”ഷാജി കൈലാസിന്റെ പതിവ് ശൈലിയില്‍ നിന്നും മാറിയുള്ള പരീക്ഷണം” ; എലോണ്‍ സിനിമയെക്കുറിച്ച് പ്രേക്ഷകന്‍
1 min read

”ഷാജി കൈലാസിന്റെ പതിവ് ശൈലിയില്‍ നിന്നും മാറിയുള്ള പരീക്ഷണം” ; എലോണ്‍ സിനിമയെക്കുറിച്ച് പ്രേക്ഷകന്‍

നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വിജയ കൂട്ടുകെട്ടായ മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിച്ച ചിത്രം എലോണ്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ പുറത്തിറങ്ങിയത്. കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമിലെ പ്രദര്‍ശനം ലക്ഷ്യമാക്കി എടുത്ത ചിത്രമായിരുന്നു. മാസ്‌കും സാനിടൈസറുമായി കോവിഡ് കാലത്തെ ഐസോലേഷന്‍ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന ചിത്രമാണിത്. ഹെയര്‍സ്‌റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആശിര്‍വാദിന്റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘നരസിംഹ’മായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ലോഞ്ചിംഗ് ചിത്രം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസി’നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. വളരെ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രം കണ്ടിറങ്ങിയവരെല്ലാം സോഷ്യല്‍ മീഡികളില്‍ റിവ്യൂ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകന്‍ സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ഷാജി കൈലാസ് സംവിധാനം ചെയ്ത ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രം! ആദ്യാവസാനം മോഹന്‍ലാല്‍ മാത്രം ഉള്ള വണ്‍ മാന്‍ ഷോ! മഞ്ജു വാര്യര്‍, പ്രിഥിരാജ്, രചന, നന്ദു എന്നിവര്‍ ശബ്ദ സാന്നിദ്ധ്യമായി എത്തുന്നു. കോവിഡ് മഹാമാരിയില്‍ രാജ്യം ലോക്ക് ഡൗണ്‍ ആയപ്പോള്‍ ഒറ്റയ്ക്ക് ഒരു ഫ്‌ലാറ്റിനുള്ളില്‍ ക്വാറ റെന്റയിനില്‍ ആയിപ്പോയ കാളിദാസന്‍ എന്നയാളുടെ ജീവിതവും, വ്യത്യസ്തമായ അനുഭവങ്ങളും ചിത്രം പറയുന്നു. ഒരാളും ഫ്‌ലാറ്റും മാത്രമുള്ള കഥ ഇതിന് മുമ്പ് സണ്ണി എന്ന ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്. ലാഗ് അത്യാവശ്യം ഉണ്ട്.ഗാനങ്ങള്‍, സംഘട്ടനം എന്നിവയുടെ ദൗര്‍ലഭ്യവും ചില പ്രേക്ഷകരെ നീരസപ്പെടുത്തിയേക്കാം.

ഷാജി കൈലാസിന്റെ പതിവ് ശൈലിയില്‍ നിന്നും മാറിയുള്ള പരീക്ഷണം. OTT ചിത്രമായി ഇറക്കാന്‍ പ്ലാന്‍ ചെയ്ത് വൈകി ഇപ്പോള്‍ തിയറ്റര്‍ റിലീസാക്കിയതിന്റെ ചില പ്രശ്‌നങ്ങള്‍ കാണാനുണ്ട്. ലാലേട്ടന്‍ തത്വങ്ങള്‍ പറയുന്നതും ആസ്വദിച്ച് കള്ളുകുടിക്കുന്നതും ചില മാനറിസങ്ങള്‍ കാണിക്കുന്നതുമായ നീളന്‍ രംഗങ്ങള്‍ സത്യത്തില്‍ ബോര്‍ ആയി തോന്നി. ഒരാളെ മാത്രം വെച്ച് എന്ത് മാത്രം ചെയ്യാന്‍ പറ്റും.. പറ്റുന്നത്ര ബോറടിക്കാതെ കാണാനുള്ളവ സംവിധായകന്‍ പരിധിക്ക് ചെയ്ത് വെച്ചിട്ടുണ്ട്.