കുറവുകളെ ഭാഗ്യമായി കണ്ടതാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയം; സംസ്ഥാന പുരസ്കാരം ലഭിച്ചതിനെ കുറിച്ച് നടൻ ജോബി പറയുന്നു
1 min read

കുറവുകളെ ഭാഗ്യമായി കണ്ടതാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയം; സംസ്ഥാന പുരസ്കാരം ലഭിച്ചതിനെ കുറിച്ച് നടൻ ജോബി പറയുന്നു

മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ജോബി. ശാരീരികമായ കുറവുകളെ കാര്യമാക്കാതെ ജീവിതത്തിൽ വിജയത്തിൻ്റെ പടികൾ ചവിട്ടിക്കയറിയ താരം. പലരും കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തപ്പോഴും ജോബി തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല. തൻ്റെ സ്വപ്നങ്ങൾക്ക് താരം നിരന്തരം ചിറകു നൽകി. ഒടുവിൽ കേരളക്കര ഒന്നാകെ അറിയുന്ന താരമാവുകയും മികച്ച നടനുള്ള സംസ്ഥാന അവാർഡ് വരെ സ്വന്തമാക്കുകയും ചെയ്തു.

ഉയരക്കുറവ് ഒരു ഭാഗ്യമായി കരുതുന്നെന്നും, അതുകൊണ്ടാണ് തനിക്ക് ജീവിത വിജയം കൈവരിക്കാൻ കഴിഞ്ഞതെന്നും താരം തന്നെ തുറന്നു പറയുന്നു. ആൾക്കൂട്ടത്തിൽ എപ്പോഴും വ്യത്യസ്തനായിരിക്കുമ്പോഴാണ് വ്യത്യസ്തമായ കഥാപാത്രങ്ങൾ തന്നെ തേടിയെത്തുന്നതെന്ന് താരം വിശ്വസിച്ചിരുന്നു. അതുപോലെ തന്നെ ഒരു മടിയുമില്ലാതെ മറ്റുള്ളവരോട് സംസാരിക്കുന്ന പ്രകൃതമാണ് താരത്തിന് നിരവധി കഥാപാത്രങ്ങളെ നേടിക്കൊടുത്തത്. മിമിക്രി വേദികളിൽ നിന്നാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്.

ചെറുപ്പകാലം മുതലേ മറ്റു പലരുടേയും ശബ്ദം അനുകരിക്കാൻ ജോബി ശ്രമിക്കുമായിരുന്നു. അതിൽ താരത്തിന് ഏറ്റവും പ്രിയപ്പെട്ടത് ലുട്ടാപ്പിയുടെ ശബ്ദമായിരുന്നു. കുട്ടികൾ ഇപ്പോഴും കൗതുകത്തോടെ നോക്കിക്കാണുന്ന ശബ്ദമാണത്. മാത്രമല്ല മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തനിലെ ഒരു കുട്ടിക്കും ജോബി ശബ്ദം നൽകിയിരുന്നു. തുടർന്ന് പല സിനിമകളിലെയും അഭിനയത്തിനു ശേഷമാണ് മണ്ണാങ്കട്ടയും കരിയിലയും എന്ന സിനിമ താരത്തെ തേടിയെത്തിയത്.

ആ സിനിമയിൽ ജോബി അഭിനയിക്കുന്നതിനോട് പലർക്കും വിയോജിപ്പായിരുന്നു. ഒരുപാട് പ്രതിസന്ധികൾക്കൊടുവിലാണ് ആ കഥാപാത്രം ജോബിയെ തേടിയെത്തിയത്. എന്നാൽ മറ്റുള്ളവർക്ക് മുൻപിൽ തൻ്റെ കഴിവ് തെളിയിക്കാനുള്ള ഒരു അവസരമായി ജോബി അതിനെ കണ്ടു. ആ സിനിമ ജോബിയുടെ അഭിനയ ജീവിതത്തിൽ വലിയൊരു നാഴികക്കല്ലായി മാറുകയും അതിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരവും താരം നേടുകയും ചെയ്തു.

ഇപ്പോൾ കെഎസ്എഫ്ഇയുടെ ഉള്ളൂർ ബ്രാഞ്ച് മാനേജരായി ജോലി ചെയ്യുകയാണ് ജോബി. മാത്രമല്ല പല സംഘടനകളുടെയും പ്രഥമസ്ഥാനത്ത് പ്രവർത്തിക്കുന്നുമുണ്ട്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. ഭാര്യ സൂസൻ, മക്കൾ സിദ്ധാർത്ഥും ശ്രേയസും. മൂത്തമകൻ ഡിഗ്രി പഠനം പൂർത്തിയായി. ഇളയ മകന് ഓട്ടിസമാണ്. സംസാരിക്കാനോ സ്വന്തം കാര്യങ്ങൾ ചെയ്യാനോ മകന് കഴിയില്ല. ഇപ്പോൾ മകൻ ഒക്കെയായി വരുന്നു എന്നാണ് താരം പറയുന്നത്.