അയ്യപ്പനും കോശിയും തമിഴിലേക്ക്; പ്രധാന വേഷങ്ങളില്‍ ഈ സൂപ്പര്‍ താരങ്ങള്‍
1 min read

അയ്യപ്പനും കോശിയും തമിഴിലേക്ക്; പ്രധാന വേഷങ്ങളില്‍ ഈ സൂപ്പര്‍ താരങ്ങള്‍

സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച് 2020 ല്‍ തിയേറ്ററില്‍ എത്തിയ ഒരു ആക്ഷന്‍-ത്രില്ലര്‍ ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും, ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റ്റെ ബാനറില്‍ രഞ്ജിത്തും, പി.എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

‘റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യനും’ പോലീസുകാരന്‍ ‘അയ്യപ്പന്‍ നായര്‍’ക്കുമിടയില്‍ ഉടലെടുക്കുന്ന സംഘര്‍ഷമാണ് സിനിമയുടെ പ്രമേയം. ഒരു സിനിമയിലെ കഥാപാത്രങ്ങളുടെ മാനറിസങ്ങളും ഡയലോഗുകളുമൊക്കെ ‘മാസ്’ എന്ന വിശേഷണത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്ത കാഴ്ച കൂടിയായിരുന്നു ‘അയ്യപ്പനും കോശിയും’.

അത്‌പോലെ സംവിധായകന്‍ സച്ചിക്ക് പതിമൂന്ന് വര്‍ഷത്തെ സിനിമാജീവിതത്തില്‍ നേടിയതിനേക്കാള്‍ പ്രശംസകളും സ്‌നേഹവും പ്രേക്ഷകരില്‍ നിന്ന് അയ്യപ്പനും കോശിയും എന്ന ഒറ്റ ചിത്രം കൊണ്ട് സച്ചിയ്ക്ക് നേടാന്‍ കഴിഞ്ഞു. രഞ്ജിത്ത് ആണ് ചിത്രത്തില്‍ പൃഥ്വിയുടെ അച്ഛന്റെ വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ അന്ന രാജന്‍,അനു മോഹന്‍,ജോണി ആന്റണി,അനില്‍ നെടുമങ്ങാട്,സാബുമോന്‍ അബ്ദുസമദ്, ഷാജു ശ്രീധര്‍,ഗൗരി നന്ദ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് അടിച്ച ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രമും മാധവനുമാണ് യഥാക്രമം അയ്യപ്പനും കോശിയും ആവുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തിന്റെ സംവിധായകനെക്കുറിച്ചോ മറ്റു അണിയറപ്രവര്‍ത്തകരെ കുറിച്ചോ ഒന്നും തന്നെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, മലയാളത്തില്‍ ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ദേശീയ പുരസ്‌കാരങ്ങളും നേടിയെടുത്തിരുന്നു. തെലുങ്കില്‍ സൂപ്പര്‍സ്റ്റാര്‍ പവന്‍ കല്യാണ്‍ ഭീമാ നായക് എന്ന പേരില്‍ റീമേക്ക് ചെയ്യുകയും ടോളിവുഡിലും വമ്പന്‍ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.