തോക്കു ചൂണ്ടി മമ്മൂട്ടി ;ബി. ഉണ്ണികൃഷ്ണന്‍-ഉദയ്കൃഷ്ണ ഒന്നിക്കുന്ന ക്രിസ്റ്റഫറിന്റെ പുതിയ പോസ്റ്റര്‍ വൈറലാവുന്നു
1 min read

തോക്കു ചൂണ്ടി മമ്മൂട്ടി ;ബി. ഉണ്ണികൃഷ്ണന്‍-ഉദയ്കൃഷ്ണ ഒന്നിക്കുന്ന ക്രിസ്റ്റഫറിന്റെ പുതിയ പോസ്റ്റര്‍ വൈറലാവുന്നു

മ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ക്രിസ്റ്റഫര്‍. ആര്‍.ഡി. ഇല്യൂമിനേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയാണ്. ഈ അടുത്ത കാലത്ത് ഇറങ്ങുന്നതില്‍ മമ്മൂട്ടിയുടെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത് ആര്‍.ഡി. ഇലുമിനേഷന്‍സാണ്.പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ലൊക്കേഷന്‍ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമെല്ലാം മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. പ്രഖ്യാപനസമയം മുതല്‍ ചിത്രത്തന്റേതായി പുറത്തുവരുന്ന എല്ലാം അപ്ഡേറ്റുകളും വലിയ രീതിയില്‍ റീച്ച് ആവാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്.

തോക്കേന്തി നില്‍ക്കുന്ന മമ്മൂട്ടിയുടെ നായക കഥാപാത്രം മാത്രമാണ് പോസ്റ്ററില്‍. ബയോഗ്രഫി ഓഫ് എ വിജിലാന്റെ കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. ചിത്രത്തില്‍ മൂന്ന് നായികമാരാണ് ഉള്ളത്. സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.

എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്. 2010ല്‍ പുറത്തെത്തിയ പ്രമാണിയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. ഇതിനു മുമ്പ് ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മമ്മൂട്ടി പോലീസായി എത്തിയത് മാസ്റ്റര്‍ പീസിലാണ്. ചിത്രത്തില്‍ ആന്റോ ആന്റണി ഐപിഎസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്. എഡിറ്റിംഗ്: മനോജ്, കലാ സംവിധാനം: ഷാജി നടുവില്‍ വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ് & നിയാസ് നൗഷാദ്, മാര്‍ക്കറ്റിംങ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി.