നിവിന്‍ പോളിയുടെ വന്‍ മേക്കോവര്‍ ; പ്രശംസിച്ച് അനൂപ് മേനോന്‍
1 min read

നിവിന്‍ പോളിയുടെ വന്‍ മേക്കോവര്‍ ; പ്രശംസിച്ച് അനൂപ് മേനോന്‍

ലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയില്‍ തന്നെ ഒരുപാട് ആരാധകരുള്ള യുവ നടനാണ് നിവിന്‍ പോളി. തട്ടത്തില്‍ മറയത്ത്, പ്രേമം, നേരം തുടങ്ങിയ സിനിമകള്‍ റിലീസ് ചെയ്ത ശേഷം നിവിന് ആരാധികമാരായിരുന്നു കൂടുതല്‍. മുപ്പത്തിയെട്ടുകാരനായ നിവിന്‍ പോളി ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം ചെയ്തിട്ടുള്ള സിനിമകളില്‍ ഏറെയും സീരിയസ് സബ്ജക്ടുകളാണ്. മാത്രമല്ല ശരീര ഭാരവും വര്‍ധിച്ചതിനാല്‍ തന്റെ രൂപത്തിന് ചേര്‍ന്ന തരത്തിലുള്ള വേഷങ്ങളാണ് നിവിന്‍ പിന്നീട് അങ്ങോട്ട് ചെയ്തത്. പലരും നിവിനോട് ശരീരഭാരത്തെക്കുറിച്ച് പരിഹാസരീതിയില്‍ സംസാരിക്കുകയും കമന്റുകള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. മഹാവീര്യര്‍, പടവെട്ട് എന്നിവയുടെ പ്രമോഷന് നിവിന്‍ എത്തിയപ്പോഴും വലിയ രീതിയിലുള്ള ബോഡി ഷെയ്മിങ് കമന്റുകള്‍ നിവിന് കേള്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ എല്ലാവരേയും അത്ഭുതപ്പെടുത്തികൊണ്ട് പഴയ തട്ടത്തിന്‍ മറയത്തിലെ വിനോദിന്റെ ലുക്കിലേക്ക് തിരിച്ചെത്തിയ നിവിന്‍ പോളിയുടെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്.

പലരും ശരീര ഭാരം ഒരു വര്‍ഷമൊക്കെ എടുത്താണ് കുറയ്ക്കുന്നത്. എന്നാല്‍ നിവിന്‍ വെറും രണ്ട് മാസം കൊണ്ടാണ് പതിനഞ്ച് കിലോ കുറച്ചത്. താരത്തെപ്രശംസിച്ച് നിരവധി പേരായിരുന്നു രംഗത്തെത്തിയത്. ഇപ്പോഴിതാ നിവിനെ അഭിനന്ദിച്ച് അനൂപ് മേനോന്‍ പങ്കുവച്ച പോസ്റ്റും അതിന് വന്ന കമന്റും അദ്ദേഹം നല്‍കിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. ‘നിവിന്‍ വീണ്ടും സ്വാഗതം. ഈ തലമുറയുടെ സമാനതകളില്ലാത്ത എന്റര്‍ടെയ്നര്‍.. നിങ്ങള്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ തമാശകളും ചിരിയും പ്രതീക്ഷിക്കുന്നു’, എന്നാണ് അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്. ‘തടി കൂടി എന്ന് പറഞ്ഞ ബോഡി ഷെയ്മിംഗ്. അപ്പോള്‍ കുറഞ്ഞു എന്ന് പറഞ്ഞു congratulation എന്ന് പറയുന്നതും പണ്ട് നിന്നെ കാണാന്‍ കൊള്ളില്ലയിരുന്ന് എന്ന് പറയുന്ന പോലെ അല്ലെ… അപ്പോ അതും ബോഡി shaming alle?’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ഈ പോസ്റ്റ് ഒരിക്കലും നിവിന്‍ ഭാരം കുറച്ചതിനെ പറ്റി മാത്രമല്ല, അദ്ദേഹത്തിന്റെ പുതിയ ഊര്‍ജ്ജത്തെക്കുറിച്ച് കൂടിയാണ്’, എന്നായിരുന്നു അനൂപ് മേനോന്‍ നല്‍കിയ മറുപടി.

അതേസമയം സാറ്റര്‍ ഡേ നൈറ്റ് ആയിരുന്നു നിവിന്‍ പോളിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്-ഹ്യൂമര്‍, ത്രില്ലര്‍ ജോണറിലൂടെയാണ് ഈ ചിത്രം അവതരിപ്പിച്ചത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, വിജയ് മേനോന്‍, അശ്വിന്‍ കുമാര്‍ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ ചിത്രത്തിലാണ് നിവിന്‍ ഇനി അഭിനയിക്കുക. സിനിമയുടെ ഷൂട്ടിങ് വിദേശത്തായിരിക്കും.