“പരകായ പ്രവേശത്തിൽ വലിയ സിദ്ധിയുള്ള നടനാണ് മമ്മൂക്ക!” ; പുഴുവിലെ കുട്ടപ്പൻ മനസ് തുറക്കുന്നു
1 min read

“പരകായ പ്രവേശത്തിൽ വലിയ സിദ്ധിയുള്ള നടനാണ് മമ്മൂക്ക!” ; പുഴുവിലെ കുട്ടപ്പൻ മനസ് തുറക്കുന്നു

നാടക മേഖലയിലും അതുപോലെതന്നെ സിനിമ മേഖലയിലും തൻറെതായ കഴിവ് തെളിയിച്ച താരമാണ് അപ്പുണ്ണി ശശി. മൂവായിരത്തി അഞ്ഞൂറോളം വേദികൾ പിന്നിട്ട അപ്പുണ്ണിയുടെ നിങ്ങളുടെ നാളെ എന്ന നാടകത്തിലൂടെ അഭിനയജീവിതത്തിൽ തൻറെതായ കഴിവ് തെളിയിച്ച താരമാണ് ശശികുമാർ എരഞ്ഞിക്കൽ. പ്രൊഫഷണൽ അമേച്ചർ നാടക രംഗങ്ങളിൽ കഴിവ് തെളിയിച്ച ഈ കലാകാരൻ പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ജയപ്രകാശ് കണ്ണൂരിൻറെ ശിഷ്യനാണ്. നിരവധി ചിത്രങ്ങളിൽ ഇതിനോടകം വേഷങ്ങൾ കൈകാര്യം ചെയ്ത അപ്പുണ്ണി ശശിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം എന്ന് പറയുന്നത് മമ്മൂട്ടി നായകനായ പുഴു തന്നെയാണ്. എന്നാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനു മുമ്പേതന്നെ അദ്ദേഹം മമ്മൂട്ടിക്കൊപ്പം രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിൽ വേഷം കൈകാര്യം ചെയ്യുകയുണ്ടായി. ചിത്രത്തിൽ പാലേരി മാണിക്യത്തെ ജീവനുതുല്യം സ്നേഹിച്ച സഹോദരൻ ആണ്ടിയുടെ കഥാപാത്രമാണ് ശശികുമാർ അഭിനയിച്ചത്.

ശേഷം 2009 ഭാഗ്യദേവത, 2011 അലി അക്ബർ സംവിധാനം ചെയ്ത അച്ഛൻ, 2011 രഞ്ജിത്ത് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ഇന്ത്യൻ റുപ്പി, 2012 ഹരിദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വീണ്ടും കണ്ണൂർ, 2012 അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ, നന്ദു സംവിധാനം ചെയ്ത തെക്ക് തെക്കൊരു ദേശത്ത്, രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പുണ്യാളൻ അഗർബത്തീസ് എന്നീ ചിത്രങ്ങൾ 2013 തന്നെ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. അതിനു ശേഷം രഞ്ജിത്ത് ബാലകൃഷ്ണൻ സംവിധാനം ചെയ്ത 2014 പുറത്തിറങ്ങിയ ഞാൻ എന്ന ചിത്രത്തിലെ കുഞ്ഞിരാമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം തന്റെ സ്ഥാനം സിനിമാമേഖലയിൽ കുറേക്കൂടി ഉറപ്പിക്കുകയും ഉണ്ടായി. 2015 രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത സു സു സുധി വാത്മീകം, 2016 പുറത്തിറങ്ങിയ പാവാട തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു.

എന്നിരുന്നാൽ പോലും എന്നും ആളുകൾ ശ്രദ്ധിച്ചത് താരത്തിന്റെ പുഴു എന്ന ചിത്രത്തിലെ കഥാപാത്രം തന്നെയായിരുന്നു. ചിത്രത്തിലെ കുട്ടപ്പൻ എന്ന കഥാപാത്രത്തെ വളരെയധികം തന്മയത്വത്തോടെ കൂടിയാണ് അപ്പുണ്ണി ശശി ക്യാമറയ്ക്കു മുന്നിൽ അവതരിപ്പിച്ചത്.തിരക്കഥ വായിക്കുമ്പോൾ ഉണ്ടായ പിരിമുറുക്കം സിനിമ കണ്ടപ്പോൾ അതിലും എത്രയോ ഇരട്ടിയായി തോന്നി എന്നാണ് സിനിമയിലെ കുട്ടപ്പൻ ആയ അപ്പുണ്ണി പറയുന്നതും. ജാതി വെറി ഉള്ളവരുടെ മുഖത്ത് അടിക്കുന്നതാണ് പുഴുവിലെ ഓരോ ഡയലോഗും. പുഴു സംസാരിക്കുന്നത് എക്കാലവും പ്രസക്തമായ വിഷയത്തെക്കുറിച്ച് ആണെന്നും അദ്ദേഹം പറയുന്നു. ഒപ്പം തന്നെ മമ്മൂട്ടിയെ പറ്റിയുള്ള വാക്കുകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. തനിക്ക് ജീവിതത്തിൽ ആരാധന തോന്നിയ പുരുഷനാണ് മമ്മൂട്ടി എന്നും ഒന്നിച്ച് അഭിനയിക്കാൻ കിട്ടിയ അവസരങ്ങൾ അതുകൊണ്ടുതന്നെ അവിസ്മരണീയമാണ് എന്നും അപ്പുണ്ണി ശശി പറയുന്നു.

തന്നെക്കാൾ സിനിമാരംഗത്ത് എത്രയോ ദൂരം സഞ്ചരിച്ച വ്യക്തി ആയിട്ടുകൂടി ഓരോ സീനിലും തനിക്ക് നല്ല പരിഗണന അദ്ദേഹം തന്നിരുന്നു എന്നും അഭിനയം പഠിപ്പിച്ചു തരിക ആയിരുന്നില്ല മറിച്ച് നമ്മളെ കൂടി അതിലേക്ക് ചേർത്ത് പിടിക്കുകയായിരുന്നു എന്നും അപ്പുണ്ണി പറയുന്നു. മാത്രവുമല്ല മമ്മൂട്ടി എന്ന മഹാനടനിൽ താൻ കണ്ട കാര്യം അദ്ദേഹം കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുകയാണെന്നും ഒരു പരകായ പ്രവേശത്തിൻറെ വലിയ സിദ്ധിയുള്ള നടനാണ് മമ്മൂക്ക എന്നുമാണ് താരം പറയുന്നത്. ചിത്രം, കിലുക്കം പോലെയുള്ള സിനിമകളിലൊക്കെ കാലൊക്കെ നീട്ടിവെച്ച് തോള് പിറകിലേക്ക് ഇട്ട് ഇരുന്ന് കാണാവുന്നതാണ്. എന്നാൽ പുഴു അങ്ങനെയല്ല. ഇടയ്ക്ക് കസേര നമ്മൾ മുറുകെ പിടിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാണെന്ന് താരം പറയുന്നു.