Latest News

വിജയ് ബാബുവിനെ ആദ്യം പിന്തുണച്ചും പിന്നീട് അതിൽ ഖേദം പ്രകടിപ്പിച്ചും നടൻ സുമേഷ് മൂർ

താൻ അവളോടൊപ്പം അല്ല അവനോടൊപ്പം ആണെന്ന നിലപാട് തിരുത്തി നടൻ സുമേഷ് മൂർ.
ആണ്‍കാഴ്ച്ചപ്പാടില്‍ നിന്നുമുണ്ടായ പരാമര്‍ശമാണതെന്നും ആ നിലപാട് തിരുത്തപ്പെടേണ്ടതാണെന്നും മൂര്‍ പറഞ്ഞു. ഇതോടെ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയെ അധിക്ഷേപിച്ച പരാമര്‍ശം പിന്‍വലിച്ചിരിക്കുകയാണ് നടന്‍. വളരെ മോശം സ്റ്റേറ്റ്‌മെന്റായി പോയി അതെന്നും അത് തീർത്തും ആണ്‍കാഴ്ചപ്പാടിലുള്ള നിലപാടുമാണ് അതെന്നും മൂർ ആവർത്തിച്ചു. എന്നാൽ അതിനെ പിന്തുണയ്ക്കുന്ന ആള്‍ക്കാരുണ്ട്. അതും തിരിച്ചറിയപ്പെടേണ്ടതുണ്ടെന്ന് മൂർ ചൂണ്ടിക്കാട്ടി. അവനൊപ്പം എന്ന് പറയുമ്പോള്‍ സ്വന്തം വീട്ടിലേക്ക് കൂടി നോക്കേണ്ടതുണ്ടെന്നും അമ്മമാര്‍ എത്ര ഗാര്‍ഹിക പീഡനം അനുഭവിച്ചിട്ടാണ് ജീവിക്കുന്നതെന്നും ഞാന്‍ ആണായത് കൊണ്ട് ഉണ്ടായ ചിന്തയാണത് എന്നും സുമേഷ് മൂർ അഭിപ്രായപ്പെട്ടു.

ഞാന്‍ അവനൊപ്പമാണെന്നും അവള്‍ക്കൊപ്പം എന്നത് ട്രെന്‍ഡായെന്നും. അവനൊപ്പവും ആള്‍ക്കാര് വേണ്ടേ എന്നുമൊക്കെ കഴിഞ്ഞദിവസം മൂർ ചോദിച്ചിരുന്നു. ഇതിന്റെ പേരില്‍ വിമര്‍ശനം ഉണ്ടായിക്കോട്ടെയെന്നും തനിക്കെതിരെ മീ ടുവോ റേപ്പോ എന്ത് വന്നാലും ഞാന്‍ സഹിക്കുമെന്നും മൂർ പറഞ്ഞിരുന്നു. ആണുങ്ങള്‍ എന്തെങ്കിലും പറഞ്ഞാൽ അപ്പോള്‍ അത് റേപ്പായി, മീ ടുവായി പ്രശ്‌നങ്ങളായിയെന്നും സാമാന്യ ലോജിക്കില്‍ ചിന്തിച്ചാല്‍ മനസിലാവില്ലേ എന്നും കഴിഞ്ഞദിവസം മോർ ചോദിച്ചു. ഒരു വട്ടം പീഡിപ്പിക്കപ്പെട്ടാല്‍ അപ്പോള്‍ തന്നെ പ്രശ്‌നമാക്കണ്ടേയെന്നും എന്തിനാണ് നിരന്തരമായി പീഡിപ്പിക്കുപ്പെടാന്‍ പോയിക്കൊണ്ടിരിക്കുന്നത് എന്നും മൂര്‍ ചോദിച്ചു. മൂറിന്റെ ഇത്തരത്തിലുള്ള പരാമർശങ്ങളാണ്  പിന്നീട് വിവാദങ്ങൾക്ക് വഴിത്തിരിവായത്.

നടന്റെ അഭിപ്രായത്തോട്  യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്ന ഒരുപാട് ആൾക്കാർ രംഗത്ത് വന്നിരുന്നു. പ്രതിഷേധം കടുത്തതോടെയാണ് മൂർ തന്റെ അഭിപ്രായം മാറ്റിയത്. അത് അപ്പോഴത്തെ ആവേശത്തില്‍ പറഞ്ഞുപോയതായിരിക്കാമെന്നും  ആ നിലപാടിനോട് കടുത്ത എതിര്‍പ്പുണ്ടതാണ് അതിനാൽ അത് തിരുത്തപ്പെടേണ്ടതാണെന്നും മൂർ പിന്നീട് പറഞ്ഞു. എല്ലാവരും അത് തിരുത്തണമെന്ന് ആഗ്രഹവുമുണ്ട് എന്നും മൂര്‍ കൂട്ടിച്ചേർത്തു. ഇത്തവണത്തെ മികച്ച സ്വഭാവനടനായി തെരഞ്ഞെടുക്കപ്പെട്ടത് മൂറാണ്. കളയിലെ പ്രകടനമാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഹോം സിനിമ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്നും തഴഞ്ഞതിനെതിരെയുള്ള വിവാദങ്ങളെ ചുറ്റിപ്പറ്റിയാണ് മൂറും തന്റെ അഭിപ്രായപ്രകടനം നടത്തിയത്. ഈ അവാര്‍ഡ് ഹോമില്‍ അഭിനയിച്ചവർക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുകയാണെന്നും കൂടെ ഇന്ദ്രന്‍സേട്ടനെ സ്മരിക്കുന്നുവെന്നും മൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഹോം സിനിമയെ തഴഞ്ഞ തീരുമാനത്തിനെതിരെ ഇന്ദ്രന്‍സും, മഞ്ജു പിള്ളയും സംവിധായകന്‍ റോജിന്‍ തോമസുമുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ജൂറി ഹോം കണ്ടിട്ടില്ലയെന്നും വിജയ് ബാബു ഒരു കേസില്‍ പ്രതിയായതുകൊണ്ട് സിനിമയെ മുഴുവന്‍ ഒഴിവാക്കണമായിരുന്നോ എന്നും ഇന്ദ്രന്‍സ് പ്രതികരിച്ചു. എന്നാൽ ഇന്ദ്രൻസിന്റെ ഈ വാദം തെറ്റാണെന്ന് പറഞ്ഞ് ജൂറി ചെയർമാനും രംഗത്തെത്തിയിരുന്നു. ഹോം വിഷയത്തിൽ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ അടക്കം പ്രതിഷേധം ഉന്നയിക്കുന്നത്. സിനിമാ രാഷ്ട്രീയ മേഖലയിലുള്ളവരിൽ പലരും സംഭവത്തിൽ തങ്ങളുടെ അഭിപ്രായം പറഞ്ഞു മുന്നോട്ടു വന്നിട്ടുണ്ട്. ഹോമുമായി ബന്ധപ്പെട്ട ചോദ്യത്തിന് തന്നെയും ഇതുവരെ പരിഗണിച്ചിട്ടില്ല എന്നാണ് സുരേഷ് ഗോപിയും പറഞ്ഞത്. ഇതും ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു.