‘ഒരുപാട് രാജ്യങ്ങളില്‍ ഷൂട്ടിംഗ് ഉണ്ടാകും, എമ്പുരാന്‍ വേറൊരു ലെവല്‍ പടമാണ്’; ബൈജു സന്തോഷ് വെളിപ്പെടുത്തുന്നു
1 min read

‘ഒരുപാട് രാജ്യങ്ങളില്‍ ഷൂട്ടിംഗ് ഉണ്ടാകും, എമ്പുരാന്‍ വേറൊരു ലെവല്‍ പടമാണ്’; ബൈജു സന്തോഷ് വെളിപ്പെടുത്തുന്നു

പൃഥ്വിരാജ് ആദ്യമായി സംവിധായകനായി എന്ന പ്രത്യേകതയുള്ള ചിത്രമായിരുന്നു ‘ലൂസിഫര്‍’. മോഹന്‍ലാല്‍ നായകനായി ‘ലൂസിഫര്‍’ സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ‘എമ്പുരാന്റെ’ അപ്‌ഡേറ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ലൂസിഫര്‍ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും ചിത്രീകരണം ഓഗസ്റ്റില്‍ തുടങ്ങുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ആറുമാസത്തോളമായി നടന്ന ലൊക്കേഷന്‍ ഹണ്ട് യാത്രകള്‍ ഉത്തരേന്ത്യയില്‍ അവസാനിച്ചെന്നും വിവരമുണ്ട്. ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചനകള്‍.

ഇപ്പോഴിതാ എമ്പുരാനില്‍ താനും ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് നടന്‍ ബൈജു സന്തോഷ്. എമ്പുരാന്‍ ഗംഭീര സിനിമ ആയിരിക്കുമെന്നും ഒരുപാട് രാജ്യങ്ങളില്‍ ഷൂട്ടിങ് ഉണ്ടെന്നും ബൈജു പറയുന്നു. ബൂമറാങ് എന്ന സിനിമയുടെ പ്രമോഷനിടെ ആയിരുന്നു നടന്റെ പ്രതികരണം. ‘എന്നെ നാലു ദിവസം മുന്‍പ് പൃഥ്വിരാജ് വിളിച്ചിരുന്നു. പുള്ളി ഗുജറാത്തില്‍ ലൊക്കേഷന്‍ കാണാന്‍ പോയതാണെന്ന് പറഞ്ഞു. ആദ്യഭാഗം പോലെ ആകില്ല എമ്പുരാന്‍. ഒരുപാട് രാജ്യങ്ങളില്‍ ഷൂട്ടിംഗ് ഉണ്ടാകും. വേറൊരു ലെവല്‍ പടമാണ്. ബാക്കി കഥയൊക്കെ പിന്നെ പറയാം എന്നും അദ്ദേഹം പറയുന്നു. ഈ സിനിമയില്‍ ലാലേട്ടന്റെ കൂടെത്തന്നെ ആയിരിക്കുമല്ലോ. ആയിരിക്കും, കാരണം ഈ സിനിമയില്‍ മമ്മൂക്ക ഇല്ലല്ലോ. ഇനി മമ്മൂക്ക ഉണ്ടാകുമോ എന്നൊന്നും എനിക്ക് അറിയില്ല കേട്ടോ. മലയാള സിനിമയില്‍ എന്തു വേണമെങ്കിലും സംഭവിക്കാം. ചിലപ്പോള്‍ മമ്മൂക്ക ഗെസ്റ്റ് അപ്പിയറന്‍സ് ആയി വന്നാലോ”, എന്നും ബൈജു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ലൂസിഫറിലേത് പോലെ മഞ്ജു വാരിയര്‍, ടൊവിനൊ തോമസ് തുടങ്ങിയവരും എമ്പുരാനിലും ഉണ്ടാകും. ലൂസിഫറിന്റെ ക്ളൈമാക്സിനുമപ്പുറം പ്രേക്ഷകരെ ഹരം കൊള്ളിച്ച മരണമാസ്സ് എന്‍ട്രി ആയിരുന്നു ഖുറേഷി അബ്രഹാം ആയുള്ള മോഹന്‍ലാലിന്റെ വരവ്. ഈ കഥാപാത്രത്തിലാകും മോഹന്‍ലാല്‍ രണ്ടാം ഭാഗത്തില്‍ എത്തുക എന്നാണ് വിവരം. ഈ വര്‍ഷം ഓഗസ്റ്റില്‍ ആയിരുന്നു എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. അവകാശവാദങ്ങളൊന്നുമില്ല. ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറാണ്. മറ്റ് ലെയറുകളെല്ലാം സിനിമ കാണുമ്പോള്‍ ആസ്വദിക്കാനായാല്‍ സന്തോഷമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. മലയാളത്തിന് പുറമെ ഇതര ഭാഷകളിലും എമ്പുരാന്‍ റിലീസ് ചെയ്യുമെന്നും പ്രഖ്യാപന വേളയില്‍ ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു.