ഷാരുഖ് ഖാന്‍ ചിത്രം ‘ജവാനി’ല്‍ ഒരു സ്‌പെഷ്യല്‍ കാമിയോ ആയി അല്ലു അര്‍ജുന്‍ എത്തുന്നു ?
1 min read

ഷാരുഖ് ഖാന്‍ ചിത്രം ‘ജവാനി’ല്‍ ഒരു സ്‌പെഷ്യല്‍ കാമിയോ ആയി അല്ലു അര്‍ജുന്‍ എത്തുന്നു ?

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിയറ്ററുകളിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുകയാണ് ഷാരൂഖ് ഖാന്‍. സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം പഠാന്‍ ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്. ആറ്റ്‌ലിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രം ജവാന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഷാരൂഖ് ഖാന്‍ ഇപ്പോള്‍. പഠാനെപ്പോലെ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജവാനും. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഇന്നലെ ആരംഭിച്ച ഷെഡ്യൂളില്‍ ആക്ഷന്‍ രംഗങ്ങളും ചിത്രീകരിക്കേണ്ടതുണ്ട്. ഇപ്പോഴിതാ ചിത്രത്തില്‍ കാമിയോ റോളില്‍ എത്തുന്ന തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍ ആണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ വാര്‍ത്ത പുറത്തുവന്നതോടെ പ്രേക്ഷകരെല്ലാം ഏറെ ആകാംഷയിലാണ്. അല്ലുഅര്‍ജുന്‍ പാന്‍ ഇന്ത്യന്‍ സ്റ്റാറായതുകൊണ്ട് തന്നെ ഷാരൂഖ് ഖാനും ആറ്റലിയും അല്ലുവും ഒന്നിച്ചാല്‍ തീ പാറിക്കുമെന്നെല്ലാമാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

നയന്‍താരയാണ് ചിത്രത്തിലെ നായിക. നയന്‍സിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രവുമാണ് ഇത്. കഴിഞ്ഞദിവസം ഷാരൂഖ് ഖാന്‍ ചെന്നൈയില്‍ നയന്‍താരയെ സന്ദര്‍ശിച്ച വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. വൈറലായ ഒരു വീഡിയോയില്‍ ആരാധകര്‍ തടിച്ചുകൂടിയതിന് ഇടയിലൂടെ കാറില്‍ കയറുന്ന ഷാരൂഖ് കാര്‍ ഡോര്‍ പകുതി തുറന്ന് നയന്‍താരയുടെ കവിളില്‍ ചുംബിക്കുന്നത് കാണാം. തുടര്‍ന്ന് നയന്‍താര ഷാരൂഖിന് നേരെ കൈവീശി കാറിന്റെ ഡോര്‍ അടച്ച് യാത്ര പറയുന്നത് കാണാം. ജവാന്‍ ഷൂട്ടിംഗ് മുംബൈയില്‍ പുരോഗമിക്കുകയാണ്. അടുത്തിടെയാണ് ചിത്രത്തിന്റെ സംവിധായകന്‍ അറ്റ്‌ലിക്ക് കുഞ്ഞു പിറന്നത്. ഈ കുഞ്ഞിനെ കാണാനാണ് ഷൂട്ടിംഗ് ഇടവേളയില്‍ ഷാരൂഖ് അറ്റ്‌ലിക്കൊപ്പം ചെന്നൈയില്‍ എത്തിയത്. ഒപ്പം നയന്‍താരയെയും സന്ദര്‍ശിച്ചുവെന്നാണ് വിവരം.

ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ജവാന്റെ റിലീസ് തീയതി 2023 ജൂണ്‍ 2 ആണ്. ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിംഗ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയിട്ടുള്ള വിവരം. ‘റോ’യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെയും കഥാപാത്രം. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം.