“ബെസ്റ്റ് സ്ക്രീൻ പ്രെസെൻസ് മമ്മൂട്ടി, നടി ശോഭന” : അഭിപ്രായം തുറന്നുപറഞ്ഞ് ആസിഫ് അലി
1 min read

“ബെസ്റ്റ് സ്ക്രീൻ പ്രെസെൻസ് മമ്മൂട്ടി, നടി ശോഭന” : അഭിപ്രായം തുറന്നുപറഞ്ഞ് ആസിഫ് അലി

2009ല്‍ പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ആസിഫ് അലി. ആസിഫിന്റെ രണ്ടാമത്തെ ചിത്രം സത്യന്‍ അന്തിക്കാടിന്റെ അന്‍പതാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയായിരുന്നു. ഈ സിനിമയ്ക്ക് ശേഷം ആസിഫിനെ തേടി നിരവധി ചിത്രങ്ങളായിരുന്നു വന്നത്. തന്റേതായ ഒരു വ്യക്തിമുദ്ര സിനിമാലോകത്ത് പതിക്കാനും താരത്തിന് സാധിക്കുകയും ചെയ്തു. ഇപ്പോഴിതാ രാജീവ് രവിയുടെ സംവിധാനത്തില്‍ ആസിഫ് അലി നായകനാവുന്ന ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.

ഇപ്പോഴിതാ മലയാളത്തില്‍ വിവിധ അഭിനേതാക്കളേയും അവരുടെ പ്രത്യേകതകളെ പറ്റിയും പറയുകയാണ് ആസിഫ് അലി. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. മലയാളത്തില്‍ ഏറ്റവും അടിപൊളിയായി ഡ്രെസ് ചെയ്യുന്നത് ആരാണെന്ന അവതാരകന്റെ ചോദ്യത്തിന് ദുല്‍ഖര്‍ സല്‍മാന്‍ എന്നായിരുന്നു താരം ഉത്തരം നല്‍കിയത്. ബെസ്റ്റ് സ്‌ക്രീന്‍ പ്രസന്‍സ് ആര്‍ക്കെന്ന അടുത്ത ചോദ്യത്തിന് ആസിഫ് മറുപടി പറഞ്ഞത് മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നായിരുന്നു. ഷോട്ട് ടെമ്പേര്‍ഡാണ് എന്നാല്‍ ഹാര്‍ട്ട് ഗോള്‍ഡ് ആരാണെന്ന ചോദ്യത്തിന് വീണ്ടും മമ്മൂക്കയുടെ പേര് തന്നെ പറയേണ്ടി വരുമെന്നും ആസിഫ് അലി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

തന്റെ ഏറ്റവും പ്രിയപ്പെട്ട നടി മലയാളത്തിലെ ഐക്കോണിക്ക് ബ്യൂട്ടി ശോഭനയാണെന്നും ആസിഫ് പറയുന്നു. ഭാവനയും തനിക്ക് പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ്. കണ്ടാല്‍ നല്ല ജാഡയാണെന്ന് പറയുമെങ്കിലും വളരെ പാവമാണ് ഭാവനയെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. തന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ചും ആസിഫ് വാചാലനായി. മെമ്മറബിളായിട്ടുള്ള പാസ്റ്റ് ഉള്ള പോലീസ്‌കാരനാണ് സാജന്‍. കേരളത്തില്‍ നടക്കുന്ന ഒരു അന്വേഷണം രാജസ്ഥാനിലേക്ക് നീളുകയാണെന്നും ഒരു ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിയാണ് ഈ ചിത്രമെന്നും ആസിഫ് പറയുന്നു. ഒരു പൊലീസുകാരന്‍ ദിവസവും തന്റെ ജീവിത്തില്‍ അനുഭവിക്കുന്ന സങ്കടങ്ങളും ഡ്യൂട്ടിക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളുമൊക്കെയാണ് കുറ്റവും സാക്ഷിയും എന്ന സിനിമയില്‍ പറയുന്നതെന്നും ആസിഫ് വിശദീകരിച്ചു.

സി.ഐ. സാജന്‍ ഫിലിപ്പ് എന്ന പൊലീസ് കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരും കേന്ദ്രകഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ഡോണ്‍ വിന്‍സെന്റ് ആണ്. മെയ് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.