‘അവതാര്‍ 2’ ന് കേരളത്തില്‍ വിലക്ക്; തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്
1 min read

‘അവതാര്‍ 2’ ന് കേരളത്തില്‍ വിലക്ക്; തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ‘അവതാര്‍ 2’. എന്നാല്‍ പ്രേക്ഷകരെ ഏറെ വിഷമത്തിലാക്കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. കേരളത്തിലെ തിയേറ്ററുകള്‍ അവതാര്‍ 2 പ്രദര്‍ശിപ്പിക്കില്ലെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പറയുന്നത്. വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുകയാണെന്നും, നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ അവരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഫിയോക് വ്യക്തമാക്കി. അതേസമയം, കേരളത്തിലെ തിയേറ്ററുകളില്‍ ചിത്രം മൂന്നാഴ്ചയെങ്കിലും പ്രദര്‍ശിപ്പിക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം.

എന്നാല്‍ അന്യഭാഷാ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മാനദണ്ഡം 50.50 എന്നതാണ്. അത് ലംഘിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് ഫിയോക്ക് പറയുന്നത്. അവതാര്‍ ആദ്യഭാഗം 50.50 ധാരണ പ്രകാരം ആണ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്.

അടുത്തമാസം 16-നാണ് ‘അവതാര്‍- ദി വേ ഓഫ് വാട്ടര്‍’ റിലീസിനെത്തുന്നത്. ചിത്രം മലയാളം ഉള്‍പ്പടെ ഇന്ത്യയിലെ 6 ഭാഷകളില്‍ റിലീസ് ചെയ്യും. ഇംഗ്ലീഷിന്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. 2009 ലാണ് അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്തത്. നീണ്ട പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ‘അവതാര്‍; ദ വേ ഓഫ് വാട്ടര്‍’ പ്രദര്‍ശനത്തിനെത്തുന്നത്.

ലൈറ്റ്‌സ്റ്റോം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ജോണ്‍ ലാന്‍ഡോയ്‌ക്കൊപ്പം കാമറൂണും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്. അതേസമയം, ലോക സിനിമ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന ഖ്യാതിയും അവതാര്‍ സ്വന്തമാക്കിയിരുന്നു. 2012ലാണ് അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്.