‘നേരവും പ്രേമവും പോലെ ഗോള്‍ഡിനും കുറവുകളുണ്ട്’ ; കണ്ടിട്ട് അഭിപ്രായം പറയണമെന്ന് അല്‍ഫോണ്‍സ് പുത്രന്‍
1 min read

‘നേരവും പ്രേമവും പോലെ ഗോള്‍ഡിനും കുറവുകളുണ്ട്’ ; കണ്ടിട്ട് അഭിപ്രായം പറയണമെന്ന് അല്‍ഫോണ്‍സ് പുത്രന്‍

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ഗോള്‍ഡ്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രമായ ഗോള്‍ഡ് ഒടുവില്‍ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. 2015ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. നായികയായി നയന്‍താരയും എത്തുന്നു.

അല്‍ഫോണ്‍സ് ഇന്നലെ രാത്രി ആരാധകര്‍ക്കായി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ മുന്‍കാല സിനിമകളായ പ്രേമവും നേരവും പോലെ തന്നെ ഗോള്‍ഡും എല്ലാം തികഞ്ഞതല്ലെന്നും അതുകൊണ്ട് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.

കുറിപ്പ് ഇങ്ങനെ….

‘നേരവും പ്രേമവും പോലെ ഗോള്‍ഡും ഇംപെര്‍ഫെക്റ്റ് ആണ്. അതുകൊണ്ടു മിക്കവാറും നിങ്ങള്‍ക്ക് ഗോള്‍ഡ് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഗോള്‍ഡ് റിലീസ് ആണ്. കണ്ടതിന് ശേഷം ഫ്രീ ആണെങ്കില്‍ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും എന്നോട് നിങ്ങളുടെ ഫീഡ് ബാക്ക് തുറന്നുപറയണേ. ഫസ്റ്റ് സീനില്‍ തന്നെ കഥ തുടങ്ങും. ബാക്കി ഞാന്‍ പറഞ്ഞു കുളമാക്കുന്നില്ല. സോറി ഫോര്‍ ദ ഡിലേ ഫ്രം മൈ സൈഡ് ഫ്രന്റ്‌സ്. ബാക്കി നിങ്ങള്‍ കണ്ടിട്ടു പറ’. അല്‍ഫോണ്‍സ് കുറിച്ചു.

അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.