ബിഗ് ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സിനിമാ ലോകത്തേക്ക് ; വരവറിയിച്ച്‌ സാക്ഷാൽ മോഹൻലാൽ
1 min read

ബിഗ് ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സിനിമാ ലോകത്തേക്ക് ; വരവറിയിച്ച്‌ സാക്ഷാൽ മോഹൻലാൽ

ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ പ്രേക്ഷകർക്ക്  പ്രിയപ്പെട്ടവനായി മാറിയ ആളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ഷോയിൽ നിന്നും റോബിൻ പുറത്തായപ്പോൾ നിരവധി ആരാധകരെയാണ് അത് വിഷമത്തിൽ ആക്കിയത്. റോബിൻ ആർമി അന്ന് സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധങ്ങൾ അറിയിച്ചിരുന്നു. എന്നാൽ റോബിൻ ആർമികൾക്ക്  ഏറ്റവും സന്തോഷം തരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

മോട്ടിവേഷണൽ സ്പീക്കറും ഡോക്ടറുമായ റോബിൻ രാധാകൃഷ്ണൻ സിനിമാരംഗത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. പ്രശസ്ത നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ എസ്. ടി. കെ ഫ്രെയിംസ് നിർമ്മിക്കുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നില്ലെങ്കിലും വളരെ സുപ്രധാനമായ കഥാപാത്രത്തെയാണ് റോബിൻ അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. പ്രൊഡക്ഷൻ നമ്പർ: 14 ൽ റോബിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ പോസ്റ്റർ റിലീസ് ചെയ്തത്.

സന്തോഷ് ടി കുരുവിളയും മറ്റു പ്രമുഖ വ്യക്തികളും പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. “ഡോ. റോബിൻ രാധാകൃഷ്ണൻ മികച്ച പ്രതിഭ തന്നെയാണെന്നും ചെറിയ ഒരു കാലം കൊണ്ട്  അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞത് ചെറിയ കാര്യമല്ലയെന്നും സന്തോഷ് കുറിച്ചു. സിനിമ വേറൊരു തട്ടകമാണ് കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരും, ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിയ്ക്കുമെന്നും തീർച്ചയായും പുതു തലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ വിനോദ വ്യവസായത്തിന് മുൻപോട്ട് പോകാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡ്യൂട്ടി മെഡിക്കൽ ഓഫീസറാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ആരാധകർക്കിടയിൽ റോബിൻ ഡോ.മച്ചാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സാർത്ഥിയായിരിക്കെ ഒരു ടാസ്ക്കിനിടയിൽ എതിർവശത്തുണ്ടായിരുന്ന മത്സരാർത്ഥിയെ  ബലം പ്രയോ​ഗിച്ച് തള്ളി എന്ന കാരണത്താലാണ് ബി​ഗ്ബോസിൽ നിന്നും പുറത്താകുന്നത്.

നാഷണൽ യൂത്ത് ഐക്കൺ അവാർഡ് കമ്മിറ്റിയുടെ ഗ്ലോബൽ യൂത്ത് ഐക്കൺ അവാർഡ് ലഭിച്ച റോബിൻ കൗമുദി ചാനലിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന ഷോയിലൂടെയും മലയാളികൾക്ക് പരിചിതനാണ്. ‘ഡാ തടിയാ’, ‘മഹേഷിന്റെ പ്രതികാരം’, ‘മായാനദി’, ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ തുടങ്ങിയ ജനപ്രിയ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവാണ് സന്തോഷ്‌ ടി കുരുവിള. മൂൺ ഷോട്ട്‌ എന്റർടൈന്മെന്റ്സ്‌, ഓ പി എം സിനിമാസ്‌‌, എസ്‌ ടി കെ ഫ്രെയിംസ്‌ എന്നീ ബാനറുകളിലായി ഇതിനോടകം 13 ചിത്രങ്ങൾ സന്തോഷ്  നിർമ്മിച്ചിട്ടുണ്ട്. ‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് അടുത്തതായി റിലീസിനൊരുങ്ങി നിൽക്കുന്ന അദ്ദേഹത്തിന്റെ മറ്റൊരു ചിത്രം. എസ്‌ ടി കെ ഫ്രെയിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന 14-ആമത്തെ ചിത്രത്തിലാണ് റോബിൻ ഉള്ളത്. റോബിന്റെ ആദ്യ സിനിമാപ്രവേശം ഏറെ പ്രതീക്ഷയുണർത്തുന്നതാണ്.