ഒടുവിൽ… ഞാൻ പ്രതീക്ഷിക്കാത്ത ഒരു സമയത്ത് ഇതാ എത്തിയിരിക്കുന്നു! മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച സന്തോഷത്തിൽ രേവതി

‘കാറ്റത്തെ കിളിക്കൂട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് രേവതി. ഇപ്പോഴിതാ മികച്ച നടിക്കുള്ള 52 – മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് താരം. ‘ഭൂതകാലം’ എന്ന സിനിമയാണ് രേവതിക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിക്കൊടുത്തത്. ആശ എന്ന കഥാപാത്രത്തെയാണ് രേവതി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഷൈൻ നിഗത്തെയും രേവതിയെയും കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭൂതകാലം. ഒ. ടി. ടി. റിലീസായെത്തിയ ചിത്രത്തിലെ ഇരുവരുടെയും പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതൊരു ഹൊറർ ചിത്രമാണ്. ഷൈൻ നിഗം സംഗീത സംവിധായകനായും നിർമ്മാതാവായും അരങ്ങേറ്റം കുറിച്ച് ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഇപ്പോഴിതാ രേവതിയുടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കുറിപ്പാണ് സോഷ്യൽ മീഡിയകളിൽ തരംഗമായി കൊണ്ടിരിക്കുന്നത്.

52 – മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പുരസ്കാര സമർപ്പണം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പുരസ്കാരങ്ങൾ വിതരണം ചെയ്തത്. മികച്ച നടനുള്ള അവാർഡ് ബിജുമേനോനും ജോജു ജോർജും സ്വീകരിച്ചു. 39 വർഷങ്ങൾക്ക് ശേഷം ഒരു സംസ്ഥാന പുരസ്കാരം ലഭിച്ചതിന്റെ സന്തോഷമാണ് രേവതി പങ്കുവെച്ചിരിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാതിരുന്ന സമയത്താണ് ഭൂതകാലം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള അവാർഡ് രേവതിക്ക് ലഭിക്കുന്നത് എന്ന് കുറിപ്പിൽ പറയുന്നു. “കേരള സംസ്ഥാന അവാർഡ്… 39 വർഷങ്ങൾക്ക് ശേഷം! എന്റെ സുഹൃത്തുക്കളുടെ കൈകളിലും അവരുടെ വീടുകളിലും ഞാൻ ഇത് പലതവണ കണ്ടിട്ടുണ്ട്… ചിലപ്പോഴെങ്കിലും ഇത് എനിക്ക് എത്തിപ്പിടിക്കാനാവില്ല എന്ന് തോന്നി…

ഒടുവിൽ… ഞാൻ പ്രതീക്ഷിക്കാത്ത ഒരു സമയത്ത് ഇതാ എത്തിയിരിക്കുന്നു! ഭൂതകാലത്തിന്റെ സംവിധായകൻ രാഹുൽ സദാശിവൻ, ആ ആവേശത്തിൽ ഞാൻ നിങ്ങളുടെ പേര് സ്റ്റേജിൽ പരാമർശിച്ചില്ല. പക്ഷേ ഒടുവിൽ ഈ കേരളസംസ്ഥാന പുരസ്കാരം എനിക്ക് ലഭിച്ചതിന് പ്രധാന പങ്കുവഹിച്ച നിങ്ങൾ എന്റെ മനസ്സിൽ എന്നും ഓർമിക്കപ്പെടുമെന്ന് നിങ്ങൾക്കറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” രേവതി കുറിക്കുന്നു. നിത്യ മേനോൻ, ചിന്നു ചാന്ദിനി, സംവിധായകരായ അഞ്ജലി മേനോൻ, സത്യജിത് ധൂപേ തുടങ്ങി നിരവധി താരങ്ങളാണ് ആശംസകൾ നേർന്നുകൊണ്ട് രേവതിയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. രേവതിയുടേതായ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ‘മേജർ’ ആണ്. മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് മേജർ.

 

 

 

Related Posts