ട്രിപിള്‍ സ്‌ട്രോങില്‍ ‘ഇരട്ട’യടി അടിക്കാന്‍ ആര്‍.ഡി.എക്‌സിനായി അന്‍പറിവ് എത്തുന്നു
1 min read

ട്രിപിള്‍ സ്‌ട്രോങില്‍ ‘ഇരട്ട’യടി അടിക്കാന്‍ ആര്‍.ഡി.എക്‌സിനായി അന്‍പറിവ് എത്തുന്നു

സൂപ്പര്‍ഹീറോ കഥ പറഞ്ഞ മിന്നല്‍ മുരളിക്ക് ശേഷം മാസ്സ് ആക്ഷന്‍ ചിത്രവുമായി വീണ്ടും എത്തുകയാണ് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. ആര്‍.ഡി.എക്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉയര്‍ന്ന സാങ്കേതിക മികവു പുലര്‍ത്തുന്നതായിരിക്കും. മലയാളികളുടെ പ്രീയതാരങ്ങളായ ഷെയ്ന്‍ നിഗം,ആന്റണി വര്‍ഗീസ്,നീരജ് മാധവ് എന്നിവരാണ് ടൈറ്റില്‍ റോളുകളില്‍ എത്തുന്നത്. കൂടാതെ ലാലും അതിശക്തമായ മറ്റൊരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. മൂന്ന് പേരും ഒത്തുചേരുമ്പോള്‍ ഇത്തവണ ഒരു മെഗാ മാസ്അടി ചിത്രം തന്നെ പ്രതിക്ഷിക്കാം. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ സൂപ്പര്‍ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പറിവാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ആക്ഷന്‍ ചിത്രങ്ങളെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് വലിയൊരു വിരുന്ന് തന്നെയായിരിക്കും ഈ ചിത്രം.

ബാച്ചിലര്‍ പാര്‍ട്ടി, രാമലീല, കമ്മാര സംഭവം തുടങ്ങിയ നിരവധി മലയാള ചിത്രങ്ങള്‍ക്ക് ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിച്ച ഈ ഇരട്ടസഹോദരന്മാര്‍ കെ.ജി.എഫ് ചാപ്റ്റര്‍ 1ലെ സംഘട്ടനത്തിന് ദേശീയ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. സ്റ്റണ്ട് ശിവ, പീറ്റര്‍ ഹെയ്ന്‍, വിജയന്‍, എന്നിങ്ങനെ മുന്‍നിരയിലുള്ള നിരവധി സംഘട്ടന സംവിധായകരുടെ സഹായികളായി പ്രവര്‍ത്തിച്ചിട്ടുള്ള അന്‍പറിവ് ആദ്യമായി സ്വതന്ത്ര സംഘട്ടനസംവിധായകരായത് വിജയ് സേതുപതി നായകനായ ഇഥര്‍ക്കുതാനെ ആശൈപ്പട്ടൈ ബാലകുമാരാ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ ഇവര്‍ പ്രവര്‍ത്തിച്ചുക്കഴിഞ്ഞു. വിക്രം, ബീസ്റ്റ്, കെ ജി എഫ്, എതര്‍ക്കും തുനിന്തവന്‍, സര്‍പ്പട്ട പരമ്പരൈ, രാധേ, കൈതി, സിംഗം 3, 24, കബാലി തുടങ്ങിയവയാണ് ഇവരുടെ പ്രധാന ചിത്രങ്ങള്‍. ശിവകാര്‍ത്തികേയന്‍ നായകനായ അയലാന്‍, രാംചരണ്‍ ചിത്രം, പ്രഭാസ് നായകനാകുന്ന സലാര്‍ എന്നിവയാണ് അന്‍പറിവ് സംഘട്ടനമൊരുക്കിയ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രങ്ങള്‍.

സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ആര്‍.ഡി.എക്‌സ് എന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ നഹാസ് ഹിദായത്താണ്.ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ‘ഗോദ’ എന്ന ചിത്രത്തില്‍ സഹസംവിധായകനായി തുടക്കം കുറിച്ച നഹാസ് അതിന് ശേഷം യൂടുബില്‍ തരംഗമായ കളര്‍ പടം’ എന്ന ഒരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര മേഖലയിലേക്കുള്ള നഹാസിന്റെ ചുവടുവയ്പ്പിലെ ആദ്യ സംരംഭമാണ് ആര്‍.ഡി.എക്‌സ്. പവര്‍ ആക്ഷന്‍ എന്ന ടാഗ് ലൈനില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ മാര്‍ഷല്‍ ആര്‍ട്ട്‌സിന് ഏറെ പ്രാധാന്യമുണ്ടാകും. തൊണ്ണൂറു ദിവസത്തോളമുള്ള ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി തയാറാക്കിയിരിക്കുന്നത്. പ്രധാനമായും യൂത്തിന്റെ കാഴ്ച്ചപ്പാടുകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ഈ ചിത്രത്തിന്റെ അവതരണം. ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്ന ചിത്രമാണങ്കിലും നര്‍മ്മവും പ്രണയവും ഇമോഷനും എല്ലാം കോര്‍ത്തിണക്കിയ ഒരു ക്ലീന്‍ എന്റര്‍ടൈനറായിരിക്കും ഈ ചിത്രമെന്നാണ് വിവരം. ബൈജു സന്തോഷ്, ഷമ്മി തിലകന്‍, മാലാ പാര്‍വ്വതി, നിഷാന്ത് സാഗര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ മഹിമാ നമ്പ്യാര്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐമ റോസ്മി എന്നിവരാണ് നായികമാര്‍.

തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷബാസ് റഷീദും ആദര്‍ശ് സുകുമാരനും ചേര്‍ന്നാണ്. കൈതി, വിക്രം വേദ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സാം സി.എസ്. ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. വരികളെഴുതുന്നത് മനു മഞ്ജിത്താണ്. ഛായാഗ്രഹണം അലക്‌സ് ജെ.പുളിക്കലും ചിത്രസംയോജനം റിച്ചാര്‍ഡ് കെവിനും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം പ്രശാന്ത് മാധവ്, കോസ്റ്റ്യും ഡിസൈന്‍ ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ വിശാഖ്, നിര്‍മ്മാണ നിര്‍വ്വഹണം ജാവേദ് ചെമ്പ്, പി.ആര്‍.ഒ.വാഴൂര്‍ ജോസ് എന്നിവരാണ്. ആഗസ്റ്റ് 17ന് കൊച്ചി ഇടപ്പള്ളിയിലെ അഞ്ചുമന ക്ഷേത്രത്തില്‍ നടക്കുന്ന പൂജാ ചടങ്ങോടെ ചിത്രത്തിന്റെ ചിത്രീകരണമാരംഭിക്കും