തോക്ക് പിടിച്ചിരിക്കുന്ന ഒരു കൈ ; നിഗൂഢത നിറച്ച് ബി ഉണ്ണികൃഷ്ണന്‍- മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫര്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
1 min read

തോക്ക് പിടിച്ചിരിക്കുന്ന ഒരു കൈ ; നിഗൂഢത നിറച്ച് ബി ഉണ്ണികൃഷ്ണന്‍- മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫര്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ. ചിത്രവുമായി പുറത്തുവരുന്ന അപ്‌ഡേറ്റുകളെല്ലാം തന്നെ നിമിഷനേരംകൊണ്ട് വൈറലാവാറുമുണ്ട്. മമ്മൂട്ടി ലൊക്കേഷനില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ വമ്പന്‍ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്തുവിട്ടിരിക്കുകയാണ്. വന്‍ സ്വീകരണമാണ് പോസ്റ്ററിന് ലഭിക്കുന്നത്.

ക്രിസ്റ്റഫര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തോക്ക് പിടിച്ചിരിക്കുന്ന ഒരു കൈ മാത്രമാണ് പോസ്റ്ററില്‍ കാണുന്നത്. പ്രമാണി എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫര്‍ എന്ന മമ്മൂട്ടി ചിത്രത്തിനുണ്ട്. സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുക.

തെന്നിന്ത്യന്‍ നടന്‍ വിനയ് റായ് ആണ് ചിത്രത്തിലെ പ്രതിനായകന വേഷം കൈകാര്യം ചെയ്യുന്നത്. വിനയ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി മറ്റ് നിരവധി താരങ്ങളും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മുപ്പത്തിയഞ്ചോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഓപ്പറേഷന്‍ ജാവയുടെ ക്യാമറ കൈകാര്യം ചെയ്ത ഫൈസ് സിദ്ദിഖ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്.

എറണാകുളം വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. എഡിറ്റിംഗ് മനോജ്, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍വര്‍മ്മ, ചമയം ജിതേഷ് പൊയ്യ, നിര്‍മ്മാണ നിര്‍വ്വഹണം അരോമ മോഹന്‍. നിസാം ബഷീറിന്റെ റോഷാക്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്നിവയാണ് മമ്മൂട്ടിയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്ന ചിത്രങ്ങള്‍. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കടുഗന്നാവാ ഒരു യാത്രയാണ് ഷൂട്ടിംഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു സിനിമ.