“ഇഷ്ടമുള്ള നടൻ ഫഹദ് ഫാസിൽ.. മലയാളസിനിമയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്” : ആയുഷ്മാൻ ഖുറാന
1 min read

“ഇഷ്ടമുള്ള നടൻ ഫഹദ് ഫാസിൽ.. മലയാളസിനിമയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്” : ആയുഷ്മാൻ ഖുറാന

സിനിമാ പ്രേമികളുടെയെല്ലാം പ്രിയ താരമാണ് ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുരാന. ബോളിവുഡിന് ആയുഷ്മാന്‍ ഖുരാന അഭിനേതാവ് മാത്രമല്ല. പാട്ടുകാരനും ഗാനരചയിതാവുമൊക്കെയാണ് താരം. വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ആയുഷ്. നിരവധി പാട്ടുകളും ആയുഷ് സിനിമാ ലോകത്തിന് നല്‍കിയിട്ടുണ്ട്. 2012ല്‍ പുറത്തിറങ്ങിയ ‘വിക്കി ഡോണര്‍’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്ത് അരങ്ങേറ്റം നടത്തിയത്.

ആയുഷ്മാന്‍ ഖുരാനയുടെ ‘അന്ധാദുന്‍’ എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു മലയാളത്തില്‍ പുറത്തിറങ്ങിയ ഭ്രമം. പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്തമോഹന്‍ദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു ഭ്രമം. സമ്മിശ്ര പ്രതികരണം നേടിയ ചിത്രം സംവിധാനം ചെയ്തത് രവി കെ. ചന്ദ്രനാണ്. ഇപ്പോഴിതാ ആയുഷിന്റെ ഒരു പഴയ അഭിമുഖമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. മലയാള സിനിമയിലെ ഇഷ്ടപ്പെട്ട നടനെക്കുറിച്ചും മലയാള സിനിമയിലെ പ്രത്യേകതകളുമെല്ലമാണ് അദ്ദേഹം അഭിമുഖത്തില്‍ പറയുന്നത്.

എനിക്ക് മലയാളം സിനിമകള്‍ ഇഷ്ടമാണെന്നും മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിനെയാണ് കൂടുതല്‍ ഇഷ്ടമെന്നും ആയുഷ്മാന്‍ ഖുരാന പറയുന്നു. മലയാളത്തിലെ ഒരുപാട് സിനിമകള്‍ താന്‍ കാണാറുണ്ട്. ആ ഇന്‍ഡസ്ട്രിയില്‍ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ടെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ടെന്നും അവര്‍ക്ക് അവരുടെ പ്രേക്ഷകരെ നന്നായി അറിയാമെന്നും ആയുഷ് പറയുന്നു. എന്നെ ആകര്‍ഷിക്കുന്ന ചിലതരം അഭിനിവേശവും പ്രൊഫഷണലിസവും മലയാളം സിനിമാരംഗത്ത് ഉണ്ട്. അവര്‍ എന്റെ സിനിമകള്‍ റീമേക്ക് ചെയ്യുന്നുവെങ്കില്‍ അത് എനിക്ക് വലിയ അംഗീകാരമാണെന്നും അതില്‍ എനിക്ക് വലിയ സന്തോഷവും തോന്നുന്നുണ്ടെന്നുമായിരുന്നു ആയുഷ് മാന്‍ അഭിമുഖത്തില്‍ പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ 15′ എന്ന ചിത്രത്തിനു ശേഷം ആയുഷ്മാന്‍ ഖുറാന-അനുഭവ് സിന്‍ഹ ഒന്നിക്കുന്ന സിനിമയാണ് ‘അനേക്’. നോര്‍ത്ത്ഈസ്റ്റ് ഇന്ത്യയില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന ജോഷ്വാ എന്ന യുവാവിന്റെ കഥാപാത്രമാണ് ആയുഷ് ചെയ്യുന്നത്. സിമ അഗര്‍വാള്‍, യാഷ് കേശ്വനി, തെന്നിന്ത്യന്‍ താരം ജെ.ഡി. ചക്രവര്‍ത്തി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുഭവ് സിന്‍ഹയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ടി-സീരീസും അനുഭവ് സിന്‍ഹയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നോര്‍ത്ത്ഈസ്റ്റ് ഇന്ത്യയുടെ പച്ചയായ രാഷ്ട്രീയം പറയുന്ന സിനിമ ആരും പറയാന്‍ മടിക്കുന്ന പ്രമേയമാണ് ചിത്രത്തില്‍ പറയുന്നത്.