മമ്മൂട്ടിയും കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് കുഞ്ചൻ
1 min read

മമ്മൂട്ടിയും കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് കുഞ്ചൻ

ഹാസ്യ വേഷങ്ങളിലൂടെ മലയാള പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരമാണ് കുഞ്ചൻ. 650 ഓളം സിനിമകളാണ് മലയാളത്തിൽ ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ‘മനൈവി’ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു കുഞ്ചൻ അഭിനയരംഗത്തിലെത്തിയതെങ്കിലും ആ ചിത്രം റിലീസ് ആയില്ല. ‘റെസ്റ്റ് ഹൗസ്’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ റിലീസായ ആദ്യ സിനിമ. മിനിട്ടുകൾ മാത്രം ദൈർഘ്യമുള്ള കഥാപാത്രമാണെങ്കിലും ഇന്നും കുഞ്ചൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങൾ മലയാള മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് ‘ഏയ് ഓട്ടോ’, ‘കോട്ടയം കുഞ്ഞച്ചൻ’ എന്നീ സിനിമകളിലേത്. കോട്ടയം കുഞ്ഞച്ചനിലെ പരിഷ്ക്കാരിയായ യുവാവിനെ ആരും മറക്കില്ല. ഇപ്പോഴിതാ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയെക്കുറിച്ചു സംസാരിക്കുകയാണ് കുഞ്ചൻ. മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള അടുപ്പത്തെക്കുറിച്ചുമാണ് കുഞ്ചൻ പറയുന്നത്.

മമ്മൂട്ടിയുടെ അയൽക്കാരനാണ് കുഞ്ചൻ. അതിനാൽ തന്നെ മമ്മൂട്ടിയുമായി വളരെ നല്ല ബന്ധമാണ് അദ്ദേഹത്തിനുള്ളത്. മമ്മൂട്ടിയുടെ മക്കളായ ദുൽഖർ സൽമാനെയും സുറുമിയെയും കുഞ്ചന് കുട്ടിക്കാലം മുതലേ അറിയാം. ഇവർ രണ്ടുപേരും നല്ല പിള്ളേരാണെന്നും വളരെ സ്നേഹത്തോടെയാണ് പെരുമാറാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതിനു കാരണം വളർത്തു ഗുണമാണെന്നും കുഞ്ചൻ പറയുന്നു. അദ്ദേഹത്തിന് സുഖമില്ലെന്ന് അറിഞ്ഞാൽ മമ്മൂട്ടി അപ്പോൾ തന്നെ വരും. അതുപോലെതന്നെ മമ്മൂട്ടിയുടെ വീട്ടിൽ നടക്കുന്ന എല്ലാ ഫംഗ്ഷനും അദ്ദേഹത്തെയും കുടുംബത്തെയും ക്ഷണിക്കാറുമുണ്ടെന്നും കുഞ്ചൻ പറയുന്നു. ദുൽഖർ സൽമാനുമായി ഒരുപിടി നല്ല ചിത്രങ്ങളിൽ കുഞ്ചൻ അഭിനയിച്ചിട്ടുണ്ട്. ദുൽഖറിന്റെ ആദ്യ സിനിമയായ ‘സെക്കൻഡ് ഷോ’, ‘ഉസ്താദ് ഹോട്ടൽ’, ‘സലാല മൊബൈൽസ്’ തുടങ്ങിയ ചിത്രങ്ങളിലാണ് കുഞ്ചൻ അഭിനയിച്ചിട്ടുള്ളത്.

കോട്ടയം കുഞ്ഞച്ചനിലെ കഥാപാത്രത്തെക്കുറിച്ചും അഭിമുഖത്തിൽ കുഞ്ചൻ വ്യക്തമാക്കുന്നുണ്ട്. ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന സിനിമയിലെ കുഞ്ചൻ അഭിനയിച്ച കഥാപാത്രം യഥാർത്ഥത്തിൽ ശ്രീനിവാസൻ ചെയ്യാനിരുന്നതായിരുന്നു. ശ്രീനിവാസന്റെ തിരക്കുകൾ കാരണമാണ് ഈ കഥാപാത്രം അദ്ദേഹത്തിലേക്ക് എത്തിയത്. ‘ശ്രീനിവാസൻ എന്നോട് പറഞ്ഞു അദ്ദേഹത്തിന് പോകാൻ പറ്റില്ലെന്ന്. അങ്ങനെയാണ് ഞാൻ പോയത്. അപ്പോൾ ഏയ്‌ ഓട്ടോയുടെ വർക്ക് നടന്നുകൊണ്ടിരിക്കുകയായിരുന്നു’, കുഞ്ചൻ കൂട്ടിച്ചേർക്കുന്നു. ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിൽ തന്റെ അഭിനയ മികവ് തെളിയിച്ച വ്യക്തിയാണ് കുഞ്ചൻ. സിനിമ രംഗത്ത് ഇപ്പോൾ സജീവമല്ലെങ്കിൽ പോലും മലയാള സിനിമയ്ക്ക് മറക്കാൻ കഴിയാത്ത ഒട്ടനവധി കഥാപാത്രങ്ങൾ കുഞ്ചൻ ചെയ്തിട്ടുണ്ട്.