”സകലകലാവല്ലഭനാണ് മോഹന്‍ലാല്‍, ഞങ്ങള്‍ രണ്ട്‌പേരും കൂടി മൂന്നാംമുറ ലൊക്കേഷനില്‍ വര്‍ക്കൗട്ട് ചെയ്തിട്ടുണ്ട്” ; ഓര്‍മകള്‍ പങ്കുവെച്ച് ബാബു ആന്റണി
1 min read

”സകലകലാവല്ലഭനാണ് മോഹന്‍ലാല്‍, ഞങ്ങള്‍ രണ്ട്‌പേരും കൂടി മൂന്നാംമുറ ലൊക്കേഷനില്‍ വര്‍ക്കൗട്ട് ചെയ്തിട്ടുണ്ട്” ; ഓര്‍മകള്‍ പങ്കുവെച്ച് ബാബു ആന്റണി

രു കാലത്ത് മലയാളത്തിലെ ആക്ഷന്‍ കിംഗായിരുന്നു ബാബു ആന്റണി. മുടി നീടി വളര്‍ത്തിയ ബാബു ആന്റണി അക്കാലത്തെ യുവാക്കളുടെ ഹരമായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെയാണ് നടന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. മലയാള സിനിമയിലെ മുന്‍നിര നായകന്മാരുടെയെല്ലാം വില്ലനായി ബാബു ആന്റണി സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടേയെല്ലാം സ്ഥിരം വില്ലനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച നടനായിരുന്നു ബാബു ആന്റണി. പല ചിത്രങ്ങളിലും നായകനേക്കാള്‍ പ്രാധാന്യം ബാബുവിന് ലഭിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മുടിയെല്ലാം നീട്ടിവളര്‍ത്തിയ ലുക്കില്‍ പുതിയ സിനിമയുടെ തിരക്കിലാണ് അദ്ദേഹം. പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലാണ് പഴയ ലുക്ക് അനുസ്മരിപ്പിക്കുന്ന വേഷത്തില്‍ ബാബു ആന്റണി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ബാബു ആന്റണി മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാല്‍ വളരെ ജോളിയായുള്ള ഒരാളാണ്. ഫണ്ണിയാണ് അദ്ദേഹമെന്നും എപ്പോഴും തമാശകള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ആളാണെന്നും ബാബു ആന്റണി പറയുന്നു.

മൂന്നാം മുറ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച അനുഭവവും ബാബു ആന്റണി തുറന്നു പറയുന്നുണ്ട്. മൂന്നാം മുറ ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഹില്‍പാലസ് ഷൂട്ടിങെല്ലാം കഴിഞ്ഞ് ആറരയാവുമ്പോള്‍ ഞാനും മോഹന്‍ലാലും കൂടി ടെറസില്‍ കയറി ഭയങ്കര എക്‌സസൈസാണ് ചെയ്യാറുള്ളത്. ഞങ്ങള്‍ രണ്ടും കൂടി വര്‍ക്കൗട്ട് ചെയ്യാറുണ്ട്. അങ്ങനെ എല്ലാ ദിവസവും വര്‍ക്കൗട്ട് ചെയ്യും. അതുപോലെ തന്നെ ഫൈറ്റ് സീനാണെങ്കിലും ഒരു പെര്‍ട്ടിക്കുലര്‍ സ്വീക്ക്വന്‍സില്‍ ലാല്‍ എന്നെ പൊക്കിയെടുത്ത് അടിക്കുന്ന സീനുണ്ട്. ആ ഗ്ലാസ് ടേബിള്‍ വീണ് ഗ്ലാസെല്ലാം പൊട്ടിത്തെറിക്കുന്ന സീനാണ്. നല്ല റിസ്‌കായിട്ടുള്ള സീനാണെന്നും ബാബു ആന്റണി പറയുന്നു.

അങ്ങനെ ആ സീനിന് ഡ്യൂപ് ചെയ്യാമെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു ഡ്യൂപ്പിന്റെ ആവശ്യമില്ലെന്നും ഞാന്‍ തന്നെ ചെയ്യാമെന്നും പറഞ്ഞു. ലാലിനോട് പറഞ്ഞു ജസ്റ്റ് ആക്ഷന്‍ കാണിച്ചാല്‍ മതി. അതിന് തൊട്ട് മുന്‍പ് പറഞ്ഞു, ദൈവമേ ഒന്നും സംഭവിക്കല്ലേന്ന്. പക്ഷേ ഷൂട്ടിംങ് എല്ലാം കഴിഞ്ഞ് എനിക്ക് ചെറിയ ഇന്‍ജരുറീസ് ഉണ്ടായെന്നും ബാബു ആന്റണി വ്യക്തമാക്കുന്നു.