‘ശബരിമലയെപറ്റി എത്ര പറഞ്ഞാലും തീരില്ല, ശരീരമാണ് ക്ഷേത്രം’; ബുക്ക് ലോഞ്ചിങ് ചടങ്ങിൽ വാചാലനായി മോഹൻലാൽ!
1 min read

‘ശബരിമലയെപറ്റി എത്ര പറഞ്ഞാലും തീരില്ല, ശരീരമാണ് ക്ഷേത്രം’; ബുക്ക് ലോഞ്ചിങ് ചടങ്ങിൽ വാചാലനായി മോഹൻലാൽ!

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ശബരിമല. എല്ലാവർഷവും ശബരിമല കയറി അയ്യപ്പദർശനം നടത്താൻ എത്തുന്നത് പതിനായിരങ്ങളാണ്. കഴിഞ്ഞ ദിവസം ശബരിമലയെ കുറിച്ച് വിശദീകരിച്ച പഠനമുൾക്കൊണ്ട മണിമണ്ഡപം തങ്കധ്വജം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ശബരിമലയെപറ്റി എത്ര പറഞ്ഞാലും തീരില്ലെന്നും അതേ കുറിച്ച് വിശദമായി വിവരിക്കാനുള്ള യോ​ഗ്യത തനിക്കില്ലെന്നും ശരീരമാണ് ക്ഷേത്ര‌മെന്നും മോഹൻലാൽ വ്യക്തമാക്കി. മോഹൻലാലായിരുന്നു ചടങ്ങിന്റെ വിശിഷ്ടാതിഥി.

mohanlal

സിനിമാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞാണ് താരം പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തത്. അടുത്തിടെയാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം പൂർത്തിയായത്. ഒരു വർഷത്തോളമായി ബറോസിന് പിന്നാലെയായിരുന്നു മോഹൻലാൽ. നാൽപ്പത് വർഷത്തെ സിനിമാ പരിചയം വെച്ച് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാൻ പോവുകയാണെന്ന് മോഹൻലാൽ 2019 ഏപ്രിലിലാണ് പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്നത് മുതൽ പ്രേക്ഷകർ ത്രില്ലിലായിരുന്നു. ഒട്ടനവധി മനോഹര കഥാപാത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുള്ള മഹാനടൻ സിനിമ സംവിധാനം ചെയ്യാനിറങ്ങുമ്പോൾ അതൊരു വിസ്മയമായിരിക്കും തിയേറ്ററിൽ സൃഷ്ടിക്കുകയെന്ന് പ്രേക്ഷകർക്ക് ഉറപ്പുണ്ട്.

mohanlal

ടൈറ്റിൽ റോളിൽ മോഹൻലാൽ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ബറോസിനെ കുറിച്ചുള്ള ഓരോ അപേഡറ്റുകൾ പുറത്ത് വന്നപ്പോഴും ടീസർ പുറത്ത് വന്നപ്പോഴും വൻ സ്വീകാര്യത ലഭിച്ചിരുന്നു. 2021 മാർച്ചിലാണ് സിനിമയുടെ ഓഫീഷ്യൽ ലോഞ്ചിങ് താരനിബിഢമായി നടന്നത്. കുറച്ച് ദിവസം മുമ്പായിരുന്നു സിനിമയുടെ പാക്കപ്പ് നടന്നത്. മോഹൻലാലിന്റെ മകൻ പ്രണവും സിനിമയുടെ ഭാ​ഗമായിട്ടുണ്ട്. പാക്കപ്പിന് ശേഷം പകർത്തിയ ടീം ബറോസിന്റെ ​ഗ്രൂപ്പ് ഫോട്ടോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

mohanlal

രാജ്യത്തെ തന്നെ ആദ്യത്തെ ത്രീഡി ചിത്രമായി കണക്കാക്കപ്പെടുന്ന മൈ ഡിയർ കുട്ടിച്ചാത്തന്റെ സംവിധായകൻ ജിജോയാണ് ബറോസിന് കഥ എഴുതിയിരിക്കുന്നത്. മോഹൻലാലിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിർമിച്ചിരിക്കുന്നത്. ത്രീഡി ചിത്രമായിട്ടാണ് ബറോസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. നാനൂറ് വർഷം പഴക്കമുള്ള ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് സിനിമ പറയുന്നത്. സ്‍പാനിഷ് താരങ്ങളായ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നിവരും ബറോസിന്റെ ഭാ​ഗമായിട്ടുണ്ട്.