ആരാണ് ത്സോ? “മട്ടാഞ്ചേരി ഭാഷ പഠിക്കാന്‍ ഹോട്ടലില്‍ ജോലി ചെയ്തു, ആര്‍ക്കുന്ന തിരകളോട് പ്രസംഗം പറഞ്ഞു പഠിച്ചു”: തുറമുഖത്തിലെ സഖാവ് ഗംഗാധരന്‍ പിറന്നത് ഇങ്ങനെ
1 min read

ആരാണ് ത്സോ? “മട്ടാഞ്ചേരി ഭാഷ പഠിക്കാന്‍ ഹോട്ടലില്‍ ജോലി ചെയ്തു, ആര്‍ക്കുന്ന തിരകളോട് പ്രസംഗം പറഞ്ഞു പഠിച്ചു”: തുറമുഖത്തിലെ സഖാവ് ഗംഗാധരന്‍ പിറന്നത് ഇങ്ങനെ

പേരില്‍ തുടങ്ങി വ്യത്യസ്തനാണ് രാജീവ് രവി ചിത്രം തുറമുഖത്തിലെ തീപ്പൊരി നായകന്‍ സഖാവ് ഗംഗധാരനെ മികവോടെ അവതരിപ്പിച്ച ത്സോ. പുതുമയുള്ള തന്റെ പേരിനെ പറ്റി താരം വിവരിക്കുന്നു: “ത്സോ എന്നത് ഞാന്‍ നടന്‍ എന്ന നിലയില്‍ സ്വയം സ്വീകരിച്ച പേരാണ്. നദി എന്നതിന്നെ കുറിക്കുന്ന ടിബറ്റന്‍ പദമാണ് ത്സോ. കായലും നദികളും നിറഞ്ഞ ആലപ്പുഴ അരൂര്‍കാരനായ എന്നെ അടയാളപ്പെടുത്താന്‍ അത് നല്ലതാണെന്നു തോന്നി. മാത്രമല്ല ജാതി, മതം, ലിംഗം, ഭാഷ, വര്‍ഗം എന്നിങ്ങനെ ഒന്നും ഈ പേരില്‍ നിന്നും ഊഹിച്ചെടുക്കാന്‍ പറ്റില്ല”. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ ത്സോ ആദ്യം അവതരിപ്പിക്കുന്ന മുഴുനീള വേഷം തുറമുഖത്തിലേതാണെങ്കിലും മുന്‍പുതന്നെ കമാരസംഭവം, മിഖായേല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.

1953 സെപ്റ്റംബര്‍ 15 മട്ടാഞ്ചേരിക്ക് മറക്കാവുന്ന ഒരു ദിനമല്ല. ചൂഷണപരമായ ചാപ്പ സംവിധാനത്തിന് എതിരെ സമരം നയിച്ച മട്ടാഞ്ചേരിയിലെ ചുമട്ടുതൊഴിലാളികള്‍ക്ക് നേരെ പൊലീസ് നിറയൊഴിക്കുകയും രണ്ടു സമരനേതാക്കള്‍ കൊല്ലപ്പെടുകയും ചെയ്ത, കേരളത്തിന്റെ തൊഴിലാളി സംഘടനാ ചരിത്രത്തിലെ സുപ്രധാനമായ ഒരേടാണ്. തുറമുഖ തൊഴിലാളികളുടെ ഈ പോരാട്ട ചരിത്രമാണ്‌ രാജീവ് രവിയുടെ ‘തുറമുഖം’.  തുറമുഖത്തടുക്കുന്ന കപ്പലില്‍ നിന്നും ചരക്കിറക്കാന്‍ കൂടുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് ചാപ്പയെന്നു പേരായ ചെമ്പ് നാണയങ്ങള്‍ ഏറിയും. ഉന്തിയും തള്ളിയും നാണയം സ്വന്തമാക്കുന്ന കുറച്ചുപേര്‍ക്ക്‌  മാത്രം അന്ന് പണിയും പണവും കിട്ടും. ഇത് നീതികേടാണെന്നും സ്ഥിരം തൊഴില്‍ ഉറപ്പുവരുത്തണം എന്നും ആവശ്യപ്പെട്ടാണ് തുറമുഖ തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്.

തൊഴിലാളികളെ ധീരമായി നയിച്ച സഖാവ് ഗംഗാധരനായാണ്‌ സിനിമയില്‍ ത്സോ എത്തുന്നത്; കഥാപാത്രത്തിന് വേണ്ടി അസാധാരണമായ തയ്യാറെടുപ്പുകള്‍ പലതും ത്സോ നടത്തി. മട്ടാഞ്ചേരി ഭാഷ വഴക്കത്തോടെ കയ്യിലെത്താന്‍ മട്ടാഞ്ചേരിയിലെ ഒരു ഹോട്ടലില്‍ സപ്ലയര്‍ ആയി ജോലി ചെയ്തു. “ബംഗ്ലൂരിലും, പുനെയിലും പഠിച്ചയിടങ്ങളില്‍ സമരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ പോലും ഞാന്‍ മുദ്രവക്യമൊന്നും വിളിച്ചിട്ടില്ല. ക്രൂ അംഗങ്ങളില്‍ ഒരാളായ രോഹന്‍ ആണ് കടല്‍ തീരത്ത് പോയി ഉച്ചത്തില്‍ ഡയലോഗ് പറഞ്ഞു പഠിക്കാന്‍ നിര്‍ദേശം തരുന്നത്. തിരമാലകളുടെ ശബ്ദത്തിനു എതിരെ ഉച്ചത്തില്‍ പറഞ്ഞു ശീലിച്ചത് മുദ്രവാക്യം വിളിക്കുന്നതില്‍ നന്നേ സഹായച്ചു.”

News summary: Actor Tso on playing Comrade Gangadharan in Rajiv Ravi’s Thuramukham