‘ഈ സിനിമയില്‍ പ്രവര്‍ത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയാനോ ചെയ്തതല്ല’; അല്‍ഫോണ്‍സ് പുത്രന്‍
1 min read

‘ഈ സിനിമയില്‍ പ്രവര്‍ത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയാനോ ചെയ്തതല്ല’; അല്‍ഫോണ്‍സ് പുത്രന്‍

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ഗോള്‍ഡ്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രമായ ഗോള്‍ഡ് കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ എത്തിയത്. 2015ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. നായികയായി നയന്‍താരയും എത്തുന്നു.

അല്‍ഫോണ്‍സ് -പൃത്വിരാജ് കൂട്ടുകെട്ടില്‍ എത്തിയ ചിത്രമായതു കൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു ഗോള്‍ഡ്. എന്നാല്‍ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മോശം അഭിപ്രായങ്ങള്‍ ആയിരുന്നു ചിത്രത്തിന് പരക്കെ ലഭിച്ചുകൊണ്ടിരുന്നത്. ഗോള്‍ഡിന് നെഗറ്റീവ് അഭിപ്രായങ്ങള്‍ വരുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍.

ഗോള്‍ഡിന്റെ നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണമെന്നും, കുറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ച് കേള്‍ക്കാമെന്നും, നെഗറ്റീവ് റിവ്യൂസ് എഴുതിയവര്‍ക്ക് എന്റെ പ്രത്യേക നന്ദി എന്നുമാണ് അല്‍ഫോണ്‍സ് കുറിച്ചത്.

അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

‘ഗോള്‍ഡിനെ കുറിച്ചൊള്ള ….നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം. കൊറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ച് കേള്‍ക്കാം. അത് കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ….എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതന്നവര്‍ക്കു.
ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം ! കടുപ്പം കൂടിയോ കുറഞ്ഞോ ? വെള്ളം കൂടിയോ കുറഞ്ഞോ ? പാല് കൂടിയോ കുറഞ്ഞോ ? പാല് കേടായോ , കരിഞ്ഞോ ? മധുരം കൂടി, മധുരം കുറഞ്ഞു…എന്ന് പറഞ്ഞാല്‍ ചായ ഇണ്ടാക്കുന്ന ആള്‍ക്ക് അടുത്ത ചായ ഇണ്ടാക്കുമ്പോള്‍ ഉപകരിക്കും. അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായേല് വെക്കാന്‍ കൊള്ളാത്ത ചായ എന്ന് പറഞ്ഞ…നിങ്ങളുടെ ഈഗോ വിജയിക്കും. ഇതുകൊണ്ടു രണ്ടു പേര്‍ക്കും ഉപയോഗം ഇല്ല. നേരം 2 , പ്രേമം 2 എന്നല്ല ഞാന്‍ ഈ സിനിമയ്ക്കു പേരിട്ടത്…ഗോള്‍ഡ് എന്നാണു. ഞാനും , ഈ സിനിമയില്‍ പ്രവര്‍ത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ … ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്.

NOTE * ഗോള്‍ഡ് അങ്ങനെ എടുക്കാമായിരുന്നു…ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത് . കാരണം…ഞാനും ഗോള്‍ഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്…നേരത്തെ ഗോള്‍ഡ് ചെയ്തു ശീലം ഉണ്ടെങ്കില്‍ നിങ്ങള്‍ പറയുന്നത് ശെരിയാണ്.

എന്ന് നിങ്ങളുടെ സ്വന്തം അല്‍ഫോന്‍സ് പുത്രന്‍. !