‘അവര്‍ മമ്മൂട്ടിയെ അവഗണിച്ചു; അജയ് ദേവ്ഗണിനെ പരിഗണിച്ചു’; പിന്നീട് സംഭവിച്ചത്! തുറന്നു പറഞ്ഞ് ബാലചന്ദ്രമേനോന്‍
1 min read

‘അവര്‍ മമ്മൂട്ടിയെ അവഗണിച്ചു; അജയ് ദേവ്ഗണിനെ പരിഗണിച്ചു’; പിന്നീട് സംഭവിച്ചത്! തുറന്നു പറഞ്ഞ് ബാലചന്ദ്രമേനോന്‍

സിനിമാരംഗത്ത് നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, എന്നീ നിലകളില്‍ പ്രശസ്തനാണ് ബാലചന്ദ്രമേനോന്‍. സ്വന്തമായി രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1998-ല്‍ പുറത്തിറങ്ങിയ സമാന്തരങ്ങള്‍ എന്ന ചിത്രത്തിലെ ഇസ്മായില്‍ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്‌കാരത്തിന് അദ്ദേഹം അര്‍ഹനായി. അതുപോലെ ബാലചന്ദ്രമേനോന്‍ മലയാള സിനിമയിലേക്ക് കൊണ്ടു വന്ന പുതുമുഖ താരങ്ങള്‍ നിരവധിയാണ്. ശോഭന – ഏപ്രില്‍ 18, പാര്‍വതി – വിവാഹിതരേ ഇതിലേ ഇതിലേ, മണിയന്‍പിള്ള രാജു – മണിയന്‍ പിള്ള അഥവ മണിയന്‍ പിള്ള , കാര്‍ത്തിക – മണിച്ചെപ്പ് തുറന്നപ്പോള്‍, ആനി – അമ്മയാണെ സത്യം, നന്ദിനി – ഏപ്രില്‍ 19 തുടങ്ങിയവരാണ് അദ്ദേഹത്തിന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയത്.

ഇപ്പോഴിതാ, അദ്ദേഹം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. തന്റെ ഇടപെടല്‍ കാരണമാണ് മമ്മൂട്ടിക്ക് മൂന്നാംതവണ ദേശീയ പുരസ്‌കാരം ലഭിച്ചതെന്നാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്. 1999ലെ ദേശീയ ചലച്ചിത്രപുരസ്‌കാര ജൂറിയുടെ ആദ്യതീരുമാനം മമ്മൂട്ടിക്കെതിരായിരുന്നുവെന്നും, ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ഡോ.ബാബാസാഹേബ് അംബേദ്കറിലെ മമ്മൂട്ടിയുടെ മികച്ച പ്രകടനം ജൂറ അംഗങ്ങള്‍ കണ്ടില്ലെന്ന് വെച്ചപ്പോള്‍ മമ്മൂട്ടിക്ക് വേണ്ടി സംസാരിച്ചത് താനാണെന്നാണ് അദ്ദേഹം പറയുന്നത്.

അന്ന് പടങ്ങള്‍ കണ്ട ഭൂരിപക്ഷം ജൂറി അംഗങ്ങളും ‘സഖം’ എന്ന ഹിന്ദി ചിത്രത്തിലെ അജയ് ദേവ്ഗണിന്റെ പ്രകടനം മികച്ചതെന്നാണ് പറഞ്ഞത്. എന്നാല്‍ മമ്മൂട്ടിയുടെ ‘അംബേദ്ക്കര്‍’ ഉള്ളപ്പോള്‍ ആയിരുന്നു ജൂറിയുടെ തീരുമാനം. മമ്മൂട്ടിയുടേത് മികച്ച പ്രകടനമല്ലെന്നും ചിത്രം ഒരു ഡോക്യുമെന്ററി പോലെയാണെന്നും ചില ജൂറി അംഗങ്ങള്‍ വാദിച്ചെങ്കിലും, കഥാപാത്രത്തോട് മമ്മൂട്ടി അത്രയേറെ നീതിപുലര്‍ത്തിയിട്ടും അത് അവഗണിക്കുന്നത് ശരിയല്ലെന്ന് തനിക്ക് തോന്നിയെന്നും, രൂപത്തില്‍, ശബ്ദത്തില്‍, ശരീരഭാഷയില്‍ എല്ലാം അംബേദ്കറായി മാറാന്‍ മമ്മൂട്ടി എന്ന നടന് കഴിഞ്ഞെങ്കില്‍ എങ്ങനെ ആ ചിത്രം അവഗണിക്കാന്‍ കഴിയും എന്ന് താന്‍ തിരിച്ചുചോദിച്ചെന്നും ബാലചന്ദ്ര മോനോന്‍ പറഞ്ഞു. തന്റെ ചോദ്യങ്ങള്‍ക്ക് ജൂറി അംഗങ്ങള്‍ക്ക് മറുപടിയുണ്ടായില്ല. എങ്കില്‍ രണ്ടുപേര്‍ക്കും പുരസ്‌കാരം നല്‍കാം എന്നായി. ഈ നിലപാട് അംഗീകരിക്കാന്‍ ജൂറി ചെയര്‍മാന്‍ ഡിവിഎസ് രാജു തയാറായില്ല. മികച്ച നടനുള്ള പുരസ്‌കാരം ഒരാള്‍ക്കുമാത്രം മതി എന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. പിന്നീട് അവരുടെ തീരുമാനം മമ്മൂട്ടിക്ക് പ്രത്യേക പരാമര്‍ശം നല്‍കാമെന്നായിരുന്നു.

എന്നാല്‍ മികച്ച നടനുള്ള അവാര്‍ഡ് രണ്ട് പേര്‍ക്ക് നല്‍കിയ ചരിത്രമുണ്ടെന്നും തനിക്ക് അങ്ങനെ ലഭിച്ചതാണെന്നും ഞാന്‍ ചെയര്‍മാനോട് പറഞ്ഞു. ഒടുവില്‍ അദ്ദേഹം അത് അംഗീകരിക്കുകയും, മമ്മൂട്ടിക്ക് മൂന്നാമത്തെ ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുപക്ഷേ അന്ന് ഞാന്‍ മിണ്ടാതിരുന്നെങ്കില്‍ മമ്മൂട്ടിക്ക് ആ അവാര്‍ഡ് കിട്ടുമായിരുന്നില്ല. ഒരു ജൂറി അംഗത്തിന്റെ കടമ ഞാന്‍ ചെയ്തു. പിന്നീട് സംഭവമറിഞ്ഞ മമ്മൂട്ടിയും എന്നോട് പറഞ്ഞിട്ടുണ്ട്. അത് ബാലചന്ദ്രമേനോന്റെ കടമയാണെന്ന്. അദ്ദേഹം വ്യക്തമാക്കി.