മാര്‍ച്ചില്‍ തീയറ്ററുകള്‍ പിടിച്ചടക്കിയത് മമ്മൂട്ടിയുടെ മൈക്കളപ്പന്‍; റെക്കോര്‍ഡ് കളക്ഷനുമായി മുന്നില്‍ ഭീഷ്മപര്‍വ്വം
1 min read

മാര്‍ച്ചില്‍ തീയറ്ററുകള്‍ പിടിച്ചടക്കിയത് മമ്മൂട്ടിയുടെ മൈക്കളപ്പന്‍; റെക്കോര്‍ഡ് കളക്ഷനുമായി മുന്നില്‍ ഭീഷ്മപര്‍വ്വം

ളരെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളാണ് മാര്‍ച്ച് മാസത്തില്‍ റിലീസ് ചെയ്തത്‌. കോവിഡിന്റെ വലിയൊരു ഇടവേളയ്ക്ക് ശേഷം തീയറ്ററുകളില്‍ സിനിമ എത്തിയതിനൊപ്പം വലിയ പ്രേക്ഷക പിന്തുണ ഓരോ ചിത്രത്തിനും ലഭിക്കുകയും ചെയ്ത മാസമാണ് മാര്‍ച്ച്. അമല്‍നീരദിന്റെ മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വ്വമാണ് ഈ മാസത്തെ ഹൈലൈറ്റ്. പ്രതീക്ഷയ്ക്കും അപ്പുറമുള്ള വിജയമാണ് ചിത്രം സമ്മാനിച്ചത്. 18 കോടി രൂപയാണ് ഭീഷ്മ പര്‍വ്വത്തിന്റെ ആകെ ചെലവ്. 90 കോടിയിലധികമാണ് നിലവില്‍ ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍. മാത്രമല്ല, ആവേശം ഒട്ടും ചോരാതെ ചിത്രത്തിന്റെ പ്രദര്‍ശനം വിജയകരമായി മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. 90 കോടി എന്നത് തീയറ്റര്‍ കളക്ഷന്‍ മാത്രമാണ്. സാറ്റലൈറ്റ്, ഒടിടി തുടങ്ങിയവയിലൂടെ 115 കോടിയിലധികം സ്വന്തമാക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഏറ്റവും വലിയ കൊമേഷ്യല്‍ ഹിറ്റായി മാറിയിരിക്കുകയാണ് ഭീഷ്മപര്‍വ്വം.

പുലിമുരുകന്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങള്‍ക്ക് പിന്നിലായി കളക്ഷന്റെ കാര്യത്തില്‍ മൂന്നാംസ്ഥാനത്താണ് നിലവില്‍ ഭീഷ്മപര്‍വ്വമുള്ളത്. തീയറ്ററുകളില്‍ മോശമല്ലാത്ത കളക്ഷന്‍ നേടിയ മറ്റൊരു ചിത്രം കെ എം കമല്‍ സംവിധാനം ചെയ്ത പട എന്ന ചിത്രമാണ്. പക്ഷേ, വലിയ വിജയം എന്ന് ഈ ചിത്രത്തെ വിളിക്കാന്‍ സാധിക്കില്ല. മാര്‍ച്ചില്‍ കുറേയേറെ ചിത്രങ്ങള്‍ തീയറ്ററില്‍ എത്തി. ആഷിക്ക് അബുവിന്റെ നാരദനാണ് അതിലൊന്ന്. ടൊവിനോ തോമസാണ് ചിത്രത്തില്‍ നായകന്‍. വൈശാഖിന്റെ നൈറ്റ്‌ഡ്രൈവ്, ഗ്രേസ് ആന്റണി, ഷറഫുദീന്‍ തുടങ്ങിയവര്‍ അഭിനയിച്ച പത്രോസിന്റെ പടവുകള്‍, ദുല്‍ഖര്‍ സല്‍മാന്റെ ക്രൈം ത്രില്ലര്‍ സല്യൂട്ട്, മഞ്ജു വാര്യര്‍, ബിജു മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ലളിതം സുന്ദരം, നവ്യ നായരുടെ കം ബാക്ക് ചിത്രം ഒരുത്തി, അനൂപ് മേനോന്റെ 21 ഗ്രാംസ് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. എന്നാല്‍ ഇവയെല്ലാം പരാജയങ്ങളായിരുന്നു.

അന്യഭാഷ ചിത്രങ്ങളില്‍ ഹോളിവുഡ് ചിത്രം ബാറ്റ്മാന്‍, രാജമൗലിയുടെ ബ്രഹ്‌മാണ്‍ ചിത്രം ആര്‍ആര്‍ആര്‍ എന്നിവ വലിയ നേട്ടമാണ് കേരളത്തില്‍ ഉണ്ടാക്കിയത്. പക്ഷേ, ബോളിവുഡ് വിജയ ചിത്രം കശ്മീര്‍ ഫയല്‍സും ദുല്‍ക്കറിന്റെ തമിഴ് ഹിറ്റായ ഹേ സിനാമികയും കേരളത്തില്‍ പരായജങ്ങളായിരുന്നു. ഭീഷ്മ പര്‍വ്വത്തിന് ഉണ്ടാക്കാന്‍ സാധിച്ച ഓളം മറ്റൊരു ചിത്രത്തിനും മാര്‍ച്ച് മാസത്തില്‍ കേരളത്തില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. മമ്മൂട്ടിയുടെ മൈക്കളപ്പനെ കാണാന്‍ മലയാളക്കര ആവേശത്തോടെയാണ് തീയറ്ററുകളിലേയ്ക്ക് ഓടിച്ചെന്നത് എന്ന് കളക്ഷന്‍ വിവരങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.