അപ്ഡേഷനുകള്‍ക്കും വലിയ സ്വീകര്യത ലഭിക്കുന്നുണ്ട്. ഈദിനോടനുബന്ധിച്ച് ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.

സിബിഐ സീരീസിലെ എല്ലാ ചിത്രങ്ങളും ഹിറ്റാണ്. 1988ലെ ഒരു സിബിഐ ഡയറിക്കുറിപ്പ്, 1989ലെ ജാഗ്രത, 2004ലെ സേതുരാമയ്യര്‍ സിബിഐ, 2005ലെ നേരറിയാന്‍ സിബിഐ എന്നിവയാണ് ഈ പരമ്പരയിലെ മുന്‍ ചിത്രങ്ങള്‍. മമ്മൂട്ടിയ്ക്ക് ഒപ്പം തന്നെ ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷ്, വിക്രം എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ജഗതിശ്രീകുമാര്‍ തുടങ്ങിയവരും സേതുരാമയ്യര്‍ സീരീസിലെ താരങ്ങളാണ്. ഇത്തവണയും സേതുരാമയ്യര്‍ ഞെട്ടിക്കും എന്ന് തന്നെയാണ് പ്രേക്ഷക പ്രതീക്ഷ. കാലത്തിന് അനുസരിച്ചുള്ള എല്ലാ മാറ്റങ്ങളും ചേരുവകളും ചിത്രത്തില്‍ ഉണ്ടാകും. മുകേഷ്, സായ്കുമാര്‍,ആശ ശരത്ത്,അനൂപ് മേനോന്‍, രന്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി പഴയതും പുതിയതുമായ തലമുറയില്‍പ്പെട്ട താരനിര അണിനിരക്കുന്ന ചിത്രം കൂടിയാണ് വരാന്‍ പോകുന്നത്. പ്രേക്ഷകര്‍ മാത്രമല്ല അണിയറ പ്രവര്‍ത്തകരും ഒട്ടും ആവേശം ചോരാതെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്. സേതുരാമയ്യര്‍ എപ്പോഴും കാവല്‍ ആണെന്നും ബുദ്ധിമാനായ പട്ടര്‍ ചാര്‍ജെടുക്കുന്നു എന്നും പറഞ്ഞുകൊണ്ടാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് ചിത്രം പ്രഖ്യാപിക്കുന്നത് തന്നെ. ഇത് മലയാള സിനിമയുടെ ചരിത്രനിമിഷമാണെന്നും അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ സിനിമയെ വിശേഷിപ്പിച്ചിരുന്നു.

ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും മെഗാസ്റ്റാറായ മമ്മൂട്ടിയ്ക്കും സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിനും രചയിതാവ് എസ് എന്‍ സ്വാമിയ്ക്കും ഒപ്പമുള്ള 35 വര്‍ഷത്തെ യാത്രയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു എന്ന് നേരത്തെ സംവിധായകന്‍ മധു സോഷ്യല്‍ മീഡീയയില്‍ കുറിച്ചിരുന്നു. ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന്‍ എന്ന അപൂര്‍വ്വ നേട്ടമാണ് സിബിഐയുടെ അഞ്ചാം പതിപ്പോടെ മലയാള സിനിമ സ്വന്തമാക്കുന്നത്. കൈ പിന്നില്‍ കെട്ടി അന്വേഷണം നടത്തുന്ന സേതുരാമയ്യര്‍ ഒരു ഓളം തന്നെയാണ്. ഇത് എക്കാലത്തെയും ട്രെന്‍ഡും ആയിരുന്നു. അതുകൊണ്ട് ചിത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ സ്റ്റില്‍ തന്നെ മുഖം വ്യക്തമാവാത്ത തരത്തില്‍ സേതുരാമയ്യരുടെ പിന്നില്‍ നിന്നുള്ള ഒരു മിഡ് ഷോട്ട് ആയിരുന്നു. ‘ഒഫിഷ്യല്‍ ലീക്ക്!’ എന്നായിരുന്നു മമ്മൂട്ടി ഇതിന് നല്‍കിയിരുന്ന ക്യാപ്ഷന്‍. ചിത്രത്തിന്റെ പൂജ ദിവസം സംസ്ഥാനത്തെ എല്ലാ ജില്ലകളിലെലും റിലീസിങ് ക്യാമ്പുകളില്‍ ആരാധകര്‍ ഫ്ളെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. സേതുരാമയ്യര്‍ എന്ന ബുദ്ധിമാനായ കുറ്റാന്വേഷകന്റെ പുതിയ രീതികള്‍ കേരളം ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.