മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം ഉണ്ണിമുകുന്ദന്റെ ‘മാളികപ്പുറം’ ; ചരിത്രനേട്ടത്തില്‍…..
1 min read

മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം ഉണ്ണിമുകുന്ദന്റെ ‘മാളികപ്പുറം’ ; ചരിത്രനേട്ടത്തില്‍…..

തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ് മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകര്‍ത്താടിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഈ വര്‍ഷത്തെ മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായിരിക്കുകയാണ് മാളികപ്പുറം. നാല്‍പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയിരിക്കുന്നത്. ഇതോടെ ഉണ്ണി മുകുന്ദന്റെ സിനിമാ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി മാളികപ്പുറം മാറിയിരിക്കുകയാണ്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രമാണ് 100 കോടി ക്ലബ്ബില്‍ എത്തി നില്‍ക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന് ശേഷം ഇത്രയും ജനങ്ങളെ തിയേറ്ററുകളിലേക്ക് എത്തിച്ച മലയാള സിനിമ കൂടിയായിരിക്കുകയാണ് മാളികപ്പുറം.

2022 ഡിസംബര്‍ 30ന് ആയിരുന്നു മാളികപ്പുറം റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് കുടുംബ പ്രേക്ഷകരും ധാരാളമായി എത്തി. ജിസിസി, യുഎഇ റിലീസ് ജനുവരി 5 നും കേരളമൊഴികെ ഇന്ത്യയിലെ മറ്റു സെന്ററുകളിലെ റിലീസ് 6 നും ആയിരുന്നു. പല വിദേശ മാര്‍ക്കറ്റുകളിലേക്കും ചിത്രം പിന്നാലെയെത്തി. ചിത്രത്തിന്റെ ഡബ്ബിങ് പതിപ്പ് മറ്റ് സംസ്ഥാനങ്ങളിലും റിലീസ് ചെയ്തിരുന്നു. പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തി ആദ്യ 30 ദിവസത്തിനുള്ളില്‍ 105 കോടിയോളം രൂപയായിരുന്നു നേടിയത്. 152 കോടി നേടിയ പുലിമുരുകനേയും കടത്തിവെട്ടാനുള്ള തയ്യാറെടുപ്പിലാണ് മാളികപ്പുറമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മലയാള സിനിമയില്‍ കോടി ക്ലബ്ബുളില്‍ ഇടം നേടിയ ലൂസിഫര്‍, പുലിമുരുകന്‍, ഭീഷ്മപര്‍വ്വം,കുറുപ്പ് ചിത്രങ്ങളുടെ ഇടയില്‍ മാളികപ്പുറവും. ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള പുലിമുരുകനെ കടത്തിവെട്ടുമോ എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍.

അഭിലാഷ് പിള്ള തിരക്കഥയെഴുതിയ ചിത്രത്തിന് തമിഴ്, കന്നഡ, തെലുങ്ക് മൊഴിമാറ്റ പതിപ്പുകള്‍ക്കും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേര്‍ത്ത് സ്‌നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയും കടപ്പാടും. അയ്യപ്പാ..മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു’ എന്നാണ് 100 കോടി ക്ലബ്ബിലെത്തിയ സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയായിരുന്നു ചിത്രം പറഞ്ഞത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.