ഭരതന്‍ സംവിധാനം ചെയ്ത താഴ്‌വാരത്തിലെ എല്ലാവരേയും ഞെട്ടിച്ച വില്ലന്‍ ഇനി ഓര്‍മ ; നടന്‍ സലിം അഹമ്മദ് ഘൗസ് അന്തരിച്ചു
1 min read

ഭരതന്‍ സംവിധാനം ചെയ്ത താഴ്‌വാരത്തിലെ എല്ലാവരേയും ഞെട്ടിച്ച വില്ലന്‍ ഇനി ഓര്‍മ ; നടന്‍ സലിം അഹമ്മദ് ഘൗസ് അന്തരിച്ചു

സിനിമാ, നാടക നടനും നാടക സംവിധായകനുമായ സലിം അഹമ്മദ് ഘൗസ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതോളം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. എടിയുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ താഴ്വാരം എന്ന സിനിമയില്‍ പ്രതിനായക വേഷം ചെയ്ത അതുല്യനായ നടനാണ് സലിം.

1952 ചെന്നൈയില്‍ ആണ് സലിം അഹമ്മദ് ഘൗസ് ജനിച്ചത്. ചെന്നൈയില്‍ ജനിച്ച സലിം ക്രൈസ്റ്റ് സ്‌കൂളിലും പ്രസിഡന്‍സ് കോളേജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദവും സ്വന്തമാക്കി. 1978ല്‍ പുറത്തെത്തിയ സ്വര്‍ഗ് നരഗ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

1987 ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ‘സുഭഹ്’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സലിം ഘൗസ് ശ്രദ്ധേയനാകുന്നത്. പിന്നീട് ‘ഭാരത് ഏക് ഘോജ്’ എന്ന പരമ്പരയില്‍ ടിപ്പു സുല്‍ത്താന്‍ ആയി സലിം ഘൗസ് എത്തിയതും ജനശ്രദ്ധനേടിയിരുന്നു. സിനിമകളിലൂടെ അല്ലാതെ അദ്ദേഹം ജനപ്രീതി കൂടുതല്‍ നേടിയത് പരമ്പരകളിലൂടെയായിരുന്നു. തുടര്‍ന്ന് ദ്രോഹി, കൊയ്ലാ, സോള്‍ജ്യര്‍, അക്സ്, ഇന്ത്യന്‍, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത വെട്രിവിഴ എന്ന ചിത്രത്തിലെ കമലഹാസന്റെ വില്ലനായും അദ്ദേഹം അഭിനയിച്ചു. ചിന്ന ഗൗണ്ടര്‍, തിരുടാ തിരുടാ എന്നിവയാണ് സലിം വേഷമിട്ട തമിഴ് ചിത്രങ്ങള്‍. പിന്നീട് മലയാളത്തില്‍ ഉടയോന്‍ എന്ന സിനിമയിലും ശ്ക്തമായ പ്രകടനം കാഴ്ചവെച്ചു. 1997ല്‍ കൊയ്ല എന്ന ഹിന്ദി സിനിമയില്‍ ഷാരൂക്ക് ഖാനോടൊപ്പം അഭിനയിച്ചു. ഹോളിവുഡ് ചിത്രം ദ് ലയണ്‍ കിംഗില്‍ സ്‌കാര്‍ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയും അദ്ദേഹം ഏറെ കയ്യടി നേടിയിരുന്നു. അദ്ദേഹത്തിന്‍ ഭാര്യ അനിത ഘൗസ് ആണ്. മുംബൈയിലായിരുന്നു താമസം.