റത്തീനയ്ക്ക് അഭിനന്ദന പ്രവാഹം! ജാതിചിന്തയുടെ ദുരഭിമാനബോധം പേറുന്ന മനുഷ്യന്റെ കഥ ; ഒരു തരം വല്ലാത്ത പുഴു എന്ന് കണ്ട പ്രേക്ഷകർ
1 min read

റത്തീനയ്ക്ക് അഭിനന്ദന പ്രവാഹം! ജാതിചിന്തയുടെ ദുരഭിമാനബോധം പേറുന്ന മനുഷ്യന്റെ കഥ ; ഒരു തരം വല്ലാത്ത പുഴു എന്ന് കണ്ട പ്രേക്ഷകർ

മമ്മൂട്ടിയേയും പാര്‍വ്വതി തിരുവോത്തിനേയും കേന്ദ്രകഥാപാത്രമാക്കി റത്തീന എന്ന പുതുമുഖ സംവിധായിക ചെയ്ത ചിത്രമാണ് പുഴു. ഒരു വനിത സംവിധായിക ചെയ്ത ചിത്രം എന്ന നിലയ്ക്ക് ഓരോ കടന്നു വരവും വലിയ ആകാംഷയോടെയാണ് പ്രേക്ഷകര്‍ നോക്കി കണ്ടത്. കൂടാതെ, മമ്മൂട്ടി എന്ന നടന്‍ ആദ്യമായി ഒരു വനിത സംവിധായികയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകതയും പുഴുവിനുണ്ട്. പുരോഗമനപരമായ ആശയങ്ങള്‍, വിപ്ലവകരമായ ചിന്തകള്‍, നിലവിലെ ചില വിവേചനങ്ങളോടുള്ള പ്രതിക്ഷേധം തുടങ്ങിയ ആശയങ്ങള്‍ പുഴു എന്ന സിനിമയില്‍ കാണാന്‍ സാധിക്കും. ചിത്രത്തില്‍ ചില മാറ്റങ്ങളും, ചില പൊളിച്ചെഴുത്തുകളും നമുക്ക് കാണാന്‍ സാധിക്കും. ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നതാണ് ഈ ചിത്രം.

ജാതി ചിന്തകള്‍, ദുരഭിമാന കൊല എന്നിങ്ങനെ നീളും ചിത്രത്തിലെ പ്രമേയം. ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്റെ വേഷമണിഞ്ഞ മമ്മൂട്ടി അത്രതന്നെ തകര്‍ത്തഭിനയിച്ചു എന്നതാണ് എടുത്ത് പറയേണ്ട ഒരു കാര്യം. മമ്മൂട്ടിയുടെ ഇളയ സഹോദരിയയായാണ് പാര്‍വ്വതി തിരുവോത്ത് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ഇഷ്ടപ്പെട്ട ആളുമൊത്ത് ജീവിക്കാന്‍ വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ തയ്യാറായ കഥാപാത്രത്തെയാണ് പാര്‍വ്വതി അവതരിപ്പിച്ചത്. കാലമെത്ര മാറിയാലും മനുഷ്യമനസ്സുകളില്‍ മാറാതെ നില്‍ക്കുന്ന ജാതി എന്ന യാഥാര്‍ഥ്യത്തിലേക്കാണ് ചുരുക്കം ചില കഥാപാത്രത്തിലൂടെ സംവിധായിക പ്രേക്ഷകര്‍ക്ക് പുഴുവെന്ന ചിത്രത്തിലൂടെ കാണിച്ച് തന്നത്.

1 മണിക്കൂര്‍ 55 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും സോണി ലിവില്‍ സിനിമ കാണാന്‍ സാധിക്കും. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹര്‍ഷദ് തിരക്കഥ എഴുതിയ ചിത്രത്തിന്റെ നിര്‍മ്മാണം എസ് ജോര്‍ജ് ആണ് ഒരുക്കിയിരിക്കുന്നത്. പുഴു ഒരു ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. പുഴു വെന്ന പേരിലെ കൗതുകവും പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അതേസമയം, റത്തീന എന്ന പുതുമുഖ സംവിധായികയ്ക്ക് ബിഗ് സല്യൂട്ട് എന്നാണ് ചില പ്രേക്ഷകര്‍ പറയുന്നത്. ആദ്യചിത്രം കൊണ്ടുതന്നെ റത്തീന സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞെന്നും പ്രേക്ഷകര്‍ തുറന്നു പറയുന്നു. എന്നാല്‍ ചില മോശം കമന്റുകളും, പരാമര്‍ശങ്ങളും പ്രേക്ഷകരില്‍ നിന്നും പുഴുവിന് ലഭിക്കുന്നുണ്ട്.