എസ്‌ഐ ബിജു പൗലോസ് വീണ്ടുമെത്തുന്നു; ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു
1 min read

എസ്‌ഐ ബിജു പൗലോസ് വീണ്ടുമെത്തുന്നു; ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു

നിവിന്‍ പോളി നായകനായി എത്തിയ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. 2016ല്‍ എബ്രിഡ് ഷൈന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. പോലീസ് സ്‌റ്റേഷനെ ഒറിജിനല്‍ ആയി അവതരിപ്പിച്ച ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത പുറത്തു വന്നതോടെ ഏറെ സന്തോഷത്തിലാണ് ആരാധകര്‍. നിവിന്‍ പോളിയുടെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തില്‍ എസ്‌ഐ ബിജു പൗലോസ് എന്ന കഥാപാത്രത്തെയാണ് നിവിന്‍ പ്‌ളി അവതരിപ്പിച്ചത്. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയം നേടിയിരുന്നു.

നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തിലെ പാട്ടുകള്‍ക്കും, കോമഡി സീനുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. നിവിന്‍ പോളി തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും നിര്‍മ്മിക്കുക. ആക്ഷന്‍ ഹീറോ ബിജുവിന്റെ ആദ്യ ഭാഗത്തില്‍ അനു ഇമ്മാനുവല്‍ ആയിരുന്നു നായിക. സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്, കലാഭവന്‍ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥന്‍, വിന്ദുജ മേനോന്‍ എന്നിരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം, എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മഹാവീര്യര്‍. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ആക്ഷകന്‍ ഹീറോ ബിജുവിന്റെ രണ്ടാംഭാഗം വരുന്ന കാര്യം വ്യക്തമാക്കിയത്. ജൂലൈ 21നാണ് മഹാവീര്യര്‍ റിലീസ് ചെയ്യുന്നത്. ആസിഫ് അലിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് നിവിന്‍ പോളിയും ആസിഫ് അലിയും എത്തുന്നത്. ലാല്‍, ലാലു അലക്സ്, സിദ്ദിഖ്, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, കൃഷ്ണ പ്രസാദ്, സൂരജ് എസ്. കുറുപ്പ്, സുധീര്‍ കരമന, പദ്മരാജ് രതീഷ്, സുധീര്‍ പറവൂര്‍, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു, പ്രജോദ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോളി ജൂനിയര്‍ പിക്ച്ചേഴ്സും ഇന്ത്യന്‍ മൂവി മേക്കേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അതേസമയം, താരം, ശേഖരവര്‍മ്മ രാജാവ്, ഡിയര്‍ സ്റ്റുഡന്റ്‌സ് എന്നിവയാണ് പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ ഇനി പുറത്ത് വരാനിരിക്കുന്ന സിനിമകള്‍.